മഹാഭാരതത്തിലെ ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ‘രണ്ടാമൂഴം’ എന്ന നോവലിന്റെ ഉള്ളടക്കത്തെ സാഹിത്യപരമായും സാംസ്‌കാരികപരമായും വിമര്‍ശിക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുന്‍ മേധാവി ഡോ. വി. സുജാതയുടെ പുസ്തകം ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ ഏഴിന് ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ തിരുവനന്തപുരത്തെ സംസ്‌കൃതി ഭവനില്‍ നടന്ന ‘രണ്ടാമൂഴം- എംടിയുടെ ധര്‍മവിലോപങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന രണ്ടാമൂഴം നോവലിന്റെ കടംകൊണ്ട ഇതിവൃത്തത്തെയും രചനാരീതിയെയും നിശിത വിമര്‍ശനത്തിന് വിധേയമാക്കുകയുണ്ടായി.
മലയാള സാഹിത്യത്തിന്റെ ഔന്നത്യത്തിനു നേരെയുള്ള ഒരു വെല്ലുവിളി മാത്രമായിരുന്നില്ല എംടിയുടെ രണ്ടാമൂഴമെന്നും, സനാതന ധര്‍മ്മത്തിന്റെ നെഞ്ചത്ത് കുത്തിയിറക്കിയ കഠാരയായിരുന്നു അതെന്നും, ആ കഠാര രണ്ടാമൂഴത്തിന്റെ ഈ വിമര്‍ശകൃതിയിലൂടെ വലിച്ചൂരിയെടുക്കുകയാണ് ഡോ.സുജാത ചെയ്തിട്ടുള്ളതെന്നും സ്വാഗതപ്രസംഗത്തില്‍ എഴുത്തുകാരന്‍ ജെ. സോമശേഖരന്‍ പിള്ള പറഞ്ഞത് ദിശാസൂചകമായിരുന്നു.
ധര്‍മ്മസങ്കല്‍പ്പം അടുത്തറിയണം
വ്യാസന്‍ എന്ന ലോകോത്തര പ്രതിഭയെ അതിപ്രശസ്തനും
ജ്ഞാനപീഠ ജേതാവുമായ ഒരു സാഹിത്യകാരന്‍ സമീപിച്ച രീതിയെ സംബന്ധിക്കുന്ന ദുഃഖകരമായ ചിന്തകളാണ് ഈ കൃതി ഉണര്‍ത്തുന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്റെ അധ്യക്ഷ പ്രസംഗം. ”എം.ടി. വാസുദേവന്‍ നായരെപ്പോലെ ഖ്യാതിയുള്ള ഒരു സാഹിത്യകാരന്‍ പ്രസിദ്ധ മറാഠി എഴുത്തുകാരിയും നരവംശ ശാസ്ത്ര പഠിതാവുമായിരുന്ന ഇരാവതി കാര്‍വെയുടെ ആശയങ്ങളെ അല്‍പ്പസ്വല്‍പ്പം വ്യതിയാനത്തോടെ മോഷ്ടിച്ചുവെന്ന അത്യന്തം ഗുരുതരമായ വസ്തുതകള്‍ തെളിവുസഹിതമാണ് ഡോ. വി. സുജാത ഈ വിമര്‍ശഗ്രന്ഥത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. മൗലികമായ എഴുത്തിന് ലഭിക്കേണ്ടതായ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കാര്‍വെയ്‌ക്കും അവരുടെ ആശയങ്ങള്‍ പകര്‍ത്തിയ ആള്‍ക്കും ലഭിച്ചതിലെ പരിഹാസ്യത ഈ പുസ്തകത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഒരു ഇതിഹാസ പുനര്‍വായനക്കാരന്‍ ഇതിഹാസത്തിന്റെ ഉദ്ദേശ്യമെന്തെന്നും, അതിന്റെ ശരിയായ ഉള്ളടക്കമെന്താണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ”ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണാം
