ന്യൂദൽഹി ; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ‘സ്വദേശി’ (മെയ്‌ക്ക് ഇൻ ഇന്ത്യ) മുന്നേറ്റത്തിന് തയ്യാറെടുക്കണമെന്ന് മോദിയുടെ ആഹ്വാനം . ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കാരണം ഇന്ത്യൻ കയറ്റുമതിക്ക് തീരുവയും പിഴയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
‘ ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു. അതിനാൽ, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ കർഷകർ, നമ്മുടെ വ്യവസായങ്ങൾ, നമ്മുടെ യുവാക്കളുടെ തൊഴിൽ ഇവയെല്ലാം നമുക്ക് പരമപ്രധാനമാണ്.’’ – പ്രധാനമന്ത്രി പറഞ്ഞു.
ഏതൊരു രാഷ്‌ട്രീയ പാർട്ടിയും, ഏതൊരു നേതാവും, രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി സംസാരിക്കുകയും ‘സ്വദേശി’ വാങ്ങാൻ ദൃഢനിശ്ചയം ചെയ്യണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയും വേണം. നമ്മൾ എന്തെങ്കിലും വാങ്ങാൻ തീരുമാനിക്കുമ്പോൾ, ഒരു മാനദണ്ഡം മാത്രമേ ഉണ്ടാകൂ: ഒരു ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കളാണ് നമ്മൾ വാങ്ങാൻ പോകുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ കഴിവ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങൾ നിർമ്മിച്ച എന്തും നമുക്ക് ‘സ്വദേശി’യാണ്.’’ – പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ മാലദ്വീപിനെതിരെ ഇന്ത്യക്കാർ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. മാലദ്വീപിലേയ്‌ക്കുള്ള യാത്രകൾ പോലും പലരും റദ്ദാക്കിയിരുന്നു. ഒടുവിൽ സാമ്പത്തികമായി ഏറെ തിരിച്ചടി കിട്ടിയ മാലദ്വീപ് അധികം വൈകാതെ ഇന്ത്യയുമായി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു . ഇത്തവണ സ്വാതന്ത്യ്രദിനചടങ്ങിൽ മുഖ്യാതിഥിയായി മാലദ്വീപ് ക്ഷണിച്ചതും ഇന്ത്യൻ പ്രധാനമന്ത്രി മോദിയെയാണ്.
















