തിരുവനന്തപുരം: വയനാട് ദുരന്ത സമയത്ത് കാര്യങ്ങള്‍ മാനേജ്
ചെയ്യുന്നതില്‍ വിജയിക്കാനായെങ്കിലും പുനരധിവാസ കാര്യത്തില്‍ അതുണ്ടായില്ലന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും പുരധിവാസം നടത്താനായിട്ടില്ല. മാനേജ്‌മെന്റിന്റേയും നേതൃത്വത്തിന്റേയും പരാജയമാണത്.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മികവാണ് മാനേജ്‌മെന്റില്‍ ഏറ്റവും പ്രധാനം.ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ ദ്വിദിന വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഉള്‍പ്പെടെ ഏതു മേഖലയിലും മാനേജ്‌മെന്റ് മികവാണ് യഥാര്‍ഥത്തില്‍ പരീക്ഷിക്കപ്പെടുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാനേജ്‌മെന്റ് മികവാണ് ഒരാളെ മികച്ച നേതാവാക്കുന്നത്. മനുഷ്യത്വമുള്ളവരാകുക എന്നത് മാനേജ്‌മെന്റിലെ സുപ്രധാന വിഷയമാണ്. ഒരു നല്ല മനുഷ്യന് മാത്രമേ മികച്ച നേതാവാകാന്‍ കഴിയൂ.
പ്രവൃത്തിയിലൂടെ ആര്‍ജ്ജിച്ചെടുക്കണ്ട ഈ കഴിവ് ഒരു പാഠപുസ്തകത്തിലൂടെയും ലഭിക്കാത്തതാണ്. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ശങ്കരാചാര്യര്‍, മഹാരാജ ശിവജി തുടങ്ങിയവരുടെ ജീവിതത്തിലും കര്‍മ്മത്തിലും ഈ മാനേജ്‌മെന്റ് പാടവമുണ്ട്.
ഉള്‍ക്കൊള്ളാനും പകര്‍ത്താനുമുള്ള മാതൃകയാണ് അവരുടേത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഇത് നേടിയെടുക്കാനാകും. ഒരു പ്രശ്‌നത്തെ നേരിടാനും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുമുള്ള നേതൃപാടവത്തിനും മാനേജ്‌മെന്റ് മികവിനുമുള്ള മികച്ച ഉദാഹരണമാണ് പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
















