ഗഹനമായ വിഷയങ്ങൾ പഠിക്കാൻ എപ്പോഴും ജാഗരൂകനായ ലക്ഷ്മണൻ പഞ്ചവടിയിലെ താമസത്തിനിടയിൽ, രാമനോട് മോക്ഷമാർഗ്ഗത്തിലേക്കുള്ള വഴിയെന്തെന്ന് വിശദീകരിക്കാൻ വിനയപൂർവം അഭ്യർത്ഥിച്ചു. മറുപടിയായി, രാമൻ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള, അവന്റെ അസ്ഥിത്വസംബന്ധിയായ അതിഗഹനമായ സത്യങ്ങൾ വെളിപ്പെടുത്തി. രാമൻ മായയെക്കുറിച്ച് ലക്ഷ്മണന് മനസിലാക്കിക്കൊടുത്തു. മായാശക്തി ഈ ലോകത്തെ പുറമെ കാണുന്ന വിധത്തിൽ വിക്ഷേപിക്കുകയും യഥാർത്ഥ്യത്തെ മറയ്‌ക്കുകയും ചെയ്യുന്നു. അത് ചിരന്തനമായ ആത്മാവിനെ അസ്ഥിരമായ ശരീരമായി തെറ്റിദ്ധരിപ്പിക്കുന്നു. ശരീരത്തിനോടും ലോകവിഷയങ്ങളോടുമുള്ള ആസക്തി ഒരുവനെ ദുഃഖത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്നും ജ്ഞാനവും ഭക്തിയും ആത്മാവിനെ ആ കെട്ടുപാടുകളിൽ നിന്നും മോചിപ്പിക്കുന്നതെങ്ങനെയെന്നും രാമൻ വിവരിച്ചു.
അഞ്ചു മൂലഘടകങ്ങളാൽ രൂപം കൊണ്ട, ഇന്ദ്രിയങ്ങളും മനസ്സും നിയന്ത്രിക്കുന്ന ശരീരം, ആത്മാവല്ല. ജീവാത്മാവ് അഥവാ വ്യക്തിഗത ആത്മാവ്, പരമാത്മാവ് എന്ന പരംപൊരുളും ഒന്നുതന്നെയാണ്. അവതമ്മിൽ വ്യത്യാസമില്ല. ഉണ്ടെന്ന് തോന്നുന്നത് മായയുടെ സ്വാധീനത്താലാണ്. ഏകത്വത്തിന്റെ ഈ സത്യം തിരിച്ചറിയുന്ന ജ്ഞാനികൾ ആസക്തികൾക്കും വിമുഖതകൾക്കും അതീതമായി സമത്വഭാവത്തിൽ ജീവിക്കുന്നു. യഥാർത്ഥ മോക്ഷം നിസ്വാർത്ഥസേവനത്തിലൂടെയും, ഭക്തിയിലൂടെയും, ഭഗവാനെക്കുറിച്ചുള്ള നിത്യസ്മരണയിലൂടെയുമാണ് കൈവരുന്നത്. ഭക്തി, അല്ലെങ്കിൽ പ്രേമഭക്തി, ഹൃദയത്തെ ഒരുവന്റെ ഹൃദയം ശുദ്ധീകരിക്കുകയും അവനിലെ അജ്ഞാനത്തെ നീക്കം ചെയ്യുകയും ചെയ്യുന്നു. അതവനെ ദിവ്യതയുടെ നേരനുഭവത്തിലേക്ക് നയിക്കുന്നു.
ലക്ഷ്മണനോട് സ്വഭാവമായി വിനയം, ജ്ഞാനികളെ സേവിക്കൽ, ദാനം എന്നിവ ശീലമാക്കാനും ഭഗവദ് കഥകൾ കേൾക്കാനും ഭഗവദ് നാമം സദാ ജപിക്കുവാനും രാമൻ ഉപദേശിച്ചു. ഇത്തരം പരിശീലനങ്ങൾ ഒരു സാധകനെ എളുപ്പം ജ്ഞാനമാർഗ്ഗത്തിലേക്ക് അടുപ്പിക്കുകയും, അവസാനം മോക്ഷത്തിലേക്ക്, ജനന-മരണ ചക്രത്തിൽനിന്നുള്ള മോചനത്തിലേക്ക്, നയിക്കുകയും ചെയ്യും.
