ചെന്നൈ : ചോള സാമ്രാജ്യത്തിന്റെ ചരിത്രവും പൈതൃകവും ഇന്ത്യയുടെ യഥാർത്ഥ ശക്തിയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ നടന്ന മഹാനായ ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ 1000-ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോള രാജാക്കന്മാർ ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് നയതന്ത്ര, വ്യാപാര ബന്ധങ്ങൾ വികസിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ ചോള രാജാക്കന്മാർ ഇന്ത്യയെ സാംസ്കാരിക തലത്തിൽ ഒന്നിപ്പിച്ചിരുന്നു. ഇന്ന്, നമ്മുടെ സർക്കാർ ചോള കാലഘട്ടത്തിലെ അതേ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. കാശി-തമിഴ് സംഘം, സൗരാഷ്‌ട്ര-തമിഴ് സംഘം തുടങ്ങിയ പരിപാടികളിലൂടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഐക്യത്തിന്റെ നൂലുകൾ നാം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘ മോദി പറഞ്ഞു.
ഒരു തരത്തിൽ പറഞ്ഞാൽ, ഇത് രാജരാജന്റെ ഭക്തിയുടെ നാടാണ് . ഇന്ന് ഇളയരാജ നമ്മളെയെല്ലാം ശിവഭക്തിയിൽ മുഴുകി . എത്ര മനോഹരമായ അന്തരീക്ഷമായിരുന്നു അത്. ഞാൻ കാശിയുടെ എംപിയാണ്, ഓം നമഃ ശിവായ എന്ന് കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചം വരും. ശിവദർശനത്തിന്റെ അത്ഭുതകരമായ ഊർജ്ജം, ശ്രീ ഇളയരാജയുടെ സംഗീതം, മന്ത്രജപം എന്നിവയാൽ ഈ ആത്മീയ അനുഭവം മനസ്സിനെ വികാരഭരിതമാക്കുന്നു.
ചോള സാമ്രാജ്യത്തിന്റെ കാലഘട്ടം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നായിരുന്നുവെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്ന പാരമ്പര്യവും ചോള സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയി. ജനാധിപത്യത്തിന്റെ പേരിലാണ് ചരിത്രകാരന്മാർ ബ്രിട്ടന്റെ മാഗ്ന കാർട്ടയെക്കുറിച്ച് സംസാരിക്കുന്നത്, എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ചോള സാമ്രാജ്യത്തിൽ ജനാധിപത്യ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. മറ്റ് സ്ഥലങ്ങൾ കീഴടക്കിയ ശേഷം സ്വർണ്ണമോ വെള്ളിയോ കന്നുകാലികളോ കൊണ്ടുവന്നിരുന്ന നിരവധി രാജാക്കന്മാരെക്കുറിച്ച് നമ്മൾ കേൾക്കുന്നു, പക്ഷേ രാജേന്ദ്ര ചോളൻ ഗംഗാജലം കൊണ്ടുവന്നു.
രാജ്യത്തിന്റെ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ, നമ്മുടെ ശിവാദിനാമത്തിലെ സന്യാസിമാരാണ് ആ ചരിത്ര സംഭവത്തിന് ആത്മീയമായി നേതൃത്വം നൽകിയത്. തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട സെങ്കോളിനെ പാർലമെന്റിൽ പ്രതിഷ്ഠിച്ചു. ഇന്നും, ആ നിമിഷം ഓർക്കുമ്പോൾ, ഞാൻ അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇതിനിടയിൽ, പ്രധാനമന്ത്രി മോദി ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും പരാമർശിച്ചു. “ഇന്നത്തെ ഇന്ത്യ അതിന്റെ സുരക്ഷയെ പരമപ്രധാനമായി കാണുന്നു. ആരെങ്കിലും ഇന്ത്യയുടെ സുരക്ഷയെയും പരമാധികാരത്തെയും ആക്രമിച്ചാൽ, സ്വന്തം ഭാഷയിൽ അവർക്ക് എങ്ങനെ മറുപടി നൽകണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ലോകം കണ്ടു. ലോകത്തിലെ ഒരു സ്ഥലവും ഇന്ത്യയുടെ ശത്രുക്കൾക്കും തീവ്രവാദികൾക്കും സുരക്ഷിതമല്ലെന്നും നരേന്ദ്രമോദി പറഞ്ഞു .
















