വി.എസ്. അച്യുതാനന്ദന് സിപിഎം ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ചിരുന്നു എന്നത് ഒരു തര്ക്കവിഷയല്ല. മരിച്ചുപോയ വിഎസ് ജീവിച്ചിരുന്ന വിഎസിനെക്കാള്‍ കരുത്തനും,
പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും സ്വീകാര്യനുമാണെന്നും വലിയ അമ്പരപ്പോടെ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍, പാര്‍ട്ടി ഒരുകാലത്തും വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ചിരുന്നില്ലെന്ന് ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ്. തിരുവനന്തപുരം സമ്മേളനത്തില്‍ യുവ നേതാവ് എം. സ്വരാജും, ആലപ്പുഴ സമ്മേളനത്തില്‍ ചിന്താ ജെറോമും വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഇരുവരും മറ്റ് നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കാം ഈ മലക്കം മറിച്ചില്‍. തിരുവനന്തപുരം സമ്മേളനത്തിനുശേഷം പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴും, ആലപ്പുഴ സമ്മേളനം ബഹിഷ്കരിച്ചും, പാര്‍ട്ടിയിലെ ചിലര്‍ തനിക്ക് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ചിരിക്കുകയാണെന്ന് വിഎസ് സ്ഥിരീകരിച്ചിട്ടുള്ളതാണ്. വിഎസ് ഇങ്ങനെ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. സിപിഎം നേതാക്കള്‍ നിഷേധിക്കുന്തോറും ഈ ദൃശ്യങ്ങള്‍ കൂടുതല്‍ പ്രചരിക്കുകയുമാണ്. അതിനാല്‍ സിപിഎം നേതാക്കളുടെ നിഷേധ പ്രസ്താവനകള്‍ പരിഹാസ്യമായിത്തീരുന്നു. പതിവ് രീതിയിലുള്ള നുണപ്രചാരണം മാത്രമായേ ജനങ്ങള്‍ അത് കണക്കിലെടുക്കുന്നുള്ളൂ.
ജീവിച്ചിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയാണ് വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ചിരുന്നതെങ്കില്‍ മരണശേഷം വിഎസ് ആണ് പാര്‍ട്ടി നേതൃത്വത്തിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിക്കുന്നത്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി വിഎസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം നടന്നത്. ഒരുവേള ശാരീരികമായി പോലും വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്കാന് പാര്‍ട്ടിയിലെ പ്രബല വിഭാഗം ആഗ്രഹിച്ചിരുന്നോ എന്നുപോലും സംശയിക്കേണ്ടിവരും. ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടി നേതൃത്വത്തിന്റെ സകലവിധ ഒത്താശയോടെയും പൈശാചികമായി വധിച്ചത് വിഎസിനുള്ള മുന്നറിയിപ്പായിരുന്നില്ലേ? വിഎസും ഇത് തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തിയും ധിക്കരിച്ചും വിഎസ് ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. തന്റെ മുഖ്യമന്ത്രിപദ ലഭ്യതയ്ക്ക് തടസ്സമാകുമെന്ന് കണ്ടാണ് പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ വി എസ് പക്ഷത്തെ ഒന്നടങ്കം വെട്ടിനിരത്തി പിണറായി വിജയന് പാര്‍ട്ടിയെ പിടിച്ചെടുത്തത്. സ്വന്തം തട്ടകമായ മാരാരിക്കുളത്ത് വിഎസിനെ തോല്‍പ്പിച്ചതും, അടുത്ത നിയമസഭാ തെ രഞ്ഞെടുപ്പില്‍ ആദ്യം വിഎസിന് സീറ്റ് നിഷേധിച്ചതും, മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം ഭരിച്ച വിഎസിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ ഇടതുമുന്നണിയെത്തന്നെ തോല്‍പ്പിച്ചതും പിണറായി വിജയന് മുഖ്യമന്ത്രിയാവാനുള്ള മോഹം കൊണ്ടാണെന്ന് പതിറ്റാണ്ടുകള്‍ പാര്‍ട്ടി സഹയാത്രികരായിരുന്ന പലരും ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണല്ലോ. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം മുഖ്യമന്ത്രിയായപ്പോഴും വിഎസിനോടുള്ള പിണറായിയുടെ പക തെല്ലുപോലും കുറഞ്ഞില്ല.
