കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുളള വഴക്കില്‍ കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. കല്‍പിനി സ്വദേശി ജോണിയെയും കുടുംബത്തെയുമാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പ്പിച്ചത്.
സംഘര്‍ഷത്തില്‍ ജോമിഷിനും പരിക്കേറ്റു.വെളളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോമിഷ് വെട്ടിയത്. ജോണിയുടെ സഹോദരിയുടെ പറമ്പുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ പറമ്പില്‍ നിന്നു ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കു തര്‍ക്കമുണ്ടായത്.
ജോണിയുടെ അവിവാഹിതയായ സഹോദരി ജോമിഷിനൊപ്പമാണ് താമസിക്കുന്നത്.പറിച്ചുവച്ച തേങ്ങ ഒരുവട്ടം ജോണി കൊണ്ടുപോയിരുന്നു. ബാക്കിയുള്ളത് എടുക്കാന്‍ എത്തിയപ്പോഴാണ് ജോമിഷുമായി വാക്കു തര്‍ക്കമുണ്ടായത്. ജോണിയെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കു വെട്ടേറ്റത്.ജോണിയെയും കുടുംബത്തേയും മുക്കം കെഎംസിടി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജോമിഷ് കെഎംസിടിയില്‍ ചികിത്സയിലാണ്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.















