കോട്ടയം: സ്‌കൂളുകളില്‍ മധ്യവേനലവധി ജൂണ്‍ ജൂലായ് മാസങ്ങളിലേക്കു മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന മന്ത്രി ശിവന്‍കുട്ടിയുടെ അഭിപ്രായം പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുടെ പൊടിപൂരം! മഴക്കാലത്തെ അവധിക്ക് മധ്യവേനലവധി എന്നതിനു പകരം പുതിയ പേരുകണ്ടെത്തേണ്ടിവരുമെന്നതടക്കമുള്ള ഒട്ടേറെ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്.
അഭിപ്രായങ്ങളുടെ സാമ്പിള്‍ ഇതാ : എന്റെ മന്ത്രി സാറേ, വെറുതെ വിഡ്ഢിത്തരം പറയാനും ചെയ്യാനും നില്‍ക്കരുത്. ഏപ്രില്‍ മെയ് മാസത്തില്‍ കടുത്ത വെയിലായിരിക്കും. വേനല്‍ക്കാലത്ത് വിയര്‍ത്ത് ഒലിച്ചായിരിക്കും സ്‌കൂളിലേക്കും തിരിച്ചും കുട്ടികളുടെ യാത്ര. നല്ല ക്ഷീണം ഉണ്ടാകും. മടുപ്പും ഉന്മേഷക്കുറവും ഉണ്ടാകും. ഇപ്പോള്‍ ഉള്ളതുപോലെതന്നെ മതി.
മറ്റൊരാള്‍ ഇങ്ങനെ പറയുന്നു: വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും കൂടുതലുള്ള സമയത്ത് കുട്ടികള്‍ വീട്ടിലിരിക്കുന്നതിനേക്കാളും സുരക്ഷിതം സ്‌കൂളില്‍ ആയിരിക്കുന്നതാണ്. ഭൂരിപക്ഷം വീട്ടിലും പകല്‍ സമയത്ത് മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന അവസ്ഥയുമാണ്. അത് കൂടുതല്‍ കുഴപ്പമാവുകയേയുള്ളൂ.
മറ്റൊന്ന് : മനുഷ്യന്‍ ജീവിക്കുന്നത് പഠിക്കാനും പണിയെടുക്കാനും വേണ്ടി മാത്രമല്ല. ഇടയ്‌ക്ക് ആഘോഷിക്കാനുമാണ്. കനത്ത മഴയുള്ള സമയത്ത് അവധി കിട്ടിയാല്‍ മണ്ണിടിച്ചിലും ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അടച്ചിടലും മൂലം വിനോദയാത്ര പോവാന്‍ പോലും പറ്റില്ല. വെക്കേഷന്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വേണം എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ കാര്യമായ വെയിലൊന്നും ഇല്ലാതെ വെക്കേഷന്‍ അടിച്ചുപൊളിക്കാം.















