തൃശൂര്‍: ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ മകളെ ഉപദ്രവിച്ചിരുന്നത് ഭര്‍തൃമാതാവായ റംലയാണെന്നും മകള്‍ വിലക്കിയതു കൊണ്ടാണ് അതൊന്നും അന്ന് ചോദ്യം ചെയ്യാതിരുന്നതെന്നും ഇരിങ്ങാലക്കുടയില്‍ ജീവനൊടുക്കിയ ഫസീലയുടെ പിതാവ് റഷീദ്. ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം പീഡനം അനുഭവിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം നടത്തുമെന്നും റഷീദ് പറഞ്ഞു.
മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഗര്‍ഭിണിയായതിന്റെ പേരിലായിരുന്നു ഫസീലയ്‌ക്ക് കുറ്റപ്പെടുത്തലും മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഫസീല ടെറസില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. നെറ്റ് ഓഫ് ആയതിനാല്‍ ഒരു മണിക്കൂറിന് ശേഷമാണ് മാതാപിതാക്കള്‍ ഈ മെസേജ് കാണുന്നത്. അവര്‍ കൊടുങ്ങല്ലൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവര്‍ അവിടെ എത്തിയപ്പോഴേക്കും ഫസീല മരിച്ചിരുന്നു.
















