ഡോ. വി.കെ. വിജയകുമാര്‍
ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്,
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
25 ശതമാനം താരിഫ് ഭീഷണി ഒരു ടിപ്പിക്കല്‍ ട്രംപിയന്‍ സ്ട്രാറ്റജിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പൊതുവെയുള്ള ‘വടിയും കാരറ്റും’ തന്ത്രമാണിത്. വടികൊണ്ട് ചെറുതായി അടിക്കുക, അതേസമയം ഒരു ഇന്‍സെന്റീവായി ഒരു കാരറ്റ് കൊടുക്കുക. അങ്ങനെ കൂടിയാലോചനകളിലൂടെ ഒരു ഡീലില്‍ എത്തുക. ചുരുക്കത്തില്‍ ഭാരതവുമായി കൂടുതല്‍ വിലപേശല്‍ നടത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ആഗസ്ത് പകുതിയോടെ വീണ്ടും തുടങ്ങുന്ന ഭാരത-യുഎസ് കൂടിയാലോചനകളുടെ ഫലമായി കുറേക്കൂടി കുറഞ്ഞ താരിഫിലുള്ള അതായത് ഏകദേശം 20 ശതമാനം താരിഫിലുള്ള ഒരു ട്രേഡ് ഡീല്‍ ഉണ്ടാകാനാണ് സാധ്യത.
ഭാരതവും മറ്റു രാജ്യങ്ങളെ പോലെ ഇളവുകള്‍ നല്‍കി ഒരു ഇടക്കാല വ്യാപാര കരാറിന് തയ്യാറായിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ച് ക്ഷീര മേഖലയില്‍ ഒരു ഇളവും നല്‍കാന്‍ ഭാരതം തയ്യാറായില്ല. ഇതാണ് അനുകൂലമായൊരു വ്യാപാര കരാര്‍ ഉണ്ടാകാതിരിക്കാന്‍ പ്രധാന കാരണം. ഈ മേഖലകളില്‍ നമ്മല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. എന്നാല്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറയ്‌ക്കാന്‍ ഭാരതത്തിന് നിഷ്പ്രയാസം സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ അടക്കം മറ്റ് പ്രദേശങ്ങളൊക്കെ ഇത് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റു ചില കൂടിയാലോചനകള്‍ക്ക് സാധ്യതയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.
ഓഹരി നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ ഈ ഹ്രസ്വകാല തിരിച്ചടി ഒരു ദീര്‍ഘകാല അവസരമാണ്. നിഫ്റ്റി 24,500 എന്ന സപ്പോര്‍ട്ട് ലെവലില്‍ നിന്ന് താഴോട്ട് പോകാനുള്ള സാധ്യതയില്ല. വിപണി വീഴുമ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കും. വന്‍കിട നിക്ഷേപകരും ചില്ലറ നിക്ഷേപകരും ഈ അവസരത്തില്‍ വലിയതോതിലുള്ള വാങ്ങല്‍ നടത്തും. ബാങ്കിങ്, ധനകാര്യ ടെലികോം ഹോട്ടല്‍, ഓട്ടോമൊബൈല്‍ ഡിജിറ്റല്‍ കമ്പനികള്‍, സിമന്റ്, ക്യാപിറ്റല്‍ ഗുഡ്സ് മേഖലകളില്‍ വലിയ തിരിച്ചടിക്ക് സാധ്യതയില്ല. എന്നാല്‍ കയറ്റുമതി മേഖല ഹ്രസ്വകാല തിരിച്ചടി നേരിടേണ്ടി വരും. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലക്ക് തിരിച്ചടിയെ പ്രതിരോധിക്കാനുള്ള കെല്‍പുണ്ട്. 25 ശതമാനം നികുതിയില്‍ നിന്നും ഈ മേഖലയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫാര്‍മസി മേഖലക്ക് പ്രത്യേക താരിഫ് ഉണ്ടാകുമെന്നതിനാല്‍ ഈ മേഖലയെ ബാധിക്കും.











