ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഭൂട്ടാന്റെ പങ്കാളിത്തത്തോടെ ഭാരതം റോഡ് നിര്‍മ്മിച്ചു.
ഭാരതവും ചൈനയും തമ്മില്‍ 2017 ല്‍ സംഘര്‍ഷമുണ്ടായ ദോക്ലാം പ്രവിശ്യയിലാണ് ഭാരതം റോഡുകള്‍ നിര്‍മ്മിച്ചത്. ഭൂട്ടാനിലെ ഹാ താഴ്വരയെ 21 കിലോമീറ്റര്‍ അകലെയുള്ള ദോക്ലാമിനെയും ബന്ധിപ്പിച്ചുള്ള റോഡാണ് ഭൂട്ടാനില്‍ നിര്‍മിച്ചിരിക്കുന്നത്. 254 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം. ഈ റോഡ് ഭൂട്ടാന്‍ പ്രധാനമന്ത്രി തോഗ്ബയ് ഷെറിങ് ഉദ്ഘാടനം ചെയ്തു.
തിബറ്റിലെ ചുംബി താഴ്‌വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ഈ താഴ്‌വരയില്‍ ചൈന സ്വന്തം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇനി ഭൂട്ടാന്‍ സൈന്യത്തിനും ഇവിടേക്ക് എത്താനാവും. ചരക്കുനീക്കത്തിനും ഈ റോഡുകള്‍ ഉപകാരപ്പെടും.
ഭൂട്ടാനുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ഭാരതത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
സിക്കിം, ഭൂട്ടാന്‍, തിബറ്റ് എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഇടത്താണ് ദോക്ലാം. ഈ ഭാഗത്ത് ഭാരതത്തിന്റെ സൈനിക വിന്യാസം കൂട്ടുന്നതിന്റെ ഭാഗമായാണ് ഭൂട്ടാനിലെ ഭാരതത്തിന്റെ റോഡ് നിര്‍മ്മാണം. ഇതിന്റെ ഭാഗമായി അഞ്ച് പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്.
പുതുതായി നിര്‍മ്മിച്ച റോഡിലൂടെ സാധനങ്ങള്‍ വേഗത്തിലെത്തിക്കാനും സൈനിക നീക്കം എളുപ്പത്തില്‍ സാധ്യമാക്കാനുമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















