തൃശൂര്‍: മതമോ വോട്ടോ പണമോ നോക്കിയിട്ടല്ല ബിജെപി ഒരോ വിഷയത്തിലും ഇടപെടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളെ സഹായിക്കാൻ രാഷ്‌ട്രീയമോ മതമോ ബിജെപി നോക്കില്ല. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ ഇടപെടൽ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ അതിരൂപത അധ്യക്ഷൻ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തപ്പോള്‍ പിതാവ് വിളിച്ച് സഹായിക്കണമെന്ന് പറഞ്ഞതു മുതല്‍ ഇന്നുവരെ അതിന്റെ പിന്നാലെയാണെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോടു പറഞ്ഞു. ജാമ്യം കിട്ടുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പുതന്നതായി രാജീവ് പറഞ്ഞു.
ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സർക്കാർ ആഗ്രഹിക്കുന്നത്. പെൺകുട്ടികൾ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിൽ പോകണമെങ്കിൽ പോലും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തിൽ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഇന്നുരാവിലെ ഒമ്പതരയോടെ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ ടോണി നീലങ്കാവിലും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചര്‍ച്ച ചെയ്തതിന്റെ വിശദാംശങ്ങളും ജാമ്യാപേക്ഷ സംബന്ധിച്ച കാര്യങ്ങളും രാജീവ് ചന്ദ്രശേഖര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനോടും സഹായമെത്രാനോടും സംസാരിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ തങ്ങള്‍ക്ക് അതിയായ വേദനയും അമര്‍ഷവുമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. എത്രയും വേഗം അവരെ മോചിപ്പിക്കുകയെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എല്ലാരാഷ്‌ട്രീയപാര്‍ട്ടിക്കാരോടും തങ്ങള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാജീവ് ഇക്കാര്യത്തില്‍ അടിയന്തിരമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
















