കോട്ടയം : വന്യജീവി ആക്രമണത്തിനിരയാകുമ്പോഴുള്ള സഹായം സ്വന്തം പേരിലാക്കി നൽകി ജനങ്ങളെ കബളിപ്പിച്ച് തലയൂരുന്ന നയ സമീപനം ഇനിയെങ്കിലും സർക്കാരും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഈ ഇരട്ടത്താപ്പ് സമീപനം തിരുത്തണം. പാവപ്പെട്ട ജനതയെ വഞ്ചിക്കുന്നത് നിർത്തണം. പകരം വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ഇത് ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതിക്ക് ‘രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാനായി ഭരണ പ്രതിപക്ഷങ്ങൾ ഒരുമിക്കുന്നതാണ് പതിവ് രീതി. ഭരണകക്ഷി തന്നെ നേതൃത്വം നൽകി സമരം സംഘടിപ്പിക്കും. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതോടെ ഗുരുതരമായ പ്രശ്നത്തിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്കരിക്കേണ്ടത്. അതിന് ഇനിയും കാലം വിളംബം വരുത്തരുത്.
2023ലെ കേന്ദ്ര നിയമപ്രകാരം ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. മരിച്ച ഉടനെ അഞ്ച് ലക്ഷവും പിന്നീട് രേഖകൾ സഹിതം ഉള്ള അപേക്ഷയിൽ അടുത്ത ഘട്ടവും അനുവദിക്കണമെന്നാണ് ചട്ടം. ഇത് ഇതുവരെ നടന്ന എല്ലാ ദുരന്തങ്ങളിലും പാലിച്ചിട്ടുള്ളതാണ്. കേന്ദ്രസർക്കാരിൻറെ ഈ സേവനത്തെ തങ്ങളുടെ ഔദാര്യമാക്കി മേനി നടിക്കുകയാണ് ഇവിടുത്തെ മന്ത്രിമാർ ചെയ്യുന്നത്.
കേരളത്തിൻറെ വനം മന്ത്രി കോട്ടയത്ത് ഉണ്ടായിരുന്ന ദിവസമാണ് മുണ്ടക്കയം മതമ്പയിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നത്. ദുരന്തബാധിത സ്ഥലത്തേക്ക് ഒന്ന് വരാനുള്ള മനസ്സ് പോലും മന്ത്രി കാട്ടിയില്ല. അതേ സമയം കോട്ടയംകാരനായ മന്ത്രി ആകട്ടെ കേന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ച് മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.
മുണ്ടക്കയം മേഖലയിൽ സമീപകാലത്ത് ഉണ്ടാവുന്ന രണ്ടാമത്തേ ദുരന്തമാണിത്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനും കർഷകരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരോ വനം വകുപ്പോ സ്വീകരിക്കുന്നില്ല. ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ആശ്വാസകരമായ ഒരു തുടർ നടപടിയും പിന്നീട് എടുക്കുന്നുമില്ല.
ജൈവവേലി, വൈദ്യുത വേലി മൃഗങ്ങളെ തുരത്താനുള്ള പരമ്പരാഗത മാർഗങ്ങൾ ഇവയൊക്കെ സ്വീകരിക്കാൻ മലയോര മേഖലയിലുള്ള ജനങ്ങളെ ഉപദേശിക്കുന്ന മാത്രമാണ് വനം വകുപ്പ് ചെയ്യുന്നതെന്നും എൻ. ഹരി പറഞ്ഞു.
















