രാമായണ മാസക്കാലത്ത് നിത്യവും കേള്‍ക്കുകയും മനസ്സിലാക്കുകയും മനഃപാഠം പഠിക്കുകയും പാടുകയും ചെയ്യാവുന്ന, രാമായണത്തിന്റെ ഉള്‍ക്കാമ്പിനാല്‍ തന്നെ സങ്കല്‍പ്പനം ചെയ്യപ്പെട്ട ഒരു ഉത്തമ സംഗീത കൃതിയാണ് മഹാരാജാ സ്വാതി തിരുനാളിന്റെ രാമായണ രാഗമാലിക.
അതിലെ ആദ്യ രണ്ട് ചരണങ്ങളുടെ മനോഹരവും മനനസുന്ദരവുമായ അര്‍ത്ഥതലങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.
പല്ലവി
ഭാവയാമി രഘുരാമം, ഭവ്യ സുഗുണാരാമം
അനുപല്ലവി
ഭാവുക വിതരണപരാ ആപാങ്ഗ ലീലാ ലസിതം
ഭംഗിയുള്ള സദ്ഗുണങ്ങള്‍ക്ക് ഉദ്യാനമായ
രഘുരാമനെ ഞാന്‍ വിഭാവനം ചെയ്യുന്നൂ.
ഭാവുകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ (നന്മ ചെയ്യുന്നതില്‍) തല്‍പരനായവനും ആപാങ്ഗം (ആപാദചൂഡം) ലീലകള്‍ കൊണ്ട് (സന്തോഷകരമായ സദ്പ്രവര്‍ത്തികളാല്‍) അലങ്കരിക്കപ്പെട്ടവനുമായ രഘുരാമനെ ഞാന്‍ വിഭാവനം ചെയ്യുന്നു. സാവേരി രാഗത്തിലുള്ള ഈ പല്ലവ അനുപല്ലവികള്‍ ശുഭസൂചകവും കര്‍ണ്ണാനന്ദകരവുമാണ്.
ദിനകരാന്വിത തിലകം ദിവ്യഗാധിസുതസവനാ
വനരചിതസുബാഹുമുഖ വധം അഹല്ല്യാ പാവനം;
അനഘമീശചാപഭങ്ഗം ജനകസുതാ പ്രാണേശം
ഘനകുപിത ഭൃഗുരാമ ഗര്‍വ്വഹരമിത സാകേതം
ബാലകാണ്ഡം ചുരുക്കി വിവരിക്കുന്ന, വളരെ സന്തോഷസൂചകമായ നാട്ടകുറിഞ്ചി രാഗത്തിലുള്ള ആദ്യ ചരണം സൂര്യ വംശത്തിന് തൊടുകുറിയും ഗാധിപുത്രനായ വിശ്വാമിത്രന്റെ യാഗരക്ഷയ്‌ക്കായി സുബാഹു മുതലായ രക്ഷസന്‍മാരെ വധിച്ചവനും അഹല്ല്യയെ പാവനയാക്കിയവനും ഈശ ചാപം ഭഞ്ജിച്ചവനും ജാനകിയുടെ പ്രാണനായകനും ഭൃഗു പുത്രനായ പരശുരാമന്റെ ഗര്‍വ്വം ഹനിച്ചവനും പിന്നെ സാകേതത്തില്‍ തിരിച്ചെത്തിയവനുമായ ‘രഘുരാമനെ ഞാന്‍ വിഭാവനും ചെയ്യുന്നു’ എന്ന് പല്ലവിയുമായി അതി സമര്‍ത്ഥമായി അന്വയിക്കുന്നു.
അല്‍പം ശോകധ്വനിയുള്ള ധന്യാസിയാണ് രണ്ടാം ചരണത്തിന്റെ രാഗം. ഇതും ‘രഘുരാമനെ വിഭാവനം ചെയ്യുന്നു’ എന്ന പല്ലവി വരികളോട് ചേര്‍ത്താണ് അന്വയിക്കേണ്ട്.
വിഹതാമഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൗമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരത ദത്തം
മഹിതരത്‌നപാദുകം മദനസുന്ദരാംഗം
കിരീടാഭിഷേകം മുടങ്ങിയതിനു ശേഷം ആചാര്യ വചാനുസാരം സീത, സൗമിത്രി എന്നിവരോടു കൂടി അത്യധികം ശാന്തശീലത്തോടെ ഗുഹന്റെ വീട്ടില്‍ – നിലയത്തില്‍ – ചെന്നവനും ചിത്രകൂടത്തില്‍ വന്ന ഭരതന് മഹത്വമുള്ളതും രത്‌നങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ പാദുകങ്ങള്‍ കൊടുത്തവനും കാമദേവന്‍ തോറ്റമ്പുന്ന സുന്ദരാംഗങ്ങളോടു കൂടിയവനുമായ (രഘുരാമനെ….) എന്ന് പല്ലവിയുമായി അന്വയിക്കപ്പെടുന്നു.
















