ഉത്തം ദേസര്‍ എന്നത് ബിക്കാനിര്‍ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു. അവിടെ വലിയൊരു കുളമുണ്ടായിരുന്നു. ദബ്‌ല തലാബ്. ഇന്ദിരാഗാന്ധി കനാല്‍ പൂര്‍ത്തിയാകുന്നതുവരെ ഗ്രാമത്തിലെ ഒരേയൊരു ജലസ്രോതസായിരുന്നു അത്. പക്ഷേ അമൂല്യ ഖനിജമായ ജിപ്‌സം കണ്ടെത്തിയത് കുളത്തിന് മരണമണി മുഴക്കി. ഖനിജം തേടി നാട്ടുകാര്‍ തലങ്ങും വിലങ്ങും കുഴിച്ചു. ജിപ്‌സത്തിനായുള്ള ആര്‍ത്തിപ്പിടിച്ച അന്വേഷണത്തില്‍ കുളം നശിച്ചു. ഗ്രാമം നിറയെ കുഴികളും കിടങ്ങുകളും രൂപപ്പെട്ടപ്പോള്‍ കുളത്തിലെ വെള്ളമാകെ മണ്ണില്‍ മറഞ്ഞു. അങ്ങനെ നശിച്ചത് ഏകദേശം 200 ഏക്കര്‍ ഭൂമി.
കുളം വീണ്ടെടുക്കാനും നാട്ടുകാരെ പ്രചോദിപ്പിക്കാനുമായി അന്നൊരാള്‍ മുന്നോട്ടുവന്നു. ബിക്കാനിര്‍ ഗവണ്‍മെന്റ് കോളജിലെ സോഷ്യോളജി പ്രൊഫസര്‍ ശ്യാം സുന്ദര്‍ ജ്യാനി. 2007 മുതല്‍ കുളം ശരിപ്പെടുത്താന്‍ ശ്രമം തുടങ്ങിയതാണദ്ദേഹം. ഒരുപാട് ശ്രമിച്ചു. ഒടുവില്‍ 2021 ല്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ജ്യാനിക്കൊപ്പം ചേര്‍ന്നു. ഗ്രാമത്തിലെ പ്രധാന ജാതിയായ ‘ജാസ്‌നാതി’ക്കാരെ അവര്‍ വിശ്വാസത്തിലെടുത്തു. അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് ഇണങ്ങും വിധം പരിസ്ഥിതിയുടെ പ്രാധാന്യം പറഞ്ഞുകൊടുത്തു. വരണ്ടുണങ്ങിയ ഗ്രാമത്തിലെ വമ്പന്‍ കുളം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്തു.
തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി. കുളത്തിന് പുനര്‍ജനി നല്‍കുക ജീവിതലക്ഷ്യമായി അവര്‍ കണക്കാക്കി. റിസര്‍വോയറിനു ചുറ്റുമുള്ള 200 ഏക്കര്‍ സ്ഥലവും അവര്‍ വേലികെട്ടി. അവിടെ നിറയെ പ്രാദേശിക സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിച്ചു. വിവിധതരം പുല്ലുകള്‍ പാകി കിളിപ്പിച്ചു. ഒരു ഡസനില്‍പരം ചെറുകുളങ്ങളാണ് ചെറുവന്യമൃഗങ്ങള്‍ക്കായി ഗ്രാമീണര്‍ സജ്ജീകരിച്ചത്.
ദബ്‌ല തലാബിലുണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു. ചെറുമഴകളില്‍ മണ്ണ് നനഞ്ഞു. ചെടികള്‍ വളര്‍ന്നു. കാല്‍നൂറ്റാണ്ടായി കാണാതിരുന്ന മൃഗങ്ങള്‍ പോലും റിസര്‍വോയര്‍ തേടിയെത്തി. കുറുക്കനും മുയലും മാനും കാട്ടുപന്നിയുമൊക്കെ ചേര്‍ന്ന് ഗ്രാമത്തിന്റെ ജൈവ വ്യവസ്ഥ അരക്കിട്ടുറപ്പിച്ചു.
കിണറുകളില്‍ വെള്ളം നിറഞ്ഞതോടെ ഗ്രാമത്തിലെ കുടിവെള്ള പ്രശ്‌നം പോയ് മറഞ്ഞു. കാലിവളര്‍ത്തല്‍ വ്യാപകമായി. ഖനനത്തില്‍ ജീവന്‍ നഷ്ടമായ ഊഷര ഭൂമിയില്‍ ഹരിതാഭ പീലി വിടര്‍ത്തി.