/ഉപദേശ സമന്വിതം/പൂര്‍വ്വ വൃത്തം കഥായുക്തം/ഇതിഹാസം പ്രചക്ഷതേ” എന്നാണ് ഒരു നിര്‍വചനമെന്നും സഞ്ജയന്‍ ചൂണ്ടിക്കാട്ടി. ”ധര്‍മ്മം എന്ന വാക്ക് ഒരു മതത്തെ സൂചിപ്പിക്കുന്നതല്ല. നമുക്ക് മറ്റുള്ളവരോടും ഒരര്‍ത്ഥത്തില്‍ നമ്മോടുമുള്ള കര്‍ത്തവ്യമാണ് ധര്‍മ്മം. ഭാരതീയ സംസ്‌കൃതിയുടെ ആധാരം ധര്‍മ്മസങ്കല്‍പ്പമാണ്. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും, മനുഷ്യനും പ്രപഞ്ചവും തമ്മിലും, മനുഷ്യനും ഈശ്വരനും തമ്മിലുമുള്ള പാരസ്പര്യമാണ് ധര്‍മ്മം. വളരെ സൂക്ഷ്മവും ഗഹനവുമായിട്ടുള്ള ധര്‍മ്മത്തിന്റെ വഴി സാധാരണക്കാര്‍ക്ക് ഗ്രഹിക്കത്തക്കവിധം കഥാപാത്രങ്ങളിലൂടെ മാനവജീവിതത്തിലേക്ക് പകരുന്ന ആവിഷ്‌കാരങ്ങളാണ് ഇതിഹാസങ്ങള്‍. അവ ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തെ സാക്ഷാത്കരിക്കുന്ന ധീരന്മാരാണ് അവയിലെ നായകന്മാര്‍. ധര്‍മ്മത്തിന്റെ മൂര്‍ത്തികളാണ് രാമനും കൃഷ്ണനും യുധിഷ്ഠിരനും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതും, നിരവധി തലമുറകളായി പിന്തുടര്‍ന്ന് പോരുന്നതുമായ ഭാരതത്തിന്റെ സവിശേഷമായ സാംസ്‌കാരിക നിര്‍മിതികളാണ് ഇതിഹാസങ്ങള്‍.”
മഹാഭാരതം എന്ന സര്‍വകലാശാല
മഹാഭാരതം എന്ന മഹാകൃതി ഒരു സര്‍വകലാശാലതന്നെയാണെന്നു പറഞ്ഞ സഞ്ജയന്‍, സാംസ്‌കാരികമായി വലിയൊരു കുറ്റകൃത്യമാണ് എംടിയുടെ കൃതിയെന്നും ചൂണ്ടിക്കാട്ടി. ”അനേകം വിഷയങ്ങള്‍ അനേകം വശങ്ങളിലൂടെ മഹാഭാരതത്തെ സമീപിച്ചുകൊണ്ടു പഠിക്കാം. ജീവിതത്തിന്റെ ദാര്‍ശനിക വികാസപരിണാമങ്ങളുടെ, പൗരാണിക ജ്ഞാന പാരമ്പര്യത്തിന്റെ ഒരു സമാഹാരമാണത്. മഹാഭാരതത്തിലെ ഏറ്റവും സാധാരണക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഉപദേശങ്ങള്‍, ചരിത്രം, കഥ, കല, സാഹിത്യം, സാമൂഹിക ഘടന, സാംസ്‌കാരിക വ്യവസ്ഥ, ഭൂമിശാസ്ത്രം എന്നിവ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാഷ്‌ട്രത്തെ സൃഷ്ടിച്ച ഈ കൃതിയെ പഞ്ചമവേദമായിട്ടാണല്ലോ കരുതിപ്പോരുന്നത്. ഇതിഹാസങ്ങളെ ഉപജീവിച്ചുകൊണ്ടുള്ള അനേകം കലാസാഹിത്യ കൃതികളുണ്ട്. മഹര്‍ഷി അരവിന്ദന്റെ ‘സാവിത്രി’ ലോകപ്രസിദ്ധമാണല്ലോ. ഈയൊരു പശ്ചാത്തലത്തിലാണ് എംടിയുടെ രണ്ടാമൂഴം എന്ന കൃതി സാംസ്‌കാരികമായി വലിയൊരു കുറ്റകൃത്യമാകുന്നത്.”
ഋഷിദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ വേണ്ടത്ര പരിശീലനമോ സൈദ്ധാന്തിക കാഴ്ചപ്പാടുകളോ ഇല്ലാത്ത ഉത്തരാധുനിക എഴുത്തുകാരുടെ അപനിര്‍മാണ ശൈലി ഡോ. സുജാത വിശദമായി ചര്‍ച്ച ചെയ്യുന്നതും സഞ്ജയന്‍ എടുത്തുകാട്ടുകയുണ്ടായി. ഇതിഹാസങ്ങളെ പുനര്‍വായിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ഏത് വിശ്വസാഹിത്യകാരന്‍ വിചാരിച്ചാലും സാധിക്കില്ല. സാധാരണക്കാര്‍ക്ക് മൂലകൃതി വായിക്കാന്‍ അവസരമില്ലെന്നത് ചിന്തിക്കേണ്ട വിഷയമാണെന്നും, ഇതിഹാസമൂല്യങ്ങളെ പരിചയപ്പെടുത്താന്‍ പാഠപുസ്തകങ്ങളില്‍ അവ ഉള്‍പ്പെടുത്തണമായിരുന്നെന്നും സഞ്ജയന്‍ അഭിപ്രായപ്പെട്ടു.
യുധിഷ്ഠിരന്‍, കുന്തി, ഭഗവാന്‍ കൃഷ്ണന്‍ എന്നിവരുടെ മഹത്വത്തെ ഇകഴ്‌ത്തിക്കാട്ടാനുള്ള പരിശ്രമമാണ് രണ്ടാമൂഴത്തിലുടനീളം കാണുന്നതെന്നും, വിചിത്രമായൊരു സാംസ്‌കാരിക ധ്വംസനത്തിന്റെ ചിത്രമാണിതെന്നും സഞ്ജയന്‍ പറയുകയുണ്ടായി.
”മൗലിക കൃതിയെ വിട്ട് മറ്റൊന്നിനെ ഏതാണ്ട് പൂര്‍ണമായി ആശ്രയിക്കുന്ന കുറ്റം മാത്രമല്ല ഇവിടെ കാണുന്നത്. ഒരു ഋഷിയുടെ മഹത്തായ കൃതിയില്‍ ആക്ഷേപപൂര്‍വ്വം കൈകടത്തുന്നത് അഹന്തയാണെന്ന് പറയാതെ വയ്യ. അഹന്തയെ മെരുക്കിയെടുക്കുന്നതാണ് സംസ്‌കാരം. വിനയമാണ് യഥാര്‍ത്ഥ വിദ്യ. വലിയ ദാര്‍ശനിക മാനങ്ങളുള്ളതും ധ്വന്യാത്മകവുമായ ഒരു കൃതിയെ സാമാന്യവത്കരിക്കുന്നത് അംഗീകരിക്കാനാവില്ല. മഹാഭാരതത്തിലെ ഭീമസേനനെയല്ല, തന്റെ നാട്ടിലെ ഏതോ ഭീമന്‍ നായരെയാണ് വാസുദേവന്‍ നായര്‍ ചിത്രീകരിച്ചതെന്ന എം.വി. ദേവന്റെ വാക്കുകളെ സഞ്ജയന്‍ ഉദ്ധരിക്കുകയുണ്ടായി.
ഡോ. സുജാതയുടെ കൃതി സാഹിത്യപഠനമെന്നതിലുപരി വിശദമായ സാംസ്‌കാരിക വിശകലനം നടത്തുന്ന സമഗ്രമായൊരു നിരൂപണ ഗ്രന്ഥമാണെന്നും ആര്‍. സഞ്ജയന്‍ നിരീക്ഷിച്ചു. ചില ദാര്‍ശനിക പ്രശ്നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കുന്തീമാതാവിനെയും ശ്രീകൃഷ്ണനെയും എംടി വികലമായി ചിത്രീകരിച്ചതിനു ബദലായി അവരുടെ യഥാര്‍ത്ഥ മഹത്വം വെളിവാക്കുന്ന രണ്ട് അനുബന്ധങ്ങളും അടങ്ങുന്നതാണ് ഈ പുസ്തകമെന്നും സഞ്ജയന്‍ ചൂണ്ടിക്കാട്ടി.