അങ്ങനെ, അയോദ്ധ്യയുടെ രാജപ്രൗഢിയിൽ നിന്ന് ദൂരെയുള്ള വന്നപ്രദേശത്ത് പ്രശാന്തസുന്ദരമായ പഞ്ചവടിയുടെ സുഖശീതളമായ അന്തരീക്ഷത്തിൽ, ശ്രീരാമൻ തന്റെ ഭക്തനായ സഹോദരന്റെയുള്ളിൽ ജീവിതത്തിന്റെ നിദാന്തസത്യങ്ങൾ എന്തെന്ന് വെളിവാക്കിക്കൊടുത്തു. ലക്ഷ്മണനെമാത്രമല്ല, മനുഷ്യരെയെല്ലാം അവരുടെ അകത്തും പുറത്തും നടക്കുന്ന സംഘർഷങ്ങളെ neeരീടാനുള്ള കരുത്ത് നൽകാൻ രാമൻ ചെയ്ത ലക്ഷ്മണോപദേശം നിദാനമായി.
ശൂർപ്പണഖാഗമനം
രാമസീതാലക്ഷ്മണന്മാർ പഞ്ചവടിയിൽ സമാധാനപൂർവം കഴിഞ്ഞുവരവേ, അവരുടെ പ്രശാന്തമായ ദിനങ്ങൾ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ വരവോടെ കലുഷമായിത്തീർന്നു. രാജകീയ പാദചിഹ്നങ്ങളും ആശ്രമത്തിന്റെ പ്രകാശമാനമായ ആകർഷണത്വവും കൊണ്ട് രക്ഷസിയായ ശൂർപ്പണഖ പഞ്ചവടിയിലെ ആശ്രമത്തിലെത്തി. അവളുടെ ഹൃദയം സുന്ദരനായ രാമനോടുള്ള അഭിനിവേശം മുഴുത്ത് അവൾ സ്വയം തന്നെ പരിചയപ്പെടുത്തി. രാക്ഷസ ചക്രവർത്തിയായ രാവണന്റെ സഹോദരിയാണ് താനെന്ന് അവൾ അഹങ്കാരത്തോടെ പ്രഖ്യാപിച്ചു. ഒട്ടും നാണമില്ലാതെ, അവൾ രാമനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. രാമന്റെ വിശുദ്ധമായ ആശ്രമജീവിതം ഉപേക്ഷിച്ച് അവളോടൊപ്പം വിഷയസുഖങ്ങൾ നന്നായി ആസ്വദിച്ചു ജീവിക്കാനായി അവൾ രാമനെ ക്ഷണിച്ചു.
രാമൻ, സൗമ്യനെങ്കിലും ദൃഢനിശ്ചയമുള്ള ഒരു പുഞ്ചിരിയോടെ അവളുടെ ആഗ്രഹം നിരസിച്ചു, തനിക്ക് പ്രിയപത്നിയായ സീതയോടുള്ള പ്രേമവും തന്റെ ഏകപത്നീവ്രതവും എങ്ങിനെയെന്ന് അവളോടു വിശദീകരിച്ചു. പിന്നെ കളിയായി, രാമൻ അവളെ ലക്ഷ്മണന്റെ സമീപത്തേയ്‌ക്ക് പറഞ്ഞയച്ചു. നിന്റെ ആവശ്യം അവനോട് പറഞ്ഞാൽ മതിയെന്ന് നിർദ്ദേശിച്ചു. പക്ഷേ ലക്ഷ്മണനും, ലാഘവമായ ഒരു പുഞ്ചിരിയോടെ, താൻ രാമന്റെ ഭൃത്യനാണെന്നും തന്നെ വരിച്ചാൽ അവളും വെറുമൊരു ദാസിയാവും അതിനാൽ അവളെപ്പോലുള്ള ഒരു റാണിയ്‌ക്ക് ദാസിയായി ജീവിക്കാനാവില്ലെന്നും പറഞ്ഞ് അവളെ പറഞ്ഞയച്ചു. വീണ്ടും രാമനെ സമീപിച്ച ശൂർപ്പണഖ സഹോദരന്മാരുടെ പ്രേമനിരാസങ്ങളിൽ നിന്ന് വിവശയായി. അതവൾക്ക് വലിയ അപമാനമായി, പെട്ടെന്നത് കോപവുമായി മാറി. അവൾ തന്റെ ആകർഷകമായ രൂപം വെടിഞ്ഞ്, ഭയാനകമായ യഥാർത്ഥ രൂപം വെളിപ്പെടുത്തി, ക്രുദ്ധയായി തന്റെ എതിരാളിയെന്ന് കണ്ട് സീതയുടെ നേർക്ക് ചാടിവീണു.
