തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വി സി നിയമന വിഷയവുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണറുമായി മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്.
വി സി നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.എന്നാല്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. കേരള സര്‍വകലാശാല പ്രതിസന്ധിയും ചര്‍ച്ചയായി.
സ്ഥിരം വി സിമാരുടെ നിയമനം ഉയര്‍ന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടണമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമനത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നിലനിവിലുളളപ്പോഴാണിത്.ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക വി സിമാരായി യഥാക്രമം ഡോ സിസ തോമസിനെയും ഡോ ശിവപ്രസാദിനെയും നിയമിച്ചതില്‍ സര്‍ക്കാരിന് വിയോജിപ്പുണ്ട്.
കോടതി ഉത്തരവ് മറികടന്നാണ് ഗവര്‍ണറുടെ തീരുമാനം എന്ന നിലപാടിലാണ് സര്‍ക്കാര്‍.















