ന്യൂയോർക്ക് : ബുധനാഴ്ച രാത്രി സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോയ ഡെൽറ്റ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് വിമാനം മിനിയാപൊളിസ്-സെന്റ് പോൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ഇതിനുശേഷം വിമാനത്തിലെ യാത്രക്കാരെ ഉടൻ തന്നെ മെഡിക്കൽ സംഘങ്ങൾ സ്വീകരിച്ചുവെന്നും 25 പേരെ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കുമായി പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി എന്നും എയർലൈൻ അറിയിച്ചു. ഗുരുതരമായ പരിക്കുകൾ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു.
അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ജെറ്റ് സ്ട്രീമിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം, ഇത്തരം സംഭവങ്ങൾ ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2024 മെയ് മാസത്തിൽ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ഉണ്ടായ കടുത്ത ടർബുലൻസ് മൂലം ഒരാൾ മരിച്ചിരുന്നു. ഒരു പ്രധാന വിമാനക്കമ്പനിയിൽ ടർബുലൻസ് മൂലം ഒരാൾ മരിക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ്.
















