ബാകു: ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ ഇതുവരെ ആരും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ചെസ്സ് പ്രതിഭയായ ദിവ്യ ദേശ്‌മുഖ്. 2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ് ഫൈനലിൽ സഹതാരവും ഗ്രാന്‍റ് മാസ്റ്ററുമായ കൊനേരു ഹമ്പിയെ 2.5-1.5 എന്ന സ്കോറിൽ കീഴടക്കി ദിവ്യ കിരീടം അണിഞ്ഞു.
പ്രാഗ്‌ഗ്നാനന്ദ, ഗുകേഷ് തുടങ്ങി പുരുഷ വിഭാഗത്തിൽ പുതിയ തലമുറ ലോകശ്രദ്ധ പിടിച്ചുപറ്റുന്നതിനിടയിൽ, വനിതാ വിഭാഗത്തിൽ ദിവ്യ നേടിയ ഈ കിരീടം ഇന്ത്യയ്‌ക്ക് അഭിമാനമായ ചരിത്ര നിമിഷമായി മാറുകയാണ്.ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരങ്ങളും സമനിലയിൽ (1-1) അവസാനിച്ചതിനെ തുടർന്ന്, ടൈബ്രേക്കിന് മത്സരം റാപ്പിഡിലേക്ക് കടക്കുകയായിരുന്നു. അതിവേഗ ചെസ്സായ റാപ്പിഡില്‍ ഓരോ മത്സരത്തിനും 10 മിനിറ്റ് സമയമാണ് അനുവദിച്ചത്. ഓരോ നീക്കത്തിനും 10 സെക്കൻഡ് വീതം ഇന്‍ക്രിമെന്‍റ് സമയവും നല്‍കും.
ആദ്യ റാപ്പിഡ് ഗെയിമിൽ വെളുത്ത കരുക്കളാല്‍ കളിച്ച ദിവ്യ സുരക്ഷിതമായി സമനിലയിലെത്തിക്കുകയായിരുന്നു. 38കാരിയായ, ഏറെ അനുഭവപരിചയവും ക്ലാസിക്ക്, റാപ്പിഡ് കളിരീതികളില്‍ നൈപുണ്യവുമുള്ള കൊനേരു ഹംപിയ്‌ക്കാണ് ചെസ് വിദഗ്ധര്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. പക്ഷെ ഈ ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം അപാരഫോമിലായിരുന്നു ദിവ്യ ദേശ്മുഖ്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ഹരിക ദ്രോണാവല്ലിയെയും സെമിയില്‍ ചൈനയുടെ ടാന്‍ സോംഗിയെയും തോല്‍പിച്ച് ദിവ്യദേശ്മുഖ് തന്റെ മികവ് പുറത്തെടുത്തിരുന്നു. രണ്ടാം റാപ്പിഡ് ഗെയിമിന്റെ 40-ാം നീക്കത്തിൽ ഹമ്പിയുടെ വലിയ പിഴവാണ് കളിയുടെ പ്രവാഹം വഴിതിരിച്ചുവിട്ടത്. ആ അവസരം കൃത്യമായി ഉപയോഗിച്ച ദിവ്യ ശക്തമായ ആക്രമണം വഴിയാക്കി കിരീടം ഉറപ്പാക്കി.
ദിവ്യക്ക് $50,000 (ഏകദേശം ₹41 ലക്ഷം) പാരിതോഷികമായും ലഭിക്കും. വെറും 19 കാരിയായ ദിവ്യയുടെ ഈ നേട്ടം, ഇന്ത്യൻ വനിതാ ചെസ്സിന്റെ ഭാവികുതിപ്പിന് ഊര്‍ജ്ജമേകും. ഈ വിജയത്തോടെ ദിവ്യയ്‌ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവിയും ലഭിക്കും.
















