എറണാകുളത്തെ കാരിക്കാമുറിയിലെ ‘സന്ധ്യാ’ദീപം അണഞ്ഞെങ്കിലും സാഹിത്യ, സാംസ്‌കാരിക രംഗത്ത് ഹിമവല്‍സാനു പ്രകാശം ചൊരിഞ്ഞു പരിലസിക്കും. 98-ാം വയസില്‍ വിടപറയുമ്പോഴും സാനുമാഷ് ഒരു യുവാവിനെപ്പോലെ പ്രവര്‍ത്തനനിരതനായിരുന്നു. ഈ അടുത്തകാലത്താണ് മഹാഭാരതത്തിലെ കുന്തീദേവിയെക്കുറിച്ചുള്ള നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത്.
ജനനം
1927 ഒക്‌ടോബര്‍ 27 ന് വിശാഖം നാളില്‍ ആലപ്പുഴ തുമ്പോളി മംഗലത്തുവീട്ടില്‍ എം.സി. കേശവന്റേയും കെ.പി.
ഭവാനിയുടേയും മകനായി ജനനം.
ആലപ്പുഴ എസ്ഡി കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം എംഎ ഒന്നാംറാങ്കോടെ ജയിച്ചു. ആലപ്പുഴ സനാതന ധര്‍മ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക വൃത്തി ആരംഭിച്ചു. നാല് വര്‍ഷത്തോളം സ്‌കൂള്‍ അദ്ധ്യാപകനായി. തുടര്‍ന്ന് കൊല്ലം ശ്രീനാരായണ കോളജിലും എറണാകുളം മഹാരാജാസ് കോളജിലും അദ്ധ്യാപകനായി. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ ഗുരുവായിരുന്നു അദ്ദേഹം. 1983 ല്‍ അദ്ദേഹം വിരമിച്ചു. 1985 ല്‍ കേരള സര്‍വകലാശാലയിലെ ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി. 1987ല്‍ ഇടത് സ്വതന്ത്രനായി എറണാകുളം മണ്ഡലത്തില്‍നിന്ന് മത്സരിച്ച് കോണ്‍ഗ്രസിന്റെ എ.എല്‍. ജേക്കബിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. വളരെ വേഗംതന്നെ രാഷ്‌ട്രീയം തനിക്ക് യോജിച്ചതല്ലെന്ന് മനസ്സിലാക്കി. വീണ്ടും സാഹിത്യരംഗത്തേക്ക് തിരിഞ്ഞു.
എഴുത്തിന്റെ വഴിയില്‍
കോളജ് മാഗസിനുകളിലൂടെയായിരുന്നു എഴുത്തിന്റെ തുടക്കം. 1952ല്‍ കൗമുദി വാരികയില്‍ മൂന്ന് ലക്കങ്ങളിലായി അമേരിക്കന്‍ കവിയായ വാള്‍ട്ട് വിറ്റ്മാന്റെ ജീവിതത്തേയും കവിതയേയും കുറിച്ചുള്ള ലേഖനം എഴുതിക്കഴിഞ്ഞപ്പോള്‍ ഒരുപാട് അഭിനന്ദന കത്തുകള്‍ ലഭിച്ചു.
അന്ന് കുറ്റിപ്പുഴ കൃഷ്ണപിള്ള അഭിനന്ദിച്ചുകൊണ്ട് എഴുതിയ കത്താണ് അവാര്‍ഡുകളേക്കാള്‍ ഏറ്റവും വിലമതിക്കുന്നതെന്ന് സാനു മാഷ് പറയുമായിരുന്നു. പുസ്തകം വായിച്ച് കിട്ടുന്ന അവാര്‍ഡാണ് ഏറ്റവും വലുത്. അതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള നല്‍കിയത്. കോളജ് മാഗസിനില്‍ മാത്രം എഴുതി ഒതുങ്ങിയിരുന്ന അദ്ദേഹത്തെ നിര്‍ബന്ധിച്ച് കൗമുദിയില്‍ എഴുതിച്ചത് പി.കെ. ബാലകൃഷ്ണനായിരുന്നു.
