ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഭാരതം നിര്‍ത്തിവെച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎസിന്റെ പുതിയ ഇറക്കുമതി താരിഫ് പുറത്തിറക്കിയതിനു പിന്നാലെ ഭാരതം റഷ്യയുമായുള്ള എണ്ണവ്യാപാരം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ വാര്‍ത്തകളെല്ലാം തള്ളി.
റഷ്യ – ഉക്രൈന്‍ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ റഷ്യയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി എണ്ണ വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ ഭാരതത്തോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാരതം വിഷയത്തില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി താത്കാലികമായി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
അതേസമയം ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭാരതത്തില്‍ നിന്നുള്ള റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് ജയ്‌സ്വാള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ഭാരതത്തില്‍ നിന്നുള്ള കമ്പനികള്‍ റഷ്യന്‍ വിതരണക്കാരില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. വില, ക്രൂഡിന്റെ ഗ്രേഡ്, ഇന്‍വെന്ററികള്‍, ലോജിസ്റ്റിക്സ്, മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവ അനുസരിച്ചാണ് അവര്‍ എണ്ണ വാങ്ങുന്നതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഭാരതം. കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ്.
















