ന്യൂദല്‍ഹി: ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കുന്നതിന് ഓസ്ട്രേലിയയില്‍ നിന്നുള്ള മൂന്ന് സര്‍വകലാശാലകള്‍ക്കും യുകെയില്‍ നിന്നുള്ള ഒരു സര്‍വകലാശാലക്കും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നല്‍കിയ ലെറ്റേഴ്‌സ് ഓഫ് ഇന്റന്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എബിഎസ്എസ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് ഇവ കൈമാറിയത്.
വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റര്‍ നോയിഡയിലും ലാ ട്രോബ് യൂണിവേഴ്സിറ്റി ബെംഗളൂരുവിലും വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലും കാമ്പസ് തുറക്കും, ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി മുംബൈയിലാണ് കാമ്പസ് തുറക്കുക. ഇതോടെ ലെറ്റേഴ്‌സ് ഓഫ് ഇന്റന്റ് കൈമാറിയ സര്‍വകലാശാലകളുടെ എണ്ണം ആറായി. ഒരു കാമ്പസ് ഇതിനകം തുറന്നിട്ടുണ്ട്.
‘ഇത്തരത്തിലുള്ള നിരവധി കാമ്പസുകള്‍ വരാനിരിക്കുന്നു’വെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാമ്പസ് ഉദ്ഘാടനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 4,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി തുടക്കം കുറിച്ചു.
















