കൊല്ലം: കര്‍ക്കടകവാവ് ദിനത്തില്‍ ബലിതര്‍പ്പണം അട്ടിമറിച്ച തിരുമുല്ലവാരം ക്ഷേത്രത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡിന്റെ മറവില്‍ സിപിഎം രഹസ്യയോഗം. യോഗത്തിന് ശേഷം പാര്‍ട്ടിചാനലില്‍ ഹിന്ദുസംഘടനകളെ കുറ്റപ്പെടുത്തിയും ദേവസ്വം ബോര്‍ഡിനെ ന്യായീകരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരണം നല്‍കി. പാര്‍ട്ടിസംവിധാനം വിനിയോഗിച്ച് ബലിതര്‍പ്പണം അട്ടിമറിച്ച ബോര്‍ഡ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായിരുന്നു യോഗത്തില്‍ ധാരണ.
ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് യോഗം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി, ഏരിയാ സെക്രട്ടറി, ലോക്കല്‍സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍, മുന്‍ മേയര്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, മറ്റ് കൗണ്‍സിലര്‍മാര്‍ തുടങ്ങി താഴെ തട്ടിലുള്ള പാര്‍ട്ടി മെമ്പര്‍മാരെ വരെ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച.
പാര്‍ട്ടിക്കാരുടെ രഹസ്യയോഗം ക്ഷേത്ര സപ്താഹ പന്തലില്‍ നടത്തിയിട്ട് ഉപദേശകസമിതിയും ജനപ്രതിനിധികളും സമൂഹ്യപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെന്ന് പാര്‍ട്ടി ചാനലിന് അഭിമുഖം നല്‍കി. തെറ്റിദ്ധാരണ പരത്തിയതിന് എതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
കര്‍ക്കടകവാവിന് ദേവസ്വംബോര്‍ഡിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണം ആയിരക്കണക്കിന് ഭക്തരാണ് ബലികര്‍മ്മം ചെയ്യാതെ തിരികെപോയത്.
ആയിരങ്ങള്‍ മണിക്കൂറുകള്‍ മഴ നനഞ്ഞു പന്തലില്‍ എത്തിയപ്പോള്‍ ബലിസാധനങ്ങള്‍ പലതും കിട്ടിയില്ല. ബലിച്ചോറ് പോലും ഇല്ലായിരുന്നു. ചോദിച്ചപ്പോള്‍ അടുത്ത ഇലയില്‍നിന്ന് എടുത്തുകൊള്ളാനായിരുന്നു നിര്‍ദ്ദേശം. മറ്റ് പലര്‍ക്കും ഒരു ഇലയില്‍ അല്‍പ്പം ചോറും ഒരു ദര്‍ഭപുല്ലും വെള്ളവും മാത്രം.












