നാഗ്പൂര്‍: രാഷ്‌ട്ര സേവികാ സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെ(97) അന്തരിച്ചു. 97 വയസായിരുന്നു.വ്യാഴാഴ്ച രാവിലെ9.05 ന് ദേവി അഹല്യ മന്ദിറിലായിരുന്നു അന്ത്യം.
പ്രമീളാതായ്ജിയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം വെളളിയാഴ്ച രാവിലെ എട്ടിന് എയിംസിലേക്ക് ദാനം ചെയ്യും. 2006- 2012 വരെ സേവികാ സമിതിയുടെ പ്രമുഖ് സഞ്ചാലിക ചുമതല വഹിച്ചു. സംഘടനയുടെ നാലാമത് പ്രമുഖ് സഞ്ചാലിക ആയിരുന്നു പ്രമീളാ തായ്ജി.
മഹാരാഷ്‌ട്രയിലെ നന്ദൂര്‍ഖാറില്‍ 1929 ജൂണ്‍ എട്ടിനാണ് പ്രമീളാ മേഢെ ജനിച്ചത്. പത്ത് വയസ് മുതലേ സേവികാസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സേവികാ സമിതി സ്ഥാപക ലക്ഷ്മിബായ് കേള്‍ക്കര്‍ക്കൊപ്പം ഭാരതമാസകലം സഞ്ചരിച്ചു. 1978 മുതല്‍ 2003 വരെ 25 വര്‍ഷം സംഘടനയുടെ പ്രമുഖ് കാര്യവാഹികയായിരുന്നു. 2003ല്‍ പ്രമുഖ് സഹ സഞ്ചാലികയായി. ലക്ഷ്മിബായ് കേള്‍ക്കറുടെ ജീവിതദര്‍ശനം ഭാരതമാകെ എത്തിക്കുന്നതിനായി എഴുപത്തഞ്ചാം വയസില്‍ പ്രമീള തായ് നടത്തിയ ഭാരതപര്യടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 2004 ആഗസ്ത് ഒമ്പത് മുതല്‍ 266 ദിവസം കൊണ്ട് 107 കേന്ദ്രങ്ങളില്‍ അവരെത്തി. കന്യാകുമാരി മുതല്‍ ജമ്മുകശ്മീര്‍ വരെ, ജൂനഗഢ് മുതല്‍ ഇംഫാല്‍ വരെ 28000 കിലോമീറ്റര്‍ യാത്ര ചെയ്തു. ഈ യാത്രയ്‌ക്കിടെ വനവാസി മേഖലകളിലടക്കം 107 പരിപാടികളില്‍ സംസാരിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഹല്യാമന്ദിറിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രമീളാ തായിയുടെ ജീവിതം തന്നെ അവരുടെ മഹത്വത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
















