ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സന്ദര്‍ശിച്ചു. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു ഇത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പുതിയ രാജ്യസഭാ എംപിമാരായ ഹര്‍ഷ്വര്‍ദ്ധന്‍ ശ്രിംഗ്ല, ഉജ്ജ്വല്‍ നികം, ഡോ. മീനാക്ഷി ജെയിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സഫലമീ ദര്‍ശനം എന്ന തലക്കെട്ടോടെ സദാനന്ദന്‍ മാസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ഉള്ളു നിറഞ്ഞു… ഈ സന്തോഷം, അഭിമാനം, പ്രസ്ഥാനത്തിനായി ജീവന്‍ വെടിയേണ്ടിവന്ന എന്റെ സഹോദരങ്ങളുടെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുന്നു. വേട്ടയാടപ്പെട്ട് ദുരിതം പേറിക്കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. പോരാട്ടത്തിനിടയില്‍ ജീവിതം തളയ്‌ക്കപ്പെട്ടുപോയ സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. പ്രസ്ഥാനത്തിനായി സമര്‍പ്പിതരായി കര്‍മധീരതയോടെ പ്രവര്‍ത്തിക്കുന്ന സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. നാമെല്ലാമുള്‍പ്പെടുന്ന പൊതുസമൂഹത്തിന് സമര്‍പ്പിക്കുന്നു’വെന്നും സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചു.
