ചൈനയിലെ മരങ്ങള്‍
ചൈനാ മഹാരാജ്യത്ത് ആകെ എത്ര മരങ്ങളുണ്ട്? കാക്കത്തൊള്ളായിരം എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ലേസര്‍ വിദ്യ ആണയിട്ടു പറയുന്നു- ചൈനയില്‍ ആകെ 142 ശതകോടി (ബില്യന്‍) മരങ്ങളുണ്ട്. പീക്കിങ് സര്‍വകലാശാലയിലെ ‘കായ്‌ചെങി’ന്റെ നേതൃത്വത്തില്‍ നടന്ന ഈ തലയെണ്ണലിന് സഹായിച്ചത് റിമോട്ട് സെന്‍സിങ് വിദ്യയായ ‘ലിഡര്‍ (ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ്). ലേസര്‍ വിദ്യയ്‌ക്ക് പുറമെ ത്രി-ഡി മാപ്പുകളും, ആളില്ലാ ഏരിയല്‍ വെഹിക്കിളുകളും മെഷീന്‍ ലേണിങ്ങും പ്രത്യേകം തയ്യാറാക്കിയ അല്‍ഗോരിതങ്ങളും സമൃദ്ധമായി ഉപയോഗിച്ചാണ് കായ്‌ചെങ്ങും സംഘവും മരങ്ങളുടെ തലെയണ്ണല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പദ്ധതി 2015 ല്‍ തുടങ്ങി. മുക്കാല്‍ ലക്ഷത്തിലേറെ പ്ലോട്ടുകളില്‍നിന്ന് സംഭരിച്ച 400 ടെറാബൈറ്റ് ഡാറ്റയാണ് ഗവേഷണ സംഘം വിശകലനം ചെയ്തത്.
കാലാവസ്ഥാ മാറ്റത്തിന് കടിഞ്ഞാണിടാനുള്ള കാര്‍ബണ്‍ പത്തായ (സിങ്ക്) മാണ് മരങ്ങള്‍ എന്നതാണ് സുപ്രധാന വസ്തുത. അതിനാല്‍ ഈ തലയെണ്ണല്‍ കാലാവസ്ഥാ പഠനത്തിന് വലിയ മുതല്‍ക്കൂട്ടാവും. വനനാശം കണ്ടെത്താനും വനവത്കരണം ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്താനും സര്‍ക്കാരിനെ സഹായിക്കും. 2030 ഓടെ 70 ശതസഹസ്രം (ബില്യണ്‍) മരങ്ങള്‍ കൂടി നട്ടുവളര്‍ത്താനാണ് ചൈനയുടെ പരിപാടി. തക്‌ലാമകന്‍ മരുഭൂമിക്കു ചുറ്റുമായി 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ചൈന പൂര്‍ത്തിയാക്കിയ ‘ഗ്രീന്‍ ബെല്‍റ്റ്’ ഏറെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏതാണ്ട് 46 വര്‍ഷം കൊണ്ടാണ് ആ ഗ്രീന്‍ബല്‍റ്റ് പൂര്‍ത്തിയാക്കിയത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും എന്നാണല്ലോ പഴമൊഴി. മലമുകളിലെ മഞ്ഞ് ചുമന്നുകൊണ്ടുവന്ന് ആപ്പിള്‍ ചെടികള്‍ക്ക് ജീവജലം നല്‍കുന്ന ‘റോപ’ താഴ്‌വരയിലെ കര്‍ഷകര്‍ ആ പഴഞ്ചൊല്ലിന് പുതിയ അര്‍ത്ഥം നല്‍കി. ഹിമാചല്‍ പ്രദേശിലെ റോപ-കിന്നാവുര്‍ താഴ്‌വരകളിലെ ഗ്രാമീണരുടെ മുഖ്യ വരുമാനമാണ് ആപ്പിള്‍ കൃഷി. പക്ഷേ മഴയുടെ അഭാവത്തില്‍ ചെടികള്‍ ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ കര്‍ഷകര്‍ മറുമാര്‍ഗം കണ്ടെത്തി. മലമുകളിലെത്തി മഞ്ഞ് വാരിക്കൊണ്ടുവന്ന് ചെടികളുടെ ചുവട്ടില്‍ കൂനകൂട്ടി. മണ്ണിന് ഈര്‍പ്പമായി. ചെടികള്‍ക്ക് വെള്ളവും വളവുമായി. ചെടികള്‍ തളിര്‍ത്തു.
മഞ്ഞുരുകിയെത്തുന്ന വെള്ളമായിരുന്നു ആപ്പിള്‍ കര്‍ഷകരുടെ സ്ഥിര പ്രതീക്ഷ. പക്ഷേ മഴയും മഞ്ഞും പറ്റിച്ചു. മഴയാവട്ടെ, സാധാരണ ലഭിക്കുന്നതിനെക്കാള്‍ 91 ശതമാനം കുറവും. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ ചൂടിനെ അഭിമുഖീകരിക്കുകയാണ് ആപ്പിള്‍ കര്‍ഷകര്‍. പക്ഷേ അവരതിനെ മഞ്ഞുവാരി തരണം ചെയ്തു.
