രാമനും ലക്ഷ്മണനും ശാന്തമായ പ്രവർഷണ പർവതത്തിളെ ഒരു വലിയ ഗുഹയിൽ താമസിച്ചു. ചുറ്റും ഫലവൃക്ഷങ്ങൾ നിറഞ്ഞിരുന്നു. ഈ ശാന്തമായ അന്തരീക്ഷത്തിൽ, വിഷ്ണുവിന്റെ അവതാരമായ രാമൻ പലപ്പോഴും ഗാഢമായ ധ്യാനത്തിൽ മുഴുകി, സമാധിയിൽ ലയിച്ചു. അങ്ങിനെ കഴിയുമ്പോൾ ഒരുദിവസം, മോക്ഷമാർഗ്ഗത്തെപ്പറ്റി അറിയാൻ ആഗ്രഹിച്ച ലക്ഷ്മണൻ നാലു വർണ്ണവ്യവസ്ഥകളിലേയും വ്യക്തികൾക്ക് മോക്ഷം നേടാനുതകുന്ന ക്രിയാമാർഗത്തെക്കുറിച്ച് വിശദമായി പറഞ്ഞുതരാൻ രാമനോട് അഭ്യർത്ഥിച്ചു. നാരദനും വ്യാസനും പോലുള്ള മഹർഷിമാർ നാരായണഭക്തിയിലൂടെ മോക്ഷം നേടിയതെങ്ങനെയെന്നു പറയാനും, അവരുടെ മാർഗം നമുക്ക് ഈ ജന്മത്തിൽ എങ്ങിനെ സ്വീകരിക്കാം എന്നുപദേശിക്കുവാനും ആവശ്യപ്പെട്ടു.
രാമൻ, ലക്ഷ്മണനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത്, ക്രിയാമാർഗത്തെക്കുറിച്ച് സംക്ഷിപ്തവും അത്യന്തം പ്രചോദനപ്രദവുമായ ഒരു പ്രഭാഷണംതന്നെ നൽകി. ഭഗവദ് ഭക്തി പല വിധങ്ങളിൽ പ്രകടിപ്പിക്കാമെന്ന് രാമൻ വിശദീകരിച്ചു. ഹൃദയത്തിലെ താമരയിൽ ആന്തരികധ്യാനമോ, അഗ്നി, വിഗ്രഹങ്ങൾ, സൂര്യൻ, ജലം, അല്ലെങ്കിൽ പുണ്യമായ സാളഗ്രാമശില എന്നിവ ഉപയോഗിച്ചുള്ള ബാഹ്യപൂജയോ ചെയ്യാവുന്നതാണ്. പ്രഭാതസ്നാനം, വേദമന്ത്രങ്ങൾ ജപിക്കൽ, സന്ധ്യാവന്ദനം തുടങ്ങിയ ദൈനംദിന ആചാരങ്ങൾ എന്നിവയെപ്പറ്റിയും രാമൻ വിശദമായി ഉപദേശിച്ചു. പരംപൊരുളിനെ ഗുരുവായി കരുതി ധ്യാനിക്കാനും ധൂപം, പുഷ്പം, വിളക്ക്, ഭക്ഷണം—ഒരു തുള്ളി ജലമാണെങ്കിൽപ്പോലും—ഭക്തിയോടെ സമർപ്പിക്കാനും രാമൻ പറഞ്ഞു. അവരവരുടെ കഴിവനുസരിച്ച് മധുരപലഹാരങ്ങൾ, സംഗീതം, നൃത്തം എന്നിവയും ഭഗവദ് പൂജയായി അർപ്പിക്കാം.