ഒരിക്കല്‍ പറഞ്ഞത് പാടേ നിഷേധിക്കുക, അതുവരെ വാദിച്ച് സമര്ത്ഥിച്ചുകൊണ്ടിരുന്നതിന് കടകവിരുദ്ധമായി സംസാരിക്കുക, ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നവരെ കടന്നാക്രമിക്കുക, തെറ്റ് ചൂണ്ടിക്കാട്ടുന്നവര്‍ കുറ്റക്കാരും തിരുത്താന്‍ തയ്യാറല്ലാത്ത തങ്ങള്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുന്നവരാണെന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കുക. കമ്മ്യൂണിസ്റ്റ് ശൈലിയാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം എടുത്താല്‍ ഇതിന് അപവാദമായി വളരെ കുറച്ചു പേര് മാത്രമേ ഉണ്ടാവുകയുള്ളൂ. സത്യം മറച്ചുപിടിച്ച് യുക്തിഭദ്രമായി നുണ പറയാനും, ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത വിധത്തില്‍ കാപട്യത്തോടെ പെരുമാറാനും കമ്മ്യൂണിസ്റ്റുകള്‍ക്ക് മടിയില്ല. ഇത്തരക്കാരുടെ കൂടാരമാണ് ഇപ്പോഴത്തെ സിപിഎം.
ജീവിച്ചിരുന്നപ്പോള്‍ വിഎസിനെ നിന്ദിക്കുകയും അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചതിക്കുകയും ചെയ്തവരാണ് ഇന്ന് പിണറായി വിജയനൊപ്പം നില്ക്കുന്ന സിപിഎം നേതാക്കള്‍. വിഎസിന്റെ രാഷ്ട്രീയ-ഭരണ നിലപാടുകളെ എതിര്‍ക്കുകയല്ല ഇവര്‍ ചെയ്തത്. ടി.പി. ചന്ദ്രശേഖരനെ പോലെ വിഎസും കുലംകുത്തിയാണെന്ന് വരുത്തി ത്തീര്‍ക്കുകയായിരുന്നു. ഒപ്പം നിന്നും അല്ലാതെയും വിഎസിനെ ചതിച്ചവരും അപമാനിച്ചവരും പരാജയപ്പെടുത്തിയവരും പിണറായിയുടെ കാലത്ത് അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. കെ.എന്‍. ബാലഗോപാലും എം. സ്വരാജും ചിന്ത ജെറോമുമൊക്കെ ഇപ്രകാരം സ്ഥാനമാനങ്ങള്‍ ലഭിച്ചവരാണ്. ഫ്യൂഡല്‍ മാടമ്പിയെപ്പോലെ പെരുമാറുന്ന എം. സ്വരാജ്, എംഎല്‍എയും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി എഡിറ്ററും ഒക്കെയായി. ഏറ്റവും ഒടുവില്‍ വിഎസ് മരണം കാത്തുകിടക്കുമ്പോള്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയുമായി.