ഫില്‍ട്ടര്‍ കാപ്പി

കാപ്പി കുടിക്കുന്നെങ്കില്‍ അത് ഫില്‍ട്ടര്‍ കാപ്പിതന്നെ വേണമെന്നാണ് പുതിയൊരു പഠനം പറയുന്നത്. കാപ്പികുടിയിലെ സുഖത്തിനു മാത്രമല്ല, ആരോഗ്യം ഉറപ്പാക്കുന്നതിനും നല്ലത് ഫില്‍ട്ടര്‍ ചെയ്ത കാപ്പിയാണത്രെ. സാധാരണ ഉണ്ടാക്കുന്ന കാപ്പിയില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കഫിസ്‌റ്റോള്‍, കഷ്‌വിയോള്‍ എന്നിവയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ നല്ല രീതിയില്‍ ഫില്‍ട്ടര്‍ ചെയ്ത കാപ്പിയില്‍ അവയുടെ അംശം തീരെ ഉണ്ടാവില്ലത്രെ. കാപ്പിപ്പൊടിക്ക് കാരണക്കാരനായ കാപ്പിക്കുരുവല്ല പ്രശ്‌നം, മറിച്ച് കാപ്പി ഉണ്ടാക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടതെന്ന് സാരം.
യന്ത്രപ്പൂച്ചകള്‍
ചായക്കടയില്‍ പരിചാരകരെ കിട്ടാന്‍ ക്ഷാമം വന്നാല്‍ എന്തുചെയ്യും? യന്ത്രമനുഷ്യരെ വയ്‌ക്കാം എന്നതാണ് ആദ്യത്തെ ഓപ്ഷന്‍. പക്ഷേ ജപ്പാന്‍കാര്‍ തീരുമാനിച്ചത് യന്ത്രപ്പൂച്ചകളെ നിയമിക്കാനാണ്. കണ്ണും കാതും തുറന്ന് ഭക്ഷണപാത്രങ്ങളുമായി നടക്കുന്ന യന്ത്രപ്പൂച്ചകള്‍ ടോക്കിയോയിലെ പല ഹോട്ടലുകൡലും വലിയ ആകര്‍ഷണമായി മാറിയിരിക്കുന്നു.

ഹോട്ടലിലെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ‘മ്യാവൂ’ ‘മ്യാവൂ’ എന്ന സാക്ഷാല്‍ മാര്‍ജാര ശബ്ദവുമായി മേശക്കു മുന്നിലെത്തുന്ന ഈ യന്ത്രപ്പൂച്ച മനുഷ്യര്‍ ചായക്കടയിലെത്തുന്ന ഇടപാ
ടുകാര്‍ക്ക് ചില്ലറ തമാശയല്ല നല്‍കുന്നത്; ഹോട്ടല്‍ ഉടമകള്‍ക്ക് പെരുത്ത ലാഭവും.
ജപ്പാനിലെ ഏറ്റവും വലിയ ടേബിള്‍-സര്‍വീസ് റസ്റ്ററന്റ് ശൃംഖലയായ സ്‌കൈലാര്‍ക്ക് ഹോള്‍ഡിങ് കമ്പനിയാണ് ഈ പൂച്ചകളെ ഹോട്ടല്‍ സര്‍വീസിന് നിയോഗിച്ചിട്ടുള്ളത്. അവയുടെ എണ്ണം മൂവായിരത്തിലേറെ വരുമത്രെ. പൂച്ചകളെ വെയിറ്റര്‍മാരാക്കാന്‍ ഹോട്ടല്‍ കമ്പനിയെ പ്രേരിപ്പിച്ചത് കുറഞ്ഞുവരുന്ന ജനസംഖ്യയാണെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2040 ആകുമ്പോഴേക്കും 110 ലക്ഷം തൊഴിലാളികളുടെ കുറവ് ജപ്പാനില്‍ ഉണ്ടാകുമെന്ന് റിക്രൂട്ട് വര്‍ക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവചിക്കുന്നു. അതുകൊണ്ടുതന്നെ ജപ്പാനില്‍ സര്‍വീസ് റോബോട്ടുകളുടെ വിപണി കുതിച്ചുയരുകയാണ്. ‘ഫ്യൂജി കിസായ്’ എന്ന സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ സര്‍വീസ് റോബോട്ട് വ്യവസായത്തിന്റെ മൂല്യം 2030 ആകുമ്പോഴേക്കും 27 ശതകോടി ഡോളറായി കുതിച്ചുയരുമത്രേ.











