കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ശമ്പള കുടിശ്ശിക ലഭിക്കാനായി പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ക്ക് സഞ്ചരിക്കാന്‍ ആഡംബര കാര്‍. 35 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുത്തന്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാങ്ങിയതെന്നാണ് വിവരം. നിലവില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധി കഴിയും മുന്‍പാണ് ഈ ധൂര്‍ത്ത്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ ആഡംബര കാറിലാണ് സഞ്ചാരം. പുതിയ പ്രസിഡന്റായി ഒ.കെ. വാസു ചാര്‍ജെടുക്കുന്നതോടെ കമ്മിഷണറുടെ കരങ്ങള്‍ക്ക് ശക്തിയാര്‍ജിക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 4ന് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ രാവിലെ 11ന് ആണ് സത്യപ്രതിജ്ഞ. പുതിയ അംഗമായി കെ.എന്‍. ഉദയനും അന്ന് ചാര്‍ജ്ജെടുക്കും. ദേവസ്വം മന്ത്രി വി.എന്‍. വാസവനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ അധികാരപ്രമത്തത കാണിച്ച ബിജുവിന്റെ സ്ഥാനലബ്ധിയില്‍ ജീവനക്കാര്‍ ഏറെ അസ്വസ്ഥരാണ്. ഡെ. കമ്മിഷണറായിരിക്കെ തന്റെ മുമ്പാകെ വന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോയെന്ന ആരോപണം നേരിട്ട വ്യക്തിയാണ് കമ്മിഷണറായിരിക്കുന്നത്.
ഹര്‍ജികള്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിച്ചാലും തീര്‍പ്പാകാത്ത സാഹചര്യമെന്നാണ് ജീവനക്കാരുടെ പരാതി. ഓരോ വിചാരണക്കും ഹാജരാകുന്ന അഭിഭാഷകന് ആയിരങ്ങള്‍ പ്രതിഫലം നല്‍കേണ്ട ഗതികേടിലായിരുന്നു അവര്‍. കാര്യക്ഷമമായി ഭരണം നടന്നുവന്നിരുന്ന ക്ഷേത്രങ്ങളില്‍ പരാതിയുണ്ടാക്കി പിടിച്ചെടുക്കുന്ന രീതിയും ബിജു ഡെ. കമ്മിഷണര്‍ ആയിരുന്ന കാലയളവില്‍ ഉണ്ടായി.
ക്ഷേത്രാഭിവൃദ്ധി ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം സ്വാര്‍ത്ഥ താത്പര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യമിട്ടുള്ള കോടികളുടെ നിര്‍മാണ പ്രവൃത്തികളാണ് പണമുള്ള ക്ഷേത്രങ്ങളില്‍ ബിജുവിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തുന്നത്. 20 കോടിയോളം രൂപ ചെലവില്‍ കൊയിലാണ്ടി പിഷാരികാവില്‍ പണിത കെട്ടിടം നോക്കുകുത്തിയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളായ കാടാമ്പുഴ, മമ്മിയൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ബിനാമിയായി ഉദ്യോഗസ്ഥരെ ഡെപ്യൂട്ടഷനില്‍ അയച്ച് ഭരണം കൈപ്പിടിയിലൊതുക്കിയെന്ന ആരോപണവും ഉണ്ട്.
മാനദണ്ഡമില്ലാതെ ആളുകളെ ജോലിക്ക് നിയമിക്കുന്നത് വഴി സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന കോടിക്കണക്കിനു രൂപ അനാവശ്യമായി ചെലവഴിക്കുന്നതിനുള്ള വഴി തുറക്കപ്പെട്ടു. നാല് ജീവനക്കാര്‍ ജോലി ചെയ്യേണ്ട ക്ഷേത്രങ്ങളില്‍ എട്ടും പത്തും ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഉള്ള ആളുകള്‍ക്ക് പോലും ശമ്പളം നല്‍കാന്‍ ഗതിയില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവുകയാണ്. മലബാര്‍ ദേവസ്വം രക്ഷപ്പെടണമെങ്കില്‍ സംശുദ്ധ വ്യക്തിത്വമുള്ളയാള്‍ കമ്മിഷണറായി വരണമെന്നാണ് ക്ഷേത്ര ജീവനക്കാരുടെയും ക്ഷേത്രഭരണാധികാരികളുടെയും ആവശ്യം.
















