മുംബൈ: ഹരിതോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന അദാനിയുടെ കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ ജെഫ്രീസ്. ഇപ്പോള്‍ 998 രൂപയില്‍ നില്‍ക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി 1300 രൂപയിലേക്ക് ഉയരുമെന്നാണ് ജെഫ്രീസ് നടത്തുന്ന പ്രവചനം.
ഇന്ത്യയിലുടനീളം സോളാറില്‍ നിന്നും കാറ്റില്‍ നിന്നും ഹൈബ്രിഡ് സംവിധാനങ്ങളില്‍ നിന്നും പുനരുപയോഗിക്കാവുന്ന വൈദ്യുതോര്‍ജ്ജം നിര്‍മ്മിക്കുന്ന കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി. 2025-26ലെ ആദ്യ സാമ്പത്തിക പാദത്തില്‍ മികച്ച ഫലം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ ഓഹരിക്ക് പോസിറ്റീവ് എന്ന വിലയിരുത്തലാണ് ജെഫ്രീസ് നല്‍കുന്നത്. നികുതി നല്‍കുന്നതിന് മുന്‍പുള്ള കമ്പനിയുടെ വരുമാനത്തില്‍ 26 ശതമാനമാണ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിനേക്കാള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 42 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ എപ്രില്‍-ജൂണ്‍ കാലയളവായ ആദ്യ സാമ്പത്തിക പാദത്തില്‍ 1.6 ജിഗാവാട്ട് വൈദ്യുതിയാണ് അധികമായി അദാനി ഗ്രീന്‍ എനര്‍ജി ഉല്‍പാദിപ്പിച്ചത്. -ജെഫ്രീസ് പറയുന്നു.
ഇതിനിടെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരി രണ്ടായി വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആഗസ്ത് ഒന്നിന് അദാനി ഗ്രീന്‍ എനര്‍ജി ബോര്‍ഡ് യോഗം ചേരും.
