ഇതിഹാസത്തിലേക്കുള്ള കടന്നുകയറ്റം
ഈ വിമര്‍ശന ഗ്രന്ഥം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ വരേണ്ടതായിരുന്നുവെന്ന നിലപാടാണ് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുന്നോട്ടുവച്ചത്. ”ഡോ. സുജാതയുടെ വിമര്‍ശനത്തില്‍ നിന്നു മനസിലാകുന്നത് ഭാരതീയ സാഹിത്യത്തിലെ മൂലകൃതികള്‍ വായിക്കാതെയാണ് പല പേരുകേട്ട എഴുത്തുകാരും അവയെക്കുറിച്ച് വികലമായ ആവിഷ്‌കാരങ്ങള്‍ നടത്തുന്നത്. ഉപരിപ്ലവമായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അവരുടെ മനസിനെ കീഴടക്കിയതാണ് ഇതിനു കാരണം. വൈദേശിക ശക്തികള്‍ നൂറ്റാണ്ടുകളോളം അടക്കിഭരിച്ചതു മൂലം നമ്മുടെ തനതായ സംസ്‌കാരം ഒരു വിഭാഗം ആളുകളില്‍ അപ്രത്യക്ഷമായിപ്പോയി. അതില്‍പ്പെടുന്ന ചില എഴുത്തുകാരാണ് ഇതിഹാസങ്ങളില്‍ ഇപ്രകാരം കൈകടത്തുന്നത്. നമ്മുടെ ആചാര്യന്മാര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ പാകപ്പെടുത്തിയ മണ്ണില്‍ വിതയ്‌ക്കപ്പെട്ട്, തഴച്ചുവളര്‍ന്നതാണ് ഇവിടത്തെ കമ്യൂണിസം. അതിപ്പോള്‍ ഈ മണ്ണിന്റെ തന്നെ പൈതൃകത്തെയും മൂല്യങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റ് മതങ്ങളുടെ നേര്‍ക്ക് ഇത്തരം നിലപാടെടുത്താല്‍ പ്രശസ്ത എഴുത്തുകാരുടെയൊന്നും കഴുത്തില്‍ തലയുണ്ടാവില്ല.”
വാസ്തവത്തില്‍ എംടി ആശ്രയിച്ചത് വ്യാസന്റെ മഹാഭാരതത്തെയല്ല, പകരം ആത്മീയ മൂല്യങ്ങളെ മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ അപനിര്‍മാണം നടത്തുന്ന, ഉത്തരാധുനിക പദ്ധതിയുടെ ലക്ഷ്യം നൂറുശതമാനവും ഉള്‍ക്കൊണ്ടിരുന്ന കാര്‍വെയുടെ പുസ്തകത്തെയാണെന്ന് മനസിലാക്കാന്‍ ഈ വിമര്‍ശഗ്രന്ഥം ഉപകരിക്കുമെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ”പുരാതന കാലത്ത് സ്തുതിപാഠകരായി സൂതന്മാര്‍ പാടി നടന്ന വീരഗാഥ മാത്രമാണ് മഹാഭാരതം എന്ന മറാഠി എഴുത്തുകാരിയുടെ വാക്കുകള്‍ എംടി അപ്പാടെ പകര്‍ത്തിയത് ഗ്രന്ഥകാരി ആമുഖത്തില്‍ത്തന്നെ എടുത്തുകാട്ടുന്നു. പൗരാണിക കൃതികളിലെ ആത്മീയ സാന്നിദ്ധ്യം മുഴുവന്‍ അടര്‍ത്തിമാറ്റുന്നതിനായി അവ പുനര്‍വായന നടത്തണമെന്ന ദറിദയെപ്പോലുള്ളവരുടെ ഉത്തരാധുനിക ചിന്തയെ പിന്‍പറ്റി വ്യാസന്റെ മഹാകാവ്യത്തിലെ ആത്മീയവും ധാര്‍മ്മികവുമായ ഉള്ളടക്കത്തെ പാടെ നിഷേധിക്കുന്നതാണ് രണ്ടാമൂഴം. ഇതിന്റെ സത്യസന്ധമായ നിരൂപണമാണ് ഗ്രന്ഥകാരി ചെയ്തിട്ടുള്ളത്.”