സദാ ജാഗരൂകനായി നിൽക്കുന്ന ലക്ഷ്മണൻ, പെട്ടെന്ന് തന്റെ വാൾ വീശി അവളുടെ കാതും മൂക്കും മുലകളും വെട്ടി ചോരവീഴ്‌ത്തി. വേദനയാലും അപമാനത്താലും ഉറക്കെ അലറിവിളിച്ചു കരഞ്ഞുകൊണ്ട് ശൂർപ്പണഖ വനത്തിലേക്ക് ഓടിപ്പോയി. അവളുടെ കരച്ചിൽ ചുറ്റുമുള്ള മലകളുടെ താഴ് വാരങ്ങളിൽ മുഴങ്ങിക്കേട്ടു. രാമൻ, ശൂർപ്പണഖയുമായുണ്ടായ ഈ കൂടിക്കാഴ്ചയുടെ ഗുരുതരമായ ഭവിഷ്യത്തുകളെപ്പറ്റി മനസ്സിലാക്കി, രാവണന്റെ അനിവാര്യമായ ക്രോധം മുൻകൂട്ടിക്കണ്ടു.
അതിയായ വേദനയോടെ, ഉള്ളിൽ നിറഞ്ഞ പകയോടെ, ശൂർപ്പണഖ തന്റെ സഹോദരനും ആ പ്രദേശത്തിന്റെ സംരക്ഷകനുമായ ഖരന്റെ സമീപത്തേയ്‌ക്ക് ഓടിയെത്തി. വനത്തിൽ വന്നു താമസിക്കുന്ന മനുഷ്യരായ രണ്ട് രാജകുമാരന്മാരുടെ കൈകളിൽ നിന്നും അവൾക്കേർപ്പെട്ട അപമാനം വിവരിച്ചുപറഞ്ഞു. കോപത്തോടെ ഖരൻ രാമനെയും ലക്ഷ്മണനെയും കൊല്ലാനായി തന്റെ പതിനാല് ഭയങ്കരന്മാരായ യോദ്ധാക്കളെ പറഞ്ഞയച്ചു. പക്ഷേ രാമൻ, ദിവ്യശക്തിയോടെ, അവരെ ഒറ്റയ്‌ക്ക് നിന്ന് പോരിൽ പരാജയപ്പെടുത്തി. ഖരന്റെ കോപത്തിന് അതിരില്ലാതായി. അവൻ പതിനാലായിരം രാക്ഷസന്മാർ ഉള്ള തന്റെ മുഴുവൻ സൈന്യത്തെയും ദൂഷണന്റെയും ത്രിശിരസ്സിന്റെയും നേതൃത്വത്തിൽ രാമലക്ഷ്മണന്മാരെ നശിപ്പിക്കാൻ പുറപ്പെട്ടു.
ഖരവധം
ഖരന്റെ സൈന്യം സമീപിക്കുമ്പോൾ, രാമൻ ലക്ഷ്മണനോട് സീതയെ സമീപത്തുള്ള ഒരു ഗുഹയിലേക്ക് സുരക്ഷിതമായി കൊണ്ടുപോകാൻ നിർദ്ദേശിച്ച്, താൻ സ്വയം ശത്രുവിനെ നേരിടുമെന്ന് ഉറപ്പ് നൽകി. ആകാശം നടുക്കുന്ന പോരിൽ രാമന്റെ അമ്പുകൾ തീപോലെ പെയ്ത്, രാക്ഷസന്മാരെ ഒന്നൊന്നായി നശിപ്പിച്ചു. ആദ്യം ദൂഷണൻ വീണു, രാമൻ അവന്റെ കൈകൾ വെട്ടിമാറ്റി. ആയിരം അമ്പുകൾ എയ്ത ഒരു കടുത്ത യുദ്ധത്തിനുശേഷം ത്രിശിരസ്സിനേയും കൊന്നു. അവസാനം, ഖരൻ തന്റെ വെട്ടിത്തിളങ്ങുന്ന രഥത്തിൽ വന്നു രാമനെ നേരിട്ടു. അവൻ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചെങ്കിലും, രാമൻ, വിഷ്ണുവിന്റെ വില്ലും ദേവന്മാർ നൽകിയ ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച്, അവയെയെല്ലാം തടഞ്ഞു. അവസാനം ഇന്ദ്രന്റെ അമ്പിനാൽ ഖരൻ കൊല്ലപ്പെട്ടു. അവന്റെ തല അങ്ങ് ദൂരെ ലങ്കയുടെ കോട്ടവാതിലുകളിൽ ചെന്നു തട്ടി തകർന്നു വീണു.