ശ്രദ്ധേയനായത് ജീവചരിത്രങ്ങളിലൂടെ
വാള്‍ട്ട് വിറ്റ്മാനെക്കുറിച്ചാണ് ആദ്യമെഴുതിയതെങ്കിലും സാനുമാഷ് ശ്രദ്ധേയനാവുന്നത് ‘നാരായണഗുരുസ്വാമി’എന്ന ഗ്രന്ഥത്തിലൂടെയാണ്. ഗുരുദേവന്റെ ജീവിതത്തിലൂടെയുള്ള അദ്ദേഹത്തിന്റെ തീര്‍ത്ഥയാത്രയാത്രയായിരുന്നു അത്. ചെമ്പഴന്തിയും അരുവിപ്പുറവും മുതല്‍ ഗുരുവിന്റെ പാദങ്ങള്‍ ദീര്‍ഘകാലം പതിഞ്ഞിട്ടുള്ള സ്ഥലങ്ങളൊക്കെ അദ്ദേഹം സന്ദര്‍ശിച്ചു. ഗുരുവിനെ അടുത്തറിഞ്ഞ നൂറുകണക്കിനാളുകളെ സന്ദര്‍ശിച്ചു. അവരില്‍നിന്നു ലഭിച്ച അറിവുകള്‍ വിശിഷ്ട മുത്തുകളായി ഗ്രന്ഥത്തില്‍ അവതരിപ്പിച്ചു. അതൊരു നീണ്ട തപസ്യയായിരുന്നു. ആറേഴ് കൊല്ലമെടുത്ത് കണ്ടെത്തിയും ദര്‍ശിച്ചും അറിഞ്ഞ ഗുരുദേവനെ ആത്മസാക്ഷാത്കാരമായി അവതരിപ്പിക്കുകയായിരുന്നു. ഗുരുദേവനെ ഒന്ന് തൊട്ടുവന്ദിച്ച ദിവ്യാനുഭൂതിയാണ് ആ കൃതി പകര്‍ന്നു നല്കിയത്. അതുകൊണ്ടുതന്നെ സാനുമാഷ് വെളിച്ചം പകര്‍ന്ന ഗുരുദേവനെ ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തിന് പുറമെ കുട്ടികള്‍ക്കായി വ്യത്യസ്തങ്ങളായ മൂന്ന് പുസ്തകങ്ങള്‍ ഗുരുദേവനെക്കുറിച്ച് എഴുതിയിട്ടുണ്ട്. സര്‍ഗശേഷിയുടെ അസാധാരണമായ മാന്ത്രികസ്പര്‍ശമാണ് ജീവചരിത്ര കൃതികളെ വ്യത്യസ്തവും ഉയര്‍ന്നതലത്തില്‍ നിര്‍ത്തുന്നതും. കാല്‍പ്പനികവും അതേസമയം യാഥാര്‍ത്ഥ്യത്തെ കൈവിടാത്തതുമായ ഒരു ശൈലി, സങ്കീര്‍ണതകളെപ്പോലും ഋജുവായി അവതരിപ്പിക്കുന്ന ശൈലി മാഷിന് തന്റേതായ സാഹിത്യസിംഹാസനം നേടിക്കൊടുത്തു.
ഗുരുദേവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കേരളത്തില്‍ ഒരു സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിവിട്ട സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്രമാണ് പിന്നീട് രചിച്ചത്. കുമാരനാശാന്റെ ജീവിതത്തിലേക്കും കവിതയിലേക്കും നയിക്കുന്നതാണ് ‘മൃത്യുഞ്ജയം കാവ്യജീവിതം’ എന്ന ജീവചരിത്രം. കുമാരനാശാന്റെ ജീവചരിത്രം എഴുതുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അവാര്‍ഡിനെക്കുറിച്ച്
‘ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍’ എന്ന ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘ഒരു കല്‍പ്പിത കഥാപാത്രത്തെപ്പോലെ ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ വ്യക്തിത്വവും, അദ്ദേഹത്തിന് കേരളത്തിലുള്ള സ്ഥാനവും ഒരളവോളമെങ്കിലും മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി’ എന്നാണ് ആമുഖത്തില്‍ സാനുമാഷ് കുറിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ സാനുമാഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘അവാര്‍ഡിനെക്കാള്‍ നേട്ടം ഒരു ഗ്രന്ഥം രചിച്ച് തീര്‍ക്കുന്നതാണ്. ആ കൃതാര്‍ത്ഥത വേറെ ഒന്നിലും കിട്ടാറില്ല. എങ്കിലും അവാര്‍ഡ് സന്തോഷം നല്‍കുന്നു. ഏതൊരാള്‍ക്കും സന്തോഷം നല്‍കുന്നതാണെന്നാണ് വിശ്വാസം. ആ വിശ്വാസത്തിനിടയിലും മലയാളത്തിന് ഞാന്‍ നല്‍കേണ്ട സംഭാവനകളെക്കുറിച്ചുള്ള ഓര്‍മ കടപ്പാടായി മനസില്‍ ശേഷിക്കുന്നു. ആ കടപ്പാട് നിര്‍വഹിക്കുവാന്‍ ശിഷ്ടകാലം ഉപകരിക്കണമെന്നാണ് പ്രാര്‍ത്ഥന.’ ഇത്രമാത്രമേയുള്ളൂ സാനുമാഷിന് അവാര്‍ഡിനോടുള്ള കാഴ്ചപ്പാട്.
ബഷീറിനെക്കുറിച്ചുള്ള ഗ്രന്ഥം ഒരു പ്രത്യേക കാലയളവില്‍ പ്രസിദ്ധീകൃതമായതുകൊണ്ടാണ് സമ്മാനാര്‍ഹമായതെന്ന് സാനുമാഷ് തുറന്നു പറഞ്ഞിട്ടുണ്ട്. അതില്‍ തന്റേതായ ചില അംശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. എന്നു വച്ചാല്‍ ബഷീറും താനും ഒരു കാലഘട്ടത്തില്‍ സൗഹൃദത്തില്‍ കഴിഞ്ഞുകൂടിയവരാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഇപ്പോഴത്തെ പ്രസ് ക്ലബ് റോഡിന്റെ എതിര്‍വശത്തുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ബുക്ക് സ്റ്റാളിലും അന്നത്തെ ഷണ്‍മുഖം റോഡിലും മറ്റും ഇരുവരും ഒരുമിച്ച് ചേര്‍ന്നിരുന്നതും പല കാര്യങ്ങളെക്കുറിച്ചും സംവാദത്തില്‍ ഏര്‍പ്പെട്ടതും അനുസ്മരിക്കാറുണ്ട്. സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണന്‍, കെ.കെ. തോമസ്, പോഞ്ഞിക്കര റാഫി തുടങ്ങിയവര്‍ ആ സുഹൃദ് സംഘത്തിലെ അംഗങ്ങളായിരുന്നു. മനസ്സിന് ഉല്ലാസവും വികാസവും നല്‍കുവാന്‍ തങ്ങളുടെ സുഹൃദ്‌സമ്മേളനങ്ങള്‍ ഉപകരിച്ചുപോന്നു. അതാണ് എന്റെ ഒരംശം എന്ന് മാഷ് പറഞ്ഞതിന്റെ അര്‍ത്ഥം.
ബഷീറിനെപ്പോലെയല്ലെങ്കിലും ഏകാന്തവീഥിയില്‍ സഞ്ചരിക്കുന്നയാളായിരുന്നു സാനുമാഷും. ആ ഘടകവും ആ സ്വഭാവവും ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന ഗ്രന്ഥത്തിന്റെ പ്രതിപാദനത്തിലും അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ശിഷ്യരാല്‍ സമ്പന്നനാണ് സാനു മാഷ്. പ്രശസ്തര്‍ മുതല്‍ ജീവിത വഴിയില്‍ വിജയം കൈവരിച്ച അനേകം പേര്‍ ഈ ഗുരുനാഥന്റെ പുണ്യമാണ്. എ.കെ. ആന്റണി. വയലാര്‍ രവി, മമ്മൂട്ടി ആ നിര നീളും.
