കൊല്ലം:ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
സതീ ഷിന്റെ ശാരീരിക – മാനസിക പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. കേസ് അന്വേഷിക്കാന്‍ എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ പ്രത്യേക എട്ടംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
ഇതിനിടെ, നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നാട്ടില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
