ആശ്ചര്യമെന്ന് പറയട്ടെ. യുദ്ധത്തിൽ മരിച്ചുവീണ രാക്ഷസന്മാർ രാമന്റെ കൈകൊണ്ട് മരിച്ചതിനാൽ മോക്ഷപദമണഞ്ഞു, അവരുടെ മുൻജന്മത്തിൽ ശപിക്കപ്പെട്ട അവർ തങ്ങളുടെ രാക്ഷസജന്മങ്ങളിൽ നിന്നുള്ള മോചനം ആഗ്രഹിച്ചിരുന്നു. തങ്ങളുടെ ശരീരത്തിൽ നിന്നും വിടുമ്പോൾ, അവർ രാമനെ സ്തുതിച്ചു മാർഗ്ഗനിർദ്ദേശം തേടി. ജ്ഞാനത്തിന്റെ പ്രതീകമായ രാമൻ, അവരോട് പരമാത്മാവിനെക്കുറിച്ച് സംസാരിച്ചു. നിത്യനിരാമയമായ എല്ലാ അവസ്ഥകളുടെയും രൂപങ്ങളുടെയും സാക്ഷിയായ ജനനമരണചക്രങ്ങൾക്ക് വിധേയമല്ലാത്ത ആ പറയാം പൊരുളിനെപ്പറ്റി അവർക്ക് പരനുജകൊടുത്തു.
ലക്ഷ്മണനും സീതയും ഗുഹയിൽ നിന്ന് തിരിച്ചെത്തി, ജീവനറ്റ ദേഹങ്ങൾ ചിതറിക്കിടക്കുന്ന യുദ്ധക്കളം കണ്ടു. സീത, ദുഃഖത്തോടെ രാമന്റെ ദേഹത്തെ മുറിവുകളിൽ പച്ചമരുന്നുകൾ തടവി ആശ്വസിപ്പിച്ചു. വനത്തിലെ ഋഷിമാർ, രക്ഷസന്മാരെ ഇല്ലാതാക്കി അവരുടെ മോചനത്തിന് വഴിയൊരുക്കിയതിൽ നന്ദിയോടെ, മൂവരുടെയും സുരക്ഷയ്‌ക്കായി മായയുടെ സ്വാധീനത്തിൽപ്പെടാതിരിക്കാനുള്ള വസ്തുക്കൾ ലക്ഷ്മണന്റെ കയ്യിൽ കൊടുത്തുവിട്ടു. രാമൻ അതിൽനിന്നും സീതയ്‌ക്ക് നെറ്റിയിലണിയാൻ ചൂഡാരത്നവും ലക്ഷ്മണന് ശക്തമായ ഒരു ശരീരകവചവും നല്കി സ്വയം പവിത്രമോതിരവും അണിഞ്ഞു.
ശൂർപ്പണഖാ വിലാപം
ശൂർപ്പണഖയ്‌ക്കുണ്ടായ അപമാനവും ഖരന്റെ ദയനീയമായ പരാജയവും പെട്ടെന്നുതന്നെ ലങ്കയിലുള്ള രാവണന്റെ ചെവിയിലെത്തി. അപമാനിതയും വിരൂപയുമായ ശൂർപ്പണഖയുടെ ദേഹത്തിനിന്നും രക്തം അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു. രാവണന്റെ രാജധാനിയിൽ ചെന്ന് തന്റെ സഹോദരന്റെ അശ്രദ്ധയെപ്പറ്റി പരിഹസിച്ച് എപ്പോഴും കിടന്നുറങ്ങാതെ ഉണർന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. രാജകുമാരന്മാരുടെ കൂടെയുള്ള സീതയുടെ അഭൗമസൗന്ദര്യത്തെക്കുറിച്ച് ശൂർപ്പണഖ സംസാരിച്ചപ്പോൾ, അവളുടെ കോപം അസൂയയിലേക്കും ആസക്തിലേക്കും മാറി. അത് രാവണന്റെ ഹൃദയത്തിൽ അപകടകരമായ കാമത്തിന്റെ വിത്ത് നട്ടു. അനുജത്തിയുടെ വാക്കുകൾ കേട്ട് നേരിട്ടു കാണാതെ തന്നെ സീതയെ തന്റെ കാമിനിയായി സങ്കല്പിച്ച് രാവണൻ അവളിൽ ആസക്തനായിനിന്നു. അഹങ്കാരവും വിധിവിഹിതവും തമ്മിൽ അവന്റെയുള്ളിൽ ഒരു സംഘർഷം ഉടലെടുത്തു. രാമൻ ഒരു സാധാരണ മനുഷ്യനാണോ അതോ സാക്ഷാൽ ഭഗവാൻ നാരായണന്റെ അവതാരമോ? അതോ തന്റെ നിഷ്ഠൂരമായ വാഴ്ചയ്‌ക്ക് അവസാനം കല്പിക്കാൻ വന്നയാളോ എന്നായി ആലോചന.
















