വാഷിംഗ്ടണ്‍:ഇന്ത്യയ്‌ക്ക് മേല്‍ 25% തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തും.
അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ആഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമയപരിധിക്ക് രണ്ട് ദിവസം മുമ്പ് തന്നെ ട്രംപ് പുതിയ നീക്കം നടത്തിയിരിക്കുകയാണ്.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും കുറ്റപ്പെടുത്തിയത്.
‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ താരിഫ് വളരെ ഉയര്‍ന്നതാണ്. വര്‍ഷങ്ങളായി നമ്മള്‍ അവരുമായി വളരെ കുറച്ച് ഇടപാടുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവയില്‍ ഒന്നാണ് ഇന്ത്യയുടേത് . കൂടാതെ മറ്റ് ഏതൊരു രാജ്യത്തേക്കാള്‍ കൂടുതല്‍ വ്യാപാര തടസങ്ങള്‍ അവര്‍ക്കുണ്ട്,” എന്ന് ട്രംപ് എക്സ് പോസ്റ്റില്‍ കുറിച്ചു. അതിനാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്ത്യ 25% താരിഫും റഷ്യന്‍ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നല്‍കേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു.
റഷ്യയുമായുള്ള ഇന്ത്യയുടെ സൈനിക, ഊര്‍ജ്ജ പങ്കാളിത്തം തുടരുന്നതിനെ ട്രംപ് വിമര്‍ശിച്ചു. സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങിയിരുന്നത് റഷ്യയില്‍ നിന്നാണ് എന്ന് ട്രംപ് പറഞ്ഞു. യുക്രെയ്‌നിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്ത്, ചൈനയ്‌ക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജ വിപണിയായി ഇന്ത്യ മാറിയത് നിസാര കാര്യമല്ല എന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ചുമത്തിയുളള പ്രഖ്യാപനത്തിന് ശേഷവും, ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടു വീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും താത്പര്യം സംരക്ഷിക്കും. അമേരിക്കയുടെ തീരുവ ചുമത്തലിന്റെ പ്രത്യാഘാതം പഠിക്കാനാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
















