ആലപ്പുഴ: നെല്‍ക്കര്‍ഷകര്‍ ശക്തമായ പ്രതിഷേധം തുടരുമ്പോഴും സിവില്‍ സപ്ലൈസ് വഴി സംഭരിച്ച നെല്ലിന്റെ വില നല്കാതെ സര്‍ക്കാര്‍. കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത് 592 കോടിയിലധികം രൂപ. വെള്ളപ്പൊക്കക്കെടുതി നേരിടുന്ന കുട്ടനാട്ടിലടക്കം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ അവഗണന തുടരുന്നതിനെതിരേ കര്‍ഷക മോര്‍ച്ചയടക്കം പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ മുതല്‍ കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വിലയാണ് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ളത്. രണ്ടാഴ്ചയ്‌ക്കു മുമ്പു പാഡി ഓഫീസില്‍ കര്‍ഷകര്‍ ഉപരോധ സമരം നടത്തിയപ്പോള്‍ 100 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 592 കോടി കുടിശികയാണ്. രണ്ടാം കൃഷിക്കൊരുങ്ങുന്ന പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്കു മുന്നോട്ടുപോകാനാകുന്നില്ല.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട എംഒയുവില്‍ നെല്ലു സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ വില നല്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാസങ്ങള്‍ വൈകിയിട്ടും നെല്ലുവില അനുവദിക്കുന്നില്ല. നെല്ലുവിലയായി കര്‍ഷകര്‍ക്കു ലഭിക്കുന്നത് കിലോയ്‌ക്ക് 28.20 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച താങ്ങുവില 5.01 രൂപ സംസ്ഥാനം വെട്ടിക്കുറച്ചു. വെട്ടിക്കുറച്ചതു കൂടി ഉള്‍പ്പെടുത്തി 33.21 രൂപ കര്‍ഷകര്‍ക്കു നല്കണം.
പമ്പിങ് സബ്സിഡി, വിത്തു ലഭ്യമാക്കല്‍, പുറംബണ്ട് ശക്തമാക്കല്‍ തുടങ്ങി നെല്‍ക്കര്‍ഷകര്‍ക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും സമയബന്ധിതമായി നല്കുന്നില്ല. പല കര്‍ഷകരും ഇതുമൂലം രണ്ടാം കൃഷിയില്‍ നിന്നു പിന്മാറുകയാണ്. കൈയിലെ കാശുകൊണ്ടും അധ്വാനം കൊണ്ടും വിളയിച്ചെടുത്ത നെല്ല് സര്‍ക്കാരിനു നല്കിയ ശേഷം വില കിട്ടാന്‍ സമര രംഗത്തിറങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
















