ചെങ്ങന്നൂര്‍: ഭാരതത്തെ സമ്പന്നമാക്കേണ്ടത് ലോകോത്തര ശാസ്ത്ര സാങ്കേതിക അടിത്തറ സ്ഥാപിച്ചുകൊണ്ട് മാത്രമായിരിക്കണമെന്ന് ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞയും എയറോനോട്ടിക്കല്‍ സിസ്റ്റംസിന്റെ മുന്‍ ഡയറക്ടര്‍ ജനറലും, അഗ്‌നി-IV മിസൈല്‍ പദ്ധതിയുടെ മുന്‍ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസി തോമസ്. സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.
നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസിലാക്കാനും, പ്രപഞ്ച നിഗൂഢതകള്‍ പരിഹരിക്കാനും, സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ശാസ്ത്രത്തിലൂടെ കഴിയും. അതേസമയം, കാര്യക്ഷമത, ഉല്‍പാദനക്ഷമത, ജീവിത നിലവാരം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് പ്രായോഗിക രീതികളില്‍ ഈ ശാസ്ത്രീയ അറിവ് ഉപയോഗിക്കാന്‍ സാങ്കേതികവിദ്യയിലൂടെ നമ്മുക്ക് കഴിയണം. അപ്പോള്‍ മാത്രമേ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഫലപ്രദമായതായി പറയാന്‍ കഴിയൂ. ലോകോത്തര ശാസ്ത്ര സാങ്കേതിക അടിത്തറ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ സമ്പന്നമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ബിരുദം നേടുന്ന യുവ വിദ്യാര്‍ത്ഥികളോട് അവര്‍ അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ കോളജ് ചെയര്‍മാനും സെക്രട്ടറിയുമായ ജോസ് തോമസ് അധ്യക്ഷത വഹിച്ചു, ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അജിത് പ്രഭു വി. സ്വാഗതം പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാജന്‍ കുര്യാക്കോസ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ എക്‌സ്റ്റേണല്‍ ലിങ്കേജസ് & പ്രോജക്ട്‌സ് പ്രൊഫസറും ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ട്രഷറര്‍ ജേക്കബ് തോമസും പ്രൊഫസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി വികസന ഡീന്‍ ഡോ. എസ്. ശരത് നന്ദി പറഞ്ഞു.