ഈ ആചാരങ്ങളുടെ നിരന്തരമായ അനുഷ്ഠാനം ഭക്തിയെ ആഴമുള്ളതാക്കി, സാധകനെ മോക്ഷത്തിലേക്കും ഭഗവദ് സാരൂപ്യത്തിലേക്കും നയിക്കുമെന്ന് രാമൻ എടുത്തുപറഞ്ഞു. ക്രിയാമാർഗത്തെക്കുറിച്ച് കേൾക്കുകയോ പഠിക്കുകയോ ചെയ്യുന്നത് പോലും ആത്മീയപുണ്യം നൽകും. ഈ ആഴമേറിയ ഉപദേശത്തിനുശേഷം, രാമൻ, സാധാരണ മനുഷ്യഭാവത്തിലേക്ക് മടങ്ങി, സീതാവിരഹദുഃഖത്തിൽ മുഴുകി. ഉറക്കമില്ലാതെ വ്യാകുലനായിരിക്കുന്ന ജ്യേഷ്ഠനെ ലക്ഷ്മണന് ആശ്വസിപ്പിക്കേണ്ടതായിവന്നു. ദൈവികമായ ഉപദേശവും മാനുഷികമായ ദുഃഖവും സമന്വയിപ്പിച്ചുള്ള രാമന്റെയീ ദ്വന്ദഭാവം, ആത്മീയഗുരുവെന്നമട്ടിലും സ്നേഹവും നഷ്ടവും ആഴത്തിൽ അനുഭവിക്കുന്ന വെറും മനുഷ്യനെന്നമട്ടിലും അങ്ങിനെ വെളിവായി.
ഹനുമാനും സുഗ്രീവനും
പ്രവർഷണപർവതത്തിൽ ചാതുർമാസ്യം ആചരിക്കുന്ന രാമൻ അതീവ ദുഃഖിതനായിരുന്നു. സീത ജീവനോടെയുണ്ടോ, അവൾ എത്രമാത്രം വേദനിക്കുന്നു എന്നെല്ലാം ആശങ്കപ്പെട്ട്, അവളുടെ അപഹർത്താവിനെ കണ്ടെത്തിയാൽ പ്രതികാരം ചെയ്യുമെന്ന് അവൻ ലക്ഷ്മണനോട് വാഗ്ദാനം ചെയ്തു. മഴക്കാലം കഴിഞ്ഞിട്ടും സുഗ്രീവനെ കാണാഞ്ഞ് നിരാശനായ രാമൻ, വാനര രാജാവ് അധികാരത്തിന്റെ സുഖങ്ങളിൽ മുഴുകി അവരുടെ ഉടമ്പടിസഖ്യം മറന്നുവോയെന്ന് സംശയിച്ചു.
കിഷ്കിന്ധയിൽ, രാജാവായി അവരോധിതനായ സുഗ്രീവൻ രാജകീയസുഖങ്ങളിൽ മുഴുകിയിരുന്നു. കർത്തവ്യനിഷ്ഠനായ ഹനുമാൻ, സീതയെ കണ്ടെത്താൻ രാമനെ സഹായിക്കാമെന്ന വാഗ്ദാനം ഉടനെ നിറവേറ്റണമെന്ന് സുഗ്രീവനെ ഓർമ്മിപ്പിച്ചു. ബാലിയെ കൊന്നു തന്റെ വാഗ്ദാനം നിറവേറ്റിയ രാമൻ ഇപ്പോൾ സുഗ്രീവന്റെ സഹായത്തിനായി കാത്തിരിക്കുകയാണെന്നും, ആ കടമ മറന്നാൽ രാമന്റെ ക്രോധം ഉണ്ടാകുമെന്നും അവൻ മുന്നറിയിപ്പ് നൽകി. നന്ദികേട് ബാലിയുടെ നാശത്തിന് കാരണമായതുപോലെ അവനെയും നാശത്തിലേക്ക് നയിക്കുമെന്ന് ഹനുമാൻ ഊന്നിപ്പറഞ്ഞു. സുഗ്രീവനെ ഞെട്ടലോടെ ഹനുമാന്റെ ജ്ഞാനത്തെ പ്രശംസിച്ച്, ഉടനടി പ്രവർത്തനനിരതനാകാൻ തീരുമാനിച്ചു.