ഇതേ സ്വരാജ് ഇപ്പോള്‍ പറയുന്നത് മരണത്തിനു ശേഷവും വിഎസിനെ എതിരാളികള്‍ ആക്രമിക്കുന്നു എന്നാണ്! ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന ഈ രീതി സിപിഎം നേതാക്കള്‍ക്ക് സഹജമായതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് കുറ്റബോധമോ ലജ്ജയോ ഇല്ല. പിണറായി വിജയന് പോലും വിഎസിന്റെ മഹത്വം വാഴ്ത്തുകയാണല്ലോ
എന്തുകൊണ്ടാണ് സിപിഎം നേതാക്കള്‍ക്ക് വിഎസിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇങ്ങനെയൊരു വെളിപാട് ഉണ്ടാകുന്നതും, അവര്‍ വിചിത്രമായി പെരുമാറുന്നതും? വിഎസിന്റെ മരണം സിപിഎം നേതൃത്വത്തെ ഒന്നടങ്കം വെട്ടിലാക്കിയിരിക്കുന്നു. ഭൗതികമായി ഇല്ലാതായിത്തീര്‍ന്ന വിഎസ് അണികള്‍ക്കിടയില്‍ ആവേശമായി പടരുകയാണ്. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് ജീവിച്ചിരുന്ന കാലത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ ‘കണ്ണേ കരളേ വിഎസ്സേ’ എന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നത്. സര്‍വ്വശക്തനാ യിരുന്നിട്ടും പിണറായി വിജയന്റെ പരസ്യമായ ഭീഷണിപ്പെടുത്തലുകള്‍ അണികള്‍ കാര്യമാക്കിയില്ല. ഇതേ മുദ്രവാക്യം വിഎസിന്റെ വിലാപയാത്രയില്‍ പതിന്മടങ്ങ് ശക്തിയോടെ ഉയരുന്നതാണ് സിപിഎം നേതൃത്വത്തെ അമ്പരപ്പിക്കുന്നത്. വിഎസിനെ അവസാനമായി ഒന്നു കാണാന്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ കാത്തുനിന്നവര്‍ വെറുമൊരു ആള്‍ക്കൂട്ടമല്ലെന്ന് സിപിഎം നേതാക്കള്‍ക്ക് അറിയാം. പാര്‍ട്ടി വോട്ടുബാങ്കിനെ പ്രഹരിക്കാനും തകര്‍ക്കാനുമുള്ള ശക്തി ഇതിനുണ്ടെന്ന് സിപിഎം നേതൃത്വം ഭയപ്പെടുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിഎസിന്റെ അദൃശ്യ ശക്തി പാര്‍ട്ടി അണികളെക്കൊണ്ട് ചിലത് ചെയ്യിപ്പിക്കാതിരിക്കില്ല. മൂന്നാമതും മുഖ്യമന്ത്രിയായശേഷം പിന്‍ഗാമിയായി കണ്ടുവച്ചിരിക്കുന്നയാള്ക്ക് ഇടക്കുവച്ച് അധികാരം കൈമാറാമെന്ന മോഹമാണ് പിണറായി വിജയന് താലോലിക്കുന്നത്. പക്ഷേ ‘വിഎസ് ഇഫക്ട്’ ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇതൊരു സഹതാപ തരംഗമായിരിക്കില്ല, പ്രതികാര തരംഗമാ യിരിക്കും. ഈ തരംഗത്തില്‍ പിടിച്ചുനില്ക്കാന് സിപിഎമ്മിനാവില്ല. ‘വിഎസ് ഈ പാര്‍ട്ടിയുടെ ഐശ്വര്യം’ എന്നു പറയുന്ന ചിത്രം വച്ച് വോട്ട് പിടിക്കാനുള്ള ശ്രമം പാര്‍ട്ടി നടത്തിയേക്കുമെങ്കിലും വിജയിക്കുക എളുപ്പമല്ല. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്നതോടെ മരണാനന്തരവും വി എസ് സിപിഎമ്മിന് വര്ഗ്ഗശത്രുവും കുലംകുത്തിയുമൊ ക്കെയായി മാറും. വലിയ ചുടുകാട്ടില്‍ അന്ത്യനിദ്രകൊള്ളുന്ന വിഎസിന് പാര്‍ട്ടി ഒരു തെമ്മാടിക്കുഴിയൊരുക്കും.
















