സീതാ ദേവിയെ എങ്ങിനെയെങ്കിലും തന്റെ കൂടെ കൂട്ടിക്കൊണ്ടുവരണമെന്ന ആഗ്രഹത്തിൽ അതിനു സഹായം തേടി രാവണൻ തന്റെ മാതുലൻ, മാരീചന്റെ അടുത്തെത്തി. രാമന്റെ ശക്തി ഒരിക്കൽ രുചിച്ചവനാണ് രാക്ഷസനായ മാരീചൻ. അന്നവനെ രാമൻ വധിക്കാതെ വിട്ടതുമാണ്. മായാവിയായ മാരീചനെ ഒരു സ്വർണ്ണമാനിന്റെ രൂപത്തിൽ ചെന്ന് രാമനെയും ലക്ഷ്മണനെയും സീതയിൽ നിന്നും അകറ്റാൻ അവൻ ആവശ്യപ്പെട്ടു. മാരീചൻ ഭയഭീതനായി, രാവണനോട് ഇത് ബുദ്ധിയല്ല എന്നും ഈ ഉദ്യമത്തിൽ നിന്നും പിന്മാറണമെന്നും അവനോട് അപേക്ഷിച്ചു. “രാമൻ ഒരു സാധാരണ മനുഷ്യനല്ല, മനുഷ്യരൂപത്തിൽ ഇപ്പോൾ ഭൂജാതനായിരിക്കുന്ന പരംപൊരുളാണ്”. പക്ഷേ രാവണൻ കാമവും അഹങ്കാരവും കൊണ്ട് അന്ധനായി, മാരീചനെ ഭീഷണിപ്പെടുത്തി. അനുസരിക്കാതിരുന്നാൽ അവന്റെ വാൾ കൊണ്ടാവും അവന്റെ മരണം എന്നറിഞ്ഞ മാരീചൻ രാമന്റെ കൈകൊണ്ടുള്ള മരണം എന്തുകൊണ്ടും രാവണന്റെ വാൾ കൊണ്ടുള്ള മരണത്തേക്കാൾ ശ്രേഷ്ഠം തന്നെയെന്ന് കരുതി തന്റെ വിധിയെ മനസാ അംഗീകരിച്ച് ഒരു മായപ്പൊൻമാനായി സ്വയം രൂപം മാറിനിന്നു. സൂര്യപ്രകാശത്തിൽ മിന്നുന്ന വെള്ളിപുള്ളികളും നീലമണിപോൽ തിളങ്ങുന്ന കണ്ണുകളുമുള്ള മനോഹരനായ മാൻകുട്ടി. അവൻ ആശ്രമത്തിനടുത്ത് ഓടിക്കളിച്ച്, സീതയുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ മോഹനമൃഗത്താൽ ആകർഷിക്കപ്പെട്ട്, അവൾ രാമനോട് ആ കോമളനായ മാനിനെ പിടിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. രാമൻ, ഇതൊരു ചതിയാണെന്ന് മനസ്സിലാക്കിയെങ്കിലും സീതയെ സന്തോഷിപ്പിക്കാൻ വേണ്ടി ആ മാനിന്റെ പിറകെ പോയി. പോകും മുൻപ് ലക്ഷ്മണനോട് സീതയെ സംരക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
വനത്തിന്റെ ഉൾക്കാടുകളിലേക്ക് ഓടിയോടി ആ മാൻപേട രാമനെ ദൂരേയ്‌ക്ക് കൊണ്ടുപോയി. അവസാനം, രാമൻ ഒരു അമ്പ് തൊടുത്തുവിട്ടത് അതിന്റെ ദേഹത്ത് തറഞ്ഞു കയറി. മരണസമയത്ത് മാനിന്റെ വേഷം ധരിച്ച മാരീചൻ വേദനയോടെ രാമന്റെ ശബ്ദം അനുകരിച്ച്, സഹായത്തിനായി നിലവിളിച്ചുകൂവി. ഇത് കേട്ട്, സീത ഭയഭീതയായി ലക്ഷ്മണനോട് സഹോദരനെ രക്ഷിക്കാൻ ആവശ്യപ്പെട്ടു. അത് രാമനല്ല, രാമൻ അജയ്യനാണ് എന്ന് ലക്ഷ്മണൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സീത ഭയംകൊണ്ട് അന്ധയായി അവനെ സ്വാർത്ഥതാൽപ്പര്യമുള്ളവനെന്ന് ഭർസിച്ചു. സീതയുടെ കഠോരമായ വാക്കുകൾ കേട്ട് വേദനയോടെ ലക്ഷ്മണൻ അവളെ ആശ്രമത്തിൽ തനിച്ചുവിട്ട് രാമനെ തേടിയിറങ്ങി.