രാമന്റെ വേദനയിൽ കണ്ട് ലക്ഷ്മണൻ, സുഗ്രീവനെക്കണ്ട് ചോദ്യം ചെയ്യാൻ ജ്യേഷ്ഠനോട് അനുവാദം തേടി. ക്ഷോഭത്തോടെയാണെങ്കിലും, രാമൻ സംയമനം പാലിക്കാൻ അനുജനെ ഉപദേശിച്ചു. അവരുടെ സൗഹൃദം ഓർമ്മിപ്പിച്ച്, ബലിയെ വധിച്ച അമ്പ് വീണ്ടും ഉപയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകാൻ നിർദ്ദേശിച്ചു. കിഷ്കിന്ധയുടെ കവാടത്തിൽ എത്തിയ ലക്ഷ്മണന്റെ ക്രോധഭാവം വാനരന്മാരെ ഭയപ്പെടുത്തി. അംഗദൻ ലക്ഷ്മണനെ സ്വാഗതം ചെയ്തു. സുഗ്രീവൻ തന്റെ വാഗ്ദാനം ഉടനെ നിറവേറ്റണമെന്ന് ലക്ഷ്മണൻ ആവശ്യപ്പെട്ടു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷം ലഭിച്ച ആശ്വാസത്തിൽ സുഗ്രീവൻ അശ്രദ്ധനായതാണെന്ന് താര സ്വതവേയുള്ള പ്രശാന്തതയോടെ വിശദീകരിച്ചു. സീതയെ തേടാൻ സുഗ്രീവൻ ഇതിനോടകം ആയിരക്കണക്കിന് വാനരന്മാരെ തയ്യാറാക്കുന്നുണ്ടെന്ന് അവർ ഉറപ്പ് നൽകി. രാമന്റെ കൃപയാൽ രാജ്യം തിരിച്ചുകിട്ടിയതിനെപ്പറ്റി സന്ദിയോടെ സ്മരിച്ചുകൊണ്ട് സുഗ്രീവൻ ലക്ഷ്മണനോടൊപ്പം രാമനെ കാണാൻ പുറപ്പെട്ടു.
സുഗ്രീവൻ രാമനെ കാണാൻ പോകുന്നു
ഹനുമാൻ, അംഗദൻ, നീലൻ, വൻ സൈന്യം എന്നിവരോടൊപ്പം, സംഗീതജ്ഞരും കലാകാരന്മാരും അകമ്പടി സേവിച്ച്, സുഗ്രീവൻ രാജകീയമായിത്തന്നെ രാമനെ കാണാൻ പുറപ്പെട്ടു. പ്രവർഷണ പർവതത്തിൽ, ഒരു ഗുഹയിൽ, യോഗിയുടെ വേഷത്തിൽ, താടി വടിക്കാതെ ഭാര്യാവിരഹത്തിൽ ക്ഷീണിതനായിരിക്കുന്ന രാമനെ കണ്ടെത്തി നമസ്കരിച്ചു. രാമൻ സുഗ്രീവനെ ഊഷ്മളമായി സ്വാഗതം ചെയ്തു. അവർ സ്നേഹപൂർവ്വം സംസാരിച്ചു ഫലമൂലങ്ങൾ ഭക്ഷിച്ചു. തുടർന്ന് സീതാന്വേഷണത്തെക്കുറിച്ച് അടിയന്തിരമായി ചർച്ച ചെയ്തു.