വിമര്‍ശന സാഹിത്യത്തില്‍ സ്വന്തം പാതവിമര്‍ശന സാഹിത്യത്തില്‍ തന്റേതായ വഴി തെരഞ്ഞെടുത്ത സാനുമാഷിന് നിരവധി പുരസ്‌കാരങ്ങള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. എഴുത്തിന്റെ ആഴം അളക്കാന്‍ സാനുമാഷിനോളം പോന്ന അവഗാഹം വളരെ കുറച്ച് പേര്‍ക്കേ ഉണ്ടായിട്ടുള്ളൂ. ആവിഷ്‌ക്കാരത്തിന്റെ അടിത്തട്ടുവരെ കടന്നുചെന്ന് ഭാഷയുടെ നെല്ലും പതിരും കണ്ടെത്താന്‍ അദ്ദേഹത്തിനായി.
അയത്‌ന ലളിതമായ ഭാഷയിലൂടെ വിമര്‍ശനത്തിന്റെ വായന ആസ്വാദ്യമാക്കുവാന്‍ മാഷിനായി. ദീര്‍ഘകാല മാനസിക ബന്ധത്തില്‍നിന്നാണ് ബഷീറിന്റെ ആത്മചൈതന്യത്തെ വൈകാരികമായ വിശുദ്ധിയോടെ അവതരിപ്പിക്കാനായത്.
80 ഓളം പുസ്തകങ്ങളും എണ്ണമറ്റ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ രചനയിലും തീക്ഷ്ണ ജീവിതയാഥാര്‍ത്ഥ്യങ്ങളെ പിന്‍തുടരുകയെന്ന വ്യത്യസ്ത സമീപനമാണ് സാനുമാഷ് അവലംബിച്ചത്.
ശ്രീനാരായണഗുരുവിനെക്കുറിച്ചും ആശാനെക്കുറിച്ചും സഹോദരന്‍ അയ്യപ്പനെക്കുറിച്ചുമുള്ള ജീവചരിത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ സാനു മാഷിന്റേതായ മൗലിക സമീപനം കാണാം.
സാനുമാഷിനെക്കുറിച്ചുള്ള കൃതികള്‍
ജോണ്‍പോള്‍ എഡിറ്റ് ചെയ്ത ‘എം.കെ. സാനു: മനുഷ്യനെ സ്നേഹിക്കുന്ന ഒരാള്‍’, ഡോ. എ. അരവിന്ദാക്ഷന്‍ എഴുതിയ ‘മഹത്വത്തിന്റെ സങ്കീര്‍ത്തനം’, എസ്. രമേശന്‍ എഴുതിയ ‘മഷിയുണങ്ങാത്ത പൊന്‍പേന’ തുടങ്ങി നാല് പുസ്തകങ്ങള്‍ സാനു മാഷിനെക്കുറിച്ചുണ്ട്. 1999 ല്‍’ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചു. അനുഭൂതികളുടെ തീരങ്ങള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. പത്മപ്രഭ പുരസ്‌കാരത്തിനും അര്‍ഹനായി. എറണാകുളം സൗത്ത് കാരിക്കശ്ശേരി ‘സന്ധ്യ’ യിലായിരുന്നു താമസം. സാഹിത്യകാരന്മാരുടെയും സാഹിത്യ വിദ്യാര്‍ത്ഥികളുടെയും തീര്‍ത്ഥാടനകേന്ദ്രമായിരുന്നു സന്ധ്യ.തിരു-കൊച്ചി സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായിരുന്ന വി. മാധവന്റെ മകള്‍ എന്‍. രത്‌നമ്മയായിരുന്നു ഭാര്യ. സാനുമാഷിന്റെ ജീവിതത്തില്‍ താങ്ങും തണലുമായിരുന്ന അവര്‍ 2023 ല്‍ അന്തരിച്ചു. എം.എസ്. രഞ്ജിത്ത്, എം.എസ്. ഹാരിസ്, എം.എസ്. രേഖ, എം.എസ്. ഗീത, എം.എസ്. സീത എന്നിവരാണ് മക്കള്‍. മരുമക്കള്‍: സി.കെ. കൃഷ്ണന്‍, ഡോ. പ്രശാന്ത് കുമാര്‍, സി.വി. മായ, പി.വി. ജ്യോതി, മിനി.
















