ഡോ. ആര്യാദേവി
പ്രാന്തസഞ്ചാലിക, രാഷ്‌ട്രസേവികാസമിതി
നിലയ്‌ക്കാത്ത പ്രചോദനത്തിന്റെ ഊര്‍ജസ്രോതസായിരുന്നു വന്ദനീയ പ്രമീളാതായ്. ഒരു പക്ഷേ, ആയിരുന്നു എന്ന ഭൂതകാല പ്രയോഗം ശരിയാണോ? ഒരാലിംഗനത്തിന്റെ താപനി
ല ഇപ്പോഴും ഉയര്‍ന്നു തന്നെയുണ്ട് മനസില്‍… മൂര്‍ദ്ധാവിലെ സ്‌നേഹചുംബനത്തിന്റെ ഗംഗാപ്രവാഹം അലയടിക്കുന്നുണ്ട് മനസില്‍…
കഴിഞ്ഞ മാസം കേന്ദ്രകാര്യാലയത്തില്‍ നിന്നു കിട്ടിയ വിവരമറിഞ്ഞ് പ്രമീളാതായ്‌യെ കാണാന്‍ പോയത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്തതാണ്- പൂര്‍ണബോധമുണ്ടായിരുന്ന അവര്‍ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സ്‌നേഹം പ്രകടമാക്കി. തീരെ കിടപ്പിലായിരുന്നിട്ടും വീല്‍ ചെയറില്‍ വന്ന് കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു. തിരികെവരുമ്പോള്‍ ഇനി എന്നുവരും എന്ന് ചോദിച്ചു. അടുത്ത പ്രാവശ്യം വരുമ്പോള്‍ ഈ സാരി ധരിച്ചു വരണമെന്നു പറഞ്ഞ് ഒരു സാരി സമ്മാനിച്ചു. തിരിച്ചുവരുമ്പോള്‍ 15 വയസില്‍ ഞാന്‍ കൂടെ കൂട്ടിയ എന്റെ ബേട്ടിയാണിവള്‍ എന്നു പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു.
സേവികമാര്‍ക്കെല്ലാം സ്‌നേഹവാത്സല്യങ്ങളും പ്രചോദനവും തന്ന ആ അമ്മപോയി. ചേതനയാര്‍ന്ന ആ സാന്നിധ്യം ഇനിയില്ല എന്നത് വേദനാപൂര്‍ണമായ യാത്ഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിലേറെ വലിയ യാഥാര്‍ത്ഥ്യമാണ് എക്കാലവും നിലനില്‍ക്കുന്ന തേജസുറ്റ ആ പ്രചോദനം.
മഹാരാഷ്‌ട്രയിലെ നന്ദൂര്‍ഖാരില്‍ 1929 ജൂണ്‍ എട്ടിനാണ് പ്രമീളാ മേഢേ ജനിച്ചത്. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫിലെ ജോലി രാജിവെച്ചാണ് സമിതിക്കുവേണ്ടി മുഴുവന്‍ സമയപ്രവര്‍ത്തകയായത്. 97 വര്‍ഷത്തെ അവരുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും ഒരു തപസ്സായിരുന്നു. രാഷ്‌ട്രകാര്യങ്ങളിലുള്ള ജാഗരൂകതയും സക്രിയതയും ധര്‍മാഭിമാനവും രാഷ്‌ട്ര നിഷ്ടയും അവരുടെ മുഖമുദ്രയായിരുന്നു. രാഷ്‌ട്രസേവികാസമിതിയുടെ കേന്ദ്രകാര്യാലയ പ്രമുഖ്, അഖില ഭാരതീയ പ്രമുഖകാര്യവാഹികസമിതിയുടെ ഭാഗത്തു നിന്നും വിശ്വവിഭാഗ് പ്രമുഖ്, തുടര്‍ന്ന് 2003 മുതല്‍ 2006 വരെ വന്ദനീയപ്രമുഖ സഞ്ചാലിക എന്നു ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2020 ല്‍ എസ്എന്‍ഡിടി വിശ്വവിദ്യാലയം അവര്‍ക്ക് ഡി ലിറ്റ് പദവി നല്‍കി ആദരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ വെച്ച് ഒരു പരിപാടിക്ക് പങ്കെടുക്കുന്ന സമയത്ത് മഹാരാഷ്‌ട്രയിലെ പാരമ്പര്യ രീതിയില്‍ സാരിതറ്റുടുത്ത് ദീര്‍ഘസമയം മനോഹരമായി ഇംഗ്ലീഷില്‍ സംസാരിച്ചത് പലരിലും അത്ഭുതമുളവാക്കി. കെനിയയില്‍ അവരുടെ ഉത്സാഹത്തില്‍ സേവികമാര്‍ക്കായി പ്രത്യേകം കാര്യാലയം തന്നെ നിര്‍മിക്കാന്‍ കഴിഞ്ഞു. സമിതിയിലെ ‘ദക്ഷ:’ എന്ന ആജ്ഞ മനസിലാക്കണമെങ്കില്‍ പ്രമീളാതായിയെ കണ്ടുപഠിക്കണം. പ്രവര്‍ത്തകര്‍ക്ക് അവര്‍ എന്നും സ്‌നേഹനിധിയായ അമ്മയോ, മുത്തശ്ശിയോ ഒക്കെ ആയിരുന്നു.
















