ബെംഗളൂരു: ധര്‍മസ്ഥലയില്‍ നാനൂറിലധികം മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ മണ്ണ് നീക്കിയുള്ള പരിശോധന ചൊവ്വാഴ്ച ആരംഭിച്ചു. വെളിപ്പെടുത്തല്‍ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പര്‍ ഒന്നില്‍ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐടി സംഘം അറിയിച്ചു.
കനത്ത മഴയായതിനാല്‍ സ്ഥലത്ത് ചെളിയും വെള്ളക്കെട്ടുമാണ്. മൂന്നടി താഴ്ചയില്‍ കുഴിച്ചു നോക്കിയിട്ടും നിലവില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പുഴക്കര ആയതിനാല്‍ കുഴിച്ചുനോക്കി പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. കൂടുതല്‍ പരിശോധനയ്‌ക്ക് ജെസിബി എത്തിച്ചിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ കുഴിക്കാന്‍ തയ്യാറാണെന്നും നിലവില്‍ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാല്‍ മണ്‍വെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതല്‍ കുഴിക്കാന്‍ സാധിക്കുന്നില്ലെന്നും എസ്‌ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൃതദേഹാവശിഷ്ടം ലഭിച്ചാല്‍ എസ്‌ഐടി അതില്‍ നിന്ന് മണ്ണും എല്ലിന്റെ ഭാഗങ്ങളില്‍ നിന്ന് സാമ്പിളുകളും ശേഖരിക്കും. മൃതദേഹ അവശിഷ്ടം കിട്ടിയതിന് 20 മീറ്ററോളം ചുറ്റളവ് കെട്ടിയടച്ച് പരിശോധിക്കും. വസ്ത്രമോ മറ്റെന്തെങ്കിലും വസ്തുക്കളോ കിട്ടിയാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇവ സഹായിക്കും. ഫോറന്‍സിക് വിദഗ്ധരും ആന്ത്രോപോളജിസ്റ്റും ചേര്‍ന്നായിരിക്കും മൃതദേഹ അവശിഷ്ടം പരിശോധിക്കുക. മൃതദേഹത്തിന്റെ ലിംഗ പരിശോധനയും ഉണ്ടാകും. പ്രായം, ഉയരം, അവശിഷ്ടത്തിന്റെ പഴക്കം, എല്ലിന്മേല്‍ പാടുകള്‍ എന്നിവ ഉണ്ടോ എന്നും പരിശോധിക്കും. ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിക്കും. ധര്‍മസ്ഥലയിലെ നേത്രാവതി നദിക്കരയുള്‍പ്പെടെ 13 ഇടങ്ങളാണ് തിങ്കളാഴ്ച പ്രത്യേകാന്വേഷണ സംഘത്തിന് മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച് നല്‍കിയത്. ഇയാള്‍ കാട്ടിക്കൊടുത്ത മുഴുവന്‍ സ്ഥലത്തും എസ്‌ഐടി ജിയോ ടാഗിങ് നടത്തിയിട്ടുണ്ട്. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്.
















