ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയില്‍വേയ്‌ക്ക് 10,000 രൂപ പിഴയീഴാക്കാന്‍ ആലപ്പുഴ നഗരസഭ. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാതെ കുട്ടികള്‍ ഉള്‍പ്പെടെ നടന്ന് പോകുന്ന വഴിയില്‍ വലിച്ചെറിയുകയും സമീപമുള്ള നീര്‍ച്ചാല്‍ മലിനമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേയുടെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കാന്‍ ആലപ്പുഴ നഗരസഭയുടെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ശുപാര്‍ശ ചെയ്തത്.
നഗരസഭയുടെ ബീച്ച് വാര്‍ഡില്‍ ഇ എസ് ഐ വാടയ്‌ക്കല്‍ റോഡിന് കിഴക്ക് റെയില്‍വേ ക്ലീനിങ് സ്റ്റേഷനു സമീപം ദിവസങ്ങള്‍ പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അനധികൃതമായി നിക്ഷേപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
















