ഇരിക്കൂര്‍ (കണ്ണൂര്‍): ഇരിക്കൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു. നിക്ഷേപകര്‍ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെരാത്രി വൈകിയും ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകളാണ് പകലും രാത്രിയും ബാങ്കില്‍ പ്രതിഷേധിച്ചത്. 5 കോടിയോളം രൂപ തിരിമറി നടത്തിയ സെക്രട്ടറി ഒളിവിലാണ്. സെക്രട്ടറി മനീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. നിക്ഷേപകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പേ യുഡിഎഫ് ഭരണസമിതി രാജിവെച്ചിരുന്നു. കെ.ആര്‍. അബ്ദുള്‍ ഖാദര്‍ കണ്‍വീനറായുള്ള മൂന്നംഗ അഡ്മിസ്‌ട്രേറ്റീവ് ഭരണസമിതിയാണ് നിലവിലുളളത്.
തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകര്‍ രാത്രി 12 മണി വരെ ബാങ്കിലിരുന്ന് പ്രതിഷേധിച്ചു. നിക്ഷേപിച്ച തുകയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലെ മുന്‍ ഭരണ സമിതിയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള വായ്‌പാ തിരിമറികളാണ് ബാങ്കിനെ കടക്കെണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് നിലവിലെ ബാങ്ക് ഭരണസമിതി കണ്‍വീനര്‍ വ്യക്തമാക്കി.
ബാങ്കില്‍ നിന്ന് വായ്‌പ എടുത്ത് തിരിച്ചടയ്‌ക്കാത്തവര്‍ക്കെതിരെ റിക്കവറി ഉള്‍പ്പെടെ നടത്തി പണം തിരികെ പിടിച്ച് നിക്ഷേപകരുടെ പണം മുഴുവനും കൊടുത്തു തീര്‍ക്കുമെന്നും കണ്‍വീനര്‍ ഉറപ്പ് നല്‍കിയതോടെയാണ് ആളുകള്‍ ബാങ്കില്‍ നിന്ന് പിരിഞ്ഞു പോയത്. കോടികളുടെ അഴിമതി നടത്തിയ ബാങ്ക് സെക്രട്ടറിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
