സീതാപഹരണം
ഈ സമയം മുതലെടുത്ത്, നീചനായ രാവണരാക്ഷസൻ ഒരു മഹർഷിയുടെ വേഷത്തിൽ ആശ്രമത്തിലെത്തി. സീത, രാമന്റെ അഭാവത്തിൽ ആദരവോടെ മുനിയെ സ്വാഗതം ചെയ്ത് ആഥിത്യം നൽകി. പക്ഷേ പെട്ടെന്ന് രാവണൻ തന്റെ യഥാർത്ഥഭാവം വെളിപ്പെടുത്തി, സീതയെ ലങ്കയിൽ തന്റെ റാണിയാക്കി വാഴിക്കാമെന്ന് നിർദ്ദേശിച്ചു. സീത, അചഞ്ചലയായി, ശക്തമായ വാക്കുകളാൽ രാവണനെ നിന്ദിച്ചു. തന്റെ ഭർത്താവ് രാമൻ അവനെ ഉടനെ തന്നെ കണ്ടെത്തി നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ക്രുദ്ധനായ രാവണൻ സീതയെ ബലമായി പിടിച്ച് തന്റെ രഥത്തിൽ കയറ്റി ആകാശമാർഗ്ഗത്തിലൂടെ കൊണ്ടുപോയി. സീത രാമനേയും ലക്ഷ്മണനേയും വിളിച്ചു നിലവിളിച്ചു.
രാമന്റെ സുഹൃത്തായ ജടായു രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്ന ആ ദയനീയമായ കാഴ്ച കണ്ടു. വയസ്സനാണെങ്കിലും ആ കഴുകൻ തന്റെ ശക്തിമുഴുവൻ സംഭരിച്ചു പറന്നുചെന്ന് രാവണനെ ആക്രമിച്ചു. ആകാശരഥം തകർത്ത് അവന്റെ ദേഹത്തെ ഗുരുതരമായി വ്രണപ്പെടുത്തി. പക്ഷേ പെട്ടെന്ന് രാവണൻ തന്റെ ചന്ദ്രഹാസമെന്ന വാൾ വീശി ജടായുവിന്റെ ചിറകുകൾ മുറിച്ച്, നിലത്തിട്ടു. ദേഹം മുഴുവനും വ്രണങ്ങളുമായി ജടായു വനത്തിൽ വേദനയോടെ വീണുകിടന്നു. രാവണൻ മറ്റൊരാകാശരഥം തന്റെ മായാവിദ്യയാൽ വിളിച്ച് വരുത്തി ലങ്കയിലേക്കുള്ള യാത്ര തുടർന്നു. സീത കരഞ്ഞു കണ്ണീർ വാർത്തുകൊണ്ട് നിസ്സഹായയായി രഥത്തിലിരുന്നു
വനത്തിന് മുകളിലൂടെ പറക്കുമ്പോൾ, സീത താഴെ മലമുകളിൽ കൂടി നിൽക്കുന്ന അഞ്ച് കുരങ്ങന്മാരെ കണ്ടു. പെട്ടെന്ന് തന്നെ അവൾ തന്റെ ആഭരണങ്ങൾ ഒരു തുണിയിൽ പൊതിഞ്ഞ് താഴേയ്‌ക്ക് വലിച്ചെറിഞ്ഞു, എങ്ങിനെയെങ്കിലും അവളെ കണ്ടെത്താൻ ഈ മർക്കടന്മാർ രാമനെ സഹായിക്കുമാറാകട്ടെ എന്ന് അവൾ പ്രാർത്ഥിച്ചു. ആകാശരഥത്തിൽ പറന്ന് രാവണൻ ലങ്കയിൽ എത്തി സീതയെ അശോകവനത്തിൽ തടഞ്ഞുവച്ചു. ക്രൂരരക്ഷസികളെ കാവൽ നിർത്തി അവിടെ, സീത ഏകയായി, നിരാശയോടെ, ഭക്ഷണവും വെള്ളവും നിരസിച്ച് രാമനെക്കുറിച്ചുള്ള ഓർമ്മകളിൽ സദാ രാമനാമം ജപിച്ച്, തന്റെ നാഥന്റെ വരവിനായി കാത്തിരുന്നു. അങ്ങനെ, മിഥിലാപുത്രിയായ സീത വിധിയുടെ വിളയാട്ടത്തിൽ ദുഃഖം നിറഞ്ഞ ഹൃദയത്തിൽ രാമൻ തന്നെ വന്നു രക്ഷിക്കുമെന്ന പ്രതീക്ഷയിൽ നിമിഷങ്ങൾ എണ്ണി അവിടെ അശോകവനത്തിൽ ശിംശിപാവൃക്ഷച്ചുവട്ടിൽ നിറകണ്ണുകളുമായി കാത്തിരുന്നു.
