കൊല്ലം: വസ്ത്രമെടുക്കാനെത്തിയ യുവതി ജീവനക്കാരനെക്കൊണ്ട് ഫോട്ടോയെടുപ്പിച്ചത് പൊല്ലാപ്പായി. ആ ഫോട്ടോ മോര്‍ഫു ചെയ്ത് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരനെ ഒടുവില്‍ സൈബര്‍ പൊലീസ് പൊക്കി. കൊല്ലം കടയ്‌ക്കലിലാണ് കല്ല്യാണ നിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച ടെക്സ്റ്റയില്‍സ് ജീവനക്കാരന്‍ പിടിയിലായത്. മൈനാഗപ്പള്ളി നല്ലതറ സ്വദേശി അജാസാണ് അറസ്റ്റിലായത്. യുവതിയുടെ മോര്‍ഫു ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ ഒരുലക്ഷം രൂപ നല്‍കണമെന്നായിരുന്നു അജാസിന്‌റെ ആവശ്യം.
യുവതി പുതിയ വസ്ത്രം സെലക്ടു ചെയ്ത് ധരിച്ച ശേഷം എങ്ങിനെയുണ്ടെന്നറിയാന്‍ ജീവനക്കാരനായ അജാസിനെക്കൊണ്ട് ചിത്രമെടുപ്പിക്കുകയായിരുന്നു. അജാസ് സ്വന്തം ഫോണിലാണ് ചിത്രം പകര്‍ത്തി യുവതിയെ കാണിച്ചത്. പിന്നീട് ആ ചിത്രം മോര്‍ഫ് ചെയ്ത് കാണിച്ച് യുവതിയുടെ വീട്ടുകാരെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
കേസായതോടെ അജാസ് മുങ്ങി. പഴയ ഫോണും സിംകാര്‍ഡും ഒഴിവാക്കി. എന്നാല്‍ അടുത്തിടെ ആ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടതോടെ സൈബര്‍ സെല്‍ ഐ.എം.ഇ.ഐ നമ്പര്‍ തിരിച്ചറിഞ്ഞ് കടയ്‌ക്കല്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
















