കോട്ടയം: ഫണ്ട് തട്ടിപ്പില്‍ ആരോപണ നിഴലില്‍ കഴിയുന്ന കോട്ടയം നഗരസഭയില്‍ നിന്ന് 89 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഇവരില്‍ പലരും മാറി പോയെങ്കിലും പകരം ജീവനക്കാര്‍ എത്തുന്നതേയുളളൂ. പൊതു സ്ഥലംമാറ്റത്തിന്‌റെ ഭാഗമാണെങ്കില്‍ കൂടി ഇത്രയധികം പേരെ മാറ്റുന്ന് അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിച്ഛായ മോശമായതോടെ ഇത്തവണ കൂടുതല്‍ ജീവനക്കാര്‍ സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നതായി അറിയുന്നു. ഈ നഗരസഭയില്‍ ക്ലാര്‍ക്കായിരുന്ന അഖില്‍ സി വര്‍ഗീസ് പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. കൂട്ടുത്തരവാദിത്വമുള്ള 29 ജീവനക്കാരില്‍ നിന്നായി ഈ തുക തിരിച്ചുപിടിക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിട്ടിരുന്നത്.
കോട്ടയം നഗരസഭയ്‌ക്ക് നഗരമധ്യത്തിലെ കേന്ദ്ര ഓഫീസിലും കുമാരനെല്ലൂരിലേയും നാട്ടകത്തേയും തിരുവാതുക്കലിലെയും മേഖല ഓഫീസുകളിലുമായി 157 സ്ഥിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്.
















