തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് ഇത്.2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. റൂള്‍ കര്‍വ് പ്രകാരം 2379.58 അടി ആയാല്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കും. ഓറഞ്ച് ജാഗ്രത ലെവല്‍ 2378.58 ആണ്. സംസ്ഥാനത്ത് വിവിധ അണക്കെട്ടുകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച ഡാമുകള്‍
ബാണസുര സാഗര്‍ (90.37%)
ഷോളയാര്‍ (98.1%)
പൊന്മുടി (93.3%)
മാട്ടുപെട്ടി (93.4%)
കുട്ട്യാടി ( 98.7%)
പോരിങ്ങല്‍ കൂത്ത് (73.7%)
കല്ലാര്‍കുട്ടി ( 95.2%)
ലോവര്‍ പെരിയാര്‍ (97. 2%)
മൂഴിയാര്‍ (90.3%)
സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
