മാരീചനെ വധിച്ചതിനുശേഷം, രാമൻ തന്റെ പർണ്ണശാലയിലേക്ക് വേഗം തിരിച്ചുനടക്കുമ്പോൾ വഴിയിൽ ലക്ഷ്മണൻ ആകുലതയോടെ വരുന്നതായി കണ്ടു. രാമൻ, തന്റെ ദിവ്യദൃഷ്ടിയിലൂടെ സീത ആശ്രമത്തിൽ ഇല്ലെന്ന് മനസ്സിലാക്കി. എന്നാൽ യഥാർത്ഥസീതയെ രാവണൻ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് അറിയുകയം ചെയ്തു. രാവണൻ കൊണ്ടുപോയത് അവളുടെ മായാസ്വരൂപം (മായാസീത) മാത്രമാണെന്ന് പൂർണമായും അറിഞ്ഞിട്ടും രാമൻ ലക്ഷ്മണനോട് ഇക്കാര്യം മറച്ചുവച്ചു. “ലക്ഷ്മണന് ഈ ദിവ്യനാടകത്തെപ്പറ്റി അറിയില്ല. ഇപ്പോൾ പ്രിയതമയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ഒരു സാധാരണ മനുഷ്യനായിത്തന്നെ പെരുമാറുന്നതാണ് ഉചിതം. രാവണനെ പരാജയപ്പെടുത്തി, സീതയെ പവിത്രമായ അഗ്നിയിൽ നിന്ന് തിരികെ കൊണ്ടുവന്നതിനുശേഷം മാത്രം സത്യം വെളിപ്പെട്ടാൽ മതി.” തന്റെ സഹാജഭവമായ അനാസക്തിയെ മറച്ചുവച്ച്, രാമൻ സീതയെ തേടാൻ തയ്യാറെടുത്തു.
ലക്ഷ്മണൻ ആശ്രമത്തിലുണ്ടായ വേദനാജനകമായ സംഭവങ്ങൾ രാമനോട് വിവരിച്ചു. മാരീചൻ മരണസമയത്ത് അനുകരിച്ച രാമന്റെ വിലാപശബ്ദം കേട്ട്, സീതയ്‌ക്ക് ഭയം തോന്നി, താൻ എതിർത്തുവെങ്കിലും തന്നോടു ആശ്രമം വിട്ടു രാമനെ തിരക്കാൻ നിർബന്ധിച്ചു പറഞ്ഞയച്ചതാണ് എന്നും സീത അവനോട് കടുത്ത വാക്കുകൾ പറഞ്ഞുവെന്നും ലക്ഷ്മണൻ അറിയിച്ചു. അവന്റെ വിശ്വസ്തതയിൽ പോലും സീത സംശയം പ്രകടിപ്പിച്ചപ്പോൾ മനസില്ലാമനസ്സോടെ അനുസരണശീലനായ ലക്ഷ്മണൻ അവളുടെ സുരക്ഷയെല്ലാം വനദേവതമാരെ ഏൽപ്പിച്ചാണ് ജ്യേഷ്ഠനെ തേടി ഇറങ്ങിയത്. ലക്ഷ്മണനോട് സീതയെ ഒറ്റയ്‌ക്ക് വിട്ടു വന്നതിന് രാമൻ ലക്ഷ്മണനോട് ശകാരസ്വരത്തിൽ, ഒരു സ്ത്രീ വിഷമസമയത്ത് ജൽപ്പിക്കുന്ന വാക്കുകൾ ഹൃദയത്തിൽ എടുക്കരുതെന്ന് ഓർമ്മിപ്പിച്ചു. പെട്ടെന്നവർ ആശ്രമത്തിലേക്ക് തിരിച്ചെത്തി. സീതയെ അവിടെ കാണാഞ്ഞ് രാമൻ കപടദുഃഖം പ്രകടിപ്പിച്ച്, “അല്ലയോ സീതേ, അല്ലയോ ജാനകീ, എന്നെയിങ്ങിനെ കളിപ്പിക്കാതെ! മറഞ്ഞിരിക്കാതെ പുറത്തു വരൂ!” എന്ന് വിളിച്ചു. പക്ഷേ അവന്റെ വിളികൾക്ക് നിശബ്ദത മാത്രമായിരുന്നു മറുപടി.
