കൊല്ലം: തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പഞ്ചായത്തിന് വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്. സുരക്ഷാ ഭീഷണിയുളള രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവ് സംഭവിച്ചു.
അനുമതിയില്ലാതെ നിര്‍മ്മിച്ച സൈക്കിള്‍ ഷെഡ് പൊളിച്ച് നീക്കുകയായിരുന്നു ഉചിതമെന്നും റിപ്പോര്‍ട്ടിലുണ്ട്.അനധികൃത നിര്‍മാണം ക്രമവല്‍ക്കരിക്കണമെന്ന നിര്‍ദേശം അവഗണിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് വീഴ്ച സമ്മതിക്കുന്നത്.എങ്ങും തൊടാതെയുളള ആദ്യ റിപ്പോര്‍ട്ട് മന്ത്രി എം.ബി.രാജേഷ് തളളിയതോടെയാണ് വീഴ്ച സമ്മതിച്ച് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്.
സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരിനോട് ചേര്‍ന്നാണ് സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചത്. ഷെഡിന്റെ മേല്‍ക്കൂരക്ക് 88സെന്റീമീറ്റര്‍ മുകളിലൂടെയാണ് ലോ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോയത്. സ്ഥല പരിശോധന നടത്തിയപ്പോള്‍ ദൂരപരിധി പാലിക്കാതെ ലൈന്‍ കടന്നുപോകുന്നത് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ മൈനാഗപ്പളളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി.
അനധികൃതമായി നിര്‍മ്മിച്ച സൈക്കിള്‍ ഷെഡ് ക്രമവല്‍ക്കരിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടാതെ പകരം ഷെഡ് അടിയന്തിരമായി പൊളിച്ച് നീക്കാന്‍നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 27 കൊല്ലം പഴക്കമുളള കെട്ടിടത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് കെട്ടിട നിര്‍മ്മാണചട്ട പ്രകാരം പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല.സൈക്കിള്‍ ഷെഡിന് കെഎസ്ഇബിയില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല.അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്Report
കുറ്റപ്പെടുത്തുന്നു
















