മുംബൈ: മഹാരാഷ്‌ട്രയില്‍ മറാത്തി ഭാഷ പറയാത്തവരെ കേറിത്തല്ലി ഭാഷാവിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന രാജ് താക്കറെയുടെയും കൂട്ടരുടെയും ശ്രമം പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. ഏറ്റവുമൊടുവില്‍ ഈ ഭാഷാവിവാദം രാജ് താക്കറെയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നവി മുംബൈയിലെ ഒരു കോളെജിലെ സംഭവമാണ് രാജ് താക്കറെ വെട്ടിലാക്കിയത്. അവിടുത്തെ കോളെജിലെ വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഹിന്ദി മെസ്സേജ് ഇടുന്ന വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയത്. ഇനി മുതല്‍ എല്ലാ വിദ്യാര്‍ത്ഥികളും മറാത്തി ഭാഷയില്‍ മെസ്സേജ് ഇടണമെന്നും ഹിന്ദി ഉപയോഗിക്കരുതെന്നും സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥി ഭീഷണി സ്വരത്തില്‍ വാട്സ് ആപ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്യുകയായിരുന്നു. മറാത്തി പറഞ്ഞില്ലെങ്കിലും മറാത്തി ഭാഷയില്‍ മെസ്സേജ് ഇട്ടില്ലെങ്കിലും രാജ് താക്കറെ ചോദിക്കാന്‍ വരുമെന്നും സുരാജ് പവാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ കോപിഷ്ടനായ ഫൈസാന്‍ എന്ന വിദ്യാര്‍ത്ഥി സുരാജ് പവാറിനെ തല്ലുകയായിരുന്നു. ഫൈസാനൊപ്പം മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും ആക്രമിക്കാന്‍ ഉണ്ടായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ടായിരുന്നു ആക്രമണം. സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ പരിക്കുണ്ട്. ഇയാള്‍ ചികിത്സയിലാണ്.
സംഭവം വിവാദമായതോടെ ഫൈസാനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍. സുരാജ് പവാറിന്റെ എല്ലാവരും മറാത്തി ഭാഷയില്‍ മെസ്സേജ് ഇടണമെന്ന വിവാദ കമന്‍റ് ക്രമേണ വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറാത്തിയില്‍ എല്ലാവരും മെസ്സേജ് ഇടണമെന്നും മറാത്തി ഭാഷയില്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ട സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥിക്ക് തല്ല് കിട്ടിയിട്ടും ഈ ഭാഷാ വിവാദത്തിന് തുടക്കമിട്ട രാജ് താക്കറെയും കൂട്ടരും ചോദ്യം ചെയ്യാന്‍ വന്നില്ലെന്ന് മാത്രമല്ല, ആ വഴിക്ക് പോകാതെ മൗനം പാലിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും മിണ്ടുന്നേയില്ല.
മറാത്തി ഭാഷ സംസാരിക്കണമെന്ന് പറഞ്ഞ സൂരജ് പവാറിനെ തലയ്‌ക്കടിച്ചത് മുസ്ലിം വിദ്യാര്‍ത്ഥിയായതോടെയാണ് രാജ് താക്കറെയ്‌ക്കും സംഘത്തിനും മിണ്ടാട്ടം മുട്ടിയത്. രാജ് താക്കറെയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവായത്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ കുറെ ദിവസമായി മറാത്തി ഭാഷ സംസാരിക്കാത്ത ഹിന്ദു വിഭാഗത്തില്‍ പെട്ട പലരെയും രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തികര്‍ ആക്രമിച്ചിരുന്നു.
മറാത്തി ഭാഷാ വിവാദം
ഹിന്ദി ഭാഷ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്കൂളില്‍ നിര്‍ബന്ധമാക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ് താക്കറെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും രംഗത്തിറങ്ങി. ഇതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. എന്നാല്‍ മഹാരാഷ്‌ട്രയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസ്ഥാനത്തിലെ ജനങ്ങളെ മറാത്തി ഭാഷ പഠിപ്പിക്കുമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെറിയ തോതില്‍ മറാത്തി സംസാരിക്കാത്തവര്‍ക്ക് നേരെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പഴയ കാലത്തേതുപോലെ ഭാഷാ വിവാദത്തെ ഒരു വലിയ കലാപമാക്കി മാറ്റുന്നതില്‍ പക്ഷെ രാജ് താക്കറെ പരാജയപ്പെട്ടിരുന്നു.
