സീതാന്വേഷണം
ചുറ്റുപാടുമുള്ള വനപ്രദേശത്ത് സീതയെ തേടാൻ ആരംഭിച്ച്, അവർ മരങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്ന് ചോദിച്ചുനടന്നു. മണ്ണിന്റെ പുത്രിയായ സീതയെ പ്രകൃതിതന്നെ സ്വയം അവളിരിക്കുന്നയിടം വെളിപ്പെടുത്തിയേക്കാമെന്ന് അവർ കരുതി. എപ്പോഴും പ്രശാന്തനായി കാണപ്പെടുന്ന രാമനെ ലൗകികദുഃഖങ്ങൾ ഒരിക്കലും ബാധിക്കാറില്ലെങ്കിലും അദ്ദേഹം തന്റെ മനുഷ്യനായുള്ള നാടകത്തിൽ തന്റെ ഭാഗം അതീവകാരുണ്യത്തോടെയും തനിമയോടെയും അവതരിപ്പിച്ചു സ്നേഹവായ്‌പ്പിനും കർത്തവ്യത്തിനും മാതൃകയായി.
ജടായു സദ്ഗതി
കാട്ടിലൂടെ സീത്തയെത്തേടി നടക്കുന്നതിനിടയിൽ കാട്ടുപാതയിൽ അവരുടെ മുമ്പിൽ ഒരു തകർന്ന രഥം കാണായി. ഒരു മല്ലയുദ്ധം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടു. വീണ്ടും നോക്കിയപ്പോൾ മരണാസന്നനായ ജടായുവിനെ, അരികിൽ കണ്ടെത്തി. ദശരഥന്റെയും രാമന്റെയും സുഹൃത്തായ പക്ഷിരാജൻ, രാവണന്റെ വാൾ കൊണ്ട് ചിറകുകൾ അറുത്ത് താഴെ വീണ ജടായു, സീതയെ രക്ഷിക്കാൻ താൻ പരിശ്രമിച്ചതിനെക്കുറിച്ച് അവരോടു വിവരിച്ചു. “ഞാൻ രാവണനുമായി പോരാടി, അവന്റെ രഥം നശിപ്പിച്ചു, പക്ഷേ അവൻ എന്റെ ചിറകുകൾ അരിഞ്ഞ് എന്റെ ദേഹം മുറിപ്പെടുത്തി ഇവിടെയിട്ട ശേഷം സീതയുമായി ദക്ഷിണദിക്കിലേക്ക് ആകാശമാർഗ്ഗേ പോയി.” ജടായു വിശദീകരിച്ചു. തന്റെ അവസാനശ്വാസസമയത്ത് ജടായു രാമനെ പരംപൊരുളായി തിരിച്ചറിഞ്ഞ് ഭഗവാന്റെ ആശീർവാദം തേടി. ജടായുവിന്റെ ആത്മബലിയിൽ രാമന്റെ ഹൃദയം ആർദ്രമാർന്നു. ജടായു ഭഗവാനെ സ്തുതിച്ച് രാമകൃപയാൽ മോക്ഷം നേടി. ഒരു മഹാഭക്തന് യോഗ്യമായ സ്നേഹവും ബഹുമതിയും ജടായുവിന് നൽകി രാമനും ലക്ഷ്മണനും ചേർന്ന് അവസാന കർമ്മങ്ങൾ നിർവഹിച്ചു. ജടായുവിന്റെ ആത്മാവ് വിഷ്ണുസവിധത്തിലേക്ക് ഉയർന്നുപോയി.
