സുഗ്രീവൻ തന്റെ ശക്തമായ വാനരസേനയെ രാമന് പരിചയപ്പെടുത്തി. അവരുടെ ശക്തിയും ഉത്ഭവവും വിവരിച്ചുപറഞ്ഞു. ചിലർ രാമകാര്യത്തിനായി വാനരരൂപത്തിൽ ജനിച്ച ദിവ്യജീവികളായിരുന്നു. ജാംബവൻ, ഹനുമാൻ, ഗജൻ, ഗവയൻ, നീലൻ, ഗവാക്ഷൻ എന്നിവരെ മർക്കടനേതാക്കളായി പരിചയപ്പെടുത്തി. എല്ലാ ദിശകളിലേക്കുമായി ഒരു ലക്ഷം വാനരന്മാരെ അയക്കാൻ രാമൻ സുഗ്രീവനോട് നിർദ്ദേശിച്ച് മുപ്പത് ദിവസത്തെ കർശനമായ സമയപരിധി നിശ്ചയിച്ചു. സീതാന്വേഷണത്തിൽ അവർക്കുണ്ടാകുന്ന പരാജയം അവരുടെ മരണത്തിന് ഹേതുവാകും എന്ന് സുഗ്രീവൻ അവർക്ക് മുന്നറിയിപ്പ് നല്കി. വാനരന്മാർ രാമന് മുന്നിൽ കുമ്പിട്ട്, ദൃഢനിശ്ചയത്തോടെ ദൗത്യം സ്വീകരിച്ചു. പത്ത് ദിശകളിലേക്കും, ഏഴ് ദ്വീപുകളിലേക്കും സീതയെ തേടാൻ പതിനായിരം വാനരന്മാരെ വീതം അയക്കാൻ സുഗ്രീവൻ ഉത്തരവിട്ടു. ഹനുമാൻ, കാര്യക്ഷമനായി, വിപുലമായ വാനരസേനയെ സംഘടിപ്പിച്ച് സുഗ്രീവന്റെ ഉത്തരവ് നടപ്പാക്കി.
തുടർന്ന് രാമൻ ഹനുമാനെ അടുത്തു വിളിച്ചു. അവനിൽ പൂർണ്ണവിശ്വാസമർപ്പിച്ച്, തന്റെ പേര് കൊത്തിയ ഒരു മോതിരം ഹനുമാന് നൽകി. “ഇത് സീതയെ കാണിക്കൂ,” രാമൻ പറഞ്ഞു, “ഞങ്ങൾ രണ്ടുപേർക്കും മാത്രം അറിയാവുന്ന ഒരു രഹസ്യവാക്കും പറയൂ, അങ്ങനെ നീ എന്റെ ദൂതനാണെന്ന് അവൾക്ക് മനസ്സിലാകും.” ഹനുമാനും അവന്റെ വൻസംഘവും തെക്കോട്ട്, രാവണൻ സീതയെ കൊണ്ടുപോയതായി വിശ്വസിക്കപ്പെടുന്ന ലങ്കയിലേക്ക് യാത്ര തിരിച്ചു. വഴിയിൽ ഒരു രാക്ഷസനെ എതിർത്ത് കീഴടക്കി അവർ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
വാനരന്മാർ സീതയെ തേടുന്നു
ഹനുമാൻ, അംഗദൻ, നീലൻ എന്നിവർ തെക്കൻ പ്രദേശങ്ങളിലേക്കുള്ള തിരച്ചിലിന് നേതൃത്വം നൽകി. ദുർഘടമായ കാടുകളിലൂടെ യാത്ര ചെയ്യവേ, വിശപ്പും ദാഹവും അവരെ അലട്ടി. കുടിവെള്ളം തേടി നടക്കവേ, അവർ ഒരിരുണ്ട ഗുഹാദ്വാരം കണ്ടെത്തി. വെള്ളം ദൃശ്യമല്ലായിരുന്നെങ്കിലും, നനഞ്ഞ ചിറകുകളോടെ ഗുഹയിൽനിന്നും പറന്നുയരുന്ന പക്ഷികളെ കണ്ടപ്പോൾ അവർക്ക് പ്രതീക്ഷയുണ്ടായി. കൈകൾ കോർത്ത് ഒരു ശൃംഖല ഉണ്ടാക്കി, അവർ ഇരുട്ടിലേക്ക് നടന്നിറങ്ങി. അവിടെയവർ അത്ഭുതകരമായ ഒരു സ്വർഗ്ഗഭൂമിയിൽ എത്തിച്ചേർന്നു. നിർമ്മലമായ ജലാശയങ്ങൾ, പഴുത്തുപാകമായ ഫലങ്ങൾ, തിളങ്ങുന്ന പച്ചപ്പ് എന്നിവ നിറഞ്ഞ, സ്വർണ്ണനിറം തിളങ്ങുന്ന ഒരു മാന്ത്രിക വനം. മനുഷ്യസാന്നിധ്യം തീണ്ടാത്ത ഈ വനം ഒരു ദിവ്യലോകം പോലെ അവർക്ക് തോന്നി.
















