കൊച്ചി: പ്രമുഖ ഐടി വ്യവസായിയെ പെണ്‍കെണിയില്‍ പെടുത്തി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ദമ്പതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ചാവക്കാട് സ്വദേശി ശ്വേത ബാബു- കൃഷ്ണരാജ് എന്നിവര്‍ക്കാണ് വ്യവസ്ഥകളോടെ എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. വ്യവസായിയില്‍ നിന്ന് അമ്പതിനായിരം രൂപ വാങ്ങിയെന്നും 10 കോടി രൂപയുടെ രണ്ട് ചെക്കുകള്‍ ദമ്പതികള്‍ കൈപ്പറ്റിയെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. വ്യവസായിയുമായി അടുപ്പം സ്ഥാപിച്ച ശേഷം രഹസ്യമായി നടത്തിയ ചാറ്റുകള്‍ ഉള്‍പ്പെടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. അന്വേഷണവുമായി സഹകരിക്കണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
30 കോടി രൂപയാണ് പ്രതികള്‍ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി നല്‍കി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും അറിയിച്ചു. തുടര്‍ന്നാണ് വ്യവസായി പൊലീസില്‍ പരാതി നല്‍കിയതും ഇന്നലെ ശ്വേതയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതും.
