ഈ നിരൂപണം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ വരേണ്ടതായിരുന്നുവെന്നും, കാര്‍വെയുടെ തെറ്റിദ്ധാരണകളുടെ ആവര്‍ത്തനമാകുന്ന എംടിയുടെ കൃതി തെറ്റുകളുടെ രണ്ടാമൂഴം ആണെന്നുമാണ് സെന്‍കുമാറിന്റെ അഭിപ്രായം. ”ഹൈന്ദവ സംസ്‌കാരത്തോടുള്ള പ്രമുഖ എഴുത്തുകാരുടെ അവമതിപ്പിനു കാരണം ഹിന്ദുസമൂഹത്തിന്റെ രീതി തന്നെയാണ്. ഹൈന്ദവര്‍ ഏതും സ്വീകരിക്കും, അവരെ തിരസ്‌കരിക്കുന്നവരെയും സ്വീകരിക്കും. ചരിത്രം പരിശോധിച്ചാല്‍ മനസിലാകും, ഈ നിലപാടാണ് വിദേശികള്‍ നമ്മുടെ മണ്ണ് പിടിച്ചെടുക്കാനും, സംസ്‌കാരം തകര്‍ക്കാനും കാരണമായത്.”
വലിയ എഴുത്തുകാര്‍ വിമര്‍ശിക്കപ്പെടണം
ഉത്തരാധുനിക എഴുത്തുകാര്‍ പൊതുവെ ഭാരതീയ സംസ്‌കൃതിയെ അവഗണിക്കുന്നവരും വൈദേശിക ആശയങ്ങളെ മുറുകെപ്പിടിക്കുന്നവരുമാണ്. ഭാരതീയ പാരമ്പര്യം നന്നായി അറിയുന്നവരാകട്ടെ വൈദേശിക ആശയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാറുമില്ല. ഇതില്‍നിന്നു വ്യത്യസ്തമായി വൈദേശിക സിദ്ധാന്തങ്ങളെ വ്യക്തമായി ധരിക്കുകയും, അവയെ ഭാരതീയ സംസ്‌കൃതിയുടെ നിലപാടില്‍ നിന്നുകൊണ്ട് വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന എഴുത്തുകാരിയാണ് ഡോ. സുജാത എന്നതാണ് ഈ പുസ്തകം പ്രകാശിപ്പിക്കുന്നതിലുള്ള സന്തോഷത്തിനു കാരണമെന്ന് തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായ വിജയകൃഷ്ണന്‍ പറഞ്ഞു. എത്ര വലിയ എഴുത്തുകാരായാലും വിമര്‍ശനത്തിന് അതീതരല്ല. കൂടുതല്‍ ആരാധകരുള്ളവരെ വിമര്‍ശിക്കാന്‍ പാടില്ലെന്ന ചിന്തയാണ് നമ്മുടെ നാട്ടിലുള്ളത്. ഒരിക്കല്‍ മാതൃഭൂമിയില്‍ എംടിയുടെ ‘മഞ്ഞ്’ എന്ന സിനിമയെക്കുറിച്ച് എഴുതിയിരുന്നത് വിജയകൃഷ്ണന്‍ ഓര്‍മിച്ചു. നോവല്‍ എന്ന നിലയില്‍ മഞ്ഞ് നല്ലതാണെങ്കിലും അതിന്റെ ചലച്ചിത്രാവിഷ്‌കാരം മോശമായിപ്പോയി എന്നു പറഞ്ഞതിന് എംടിയുടെ നീരസം നേരിടേണ്ടിവന്നു. വാസ്തവത്തില്‍ മഞ്ഞ് നിര്‍മല്‍ വര്‍മ്മയുടെ ‘പറവകള്‍’ എന്നതിന്റെ തര്‍ജ്ജമ മാത്രമാണെന്ന് അന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും വിജയകൃഷ്ണന്‍ പറയുകയുണ്ടായി. ”എംടിയുടെ കഥകളിലെ പശ്ചാത്തലവും കഥാപാത്രങ്ങളും പരിശോധിച്ചാല്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്നവരെ തള്ളുന്നതും, അധര്‍മ്മം ചെയ്യുന്നവരെ ന്യായീകരിക്കുന്നതും പല കൃതികളിലും കാണാം. രണ്ടാമൂഴത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നുമാണ് വിജയകൃഷ്ണന്റെ അഭിപ്രായം. എംടിയുടെ ‘നിര്‍മാല്യ’ത്തിലെ അവസാന രംഗം മൗലികമല്ലെന്നും, ടി. ദാമോദരന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങള്‍’ എന്ന നാടകത്തിന്റെ അവസാനം പകര്‍ത്തിയതാണെന്നും വിജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ഞും രണ്ടാമൂഴവും മറ്റു ചിലതും
വിജയകൃഷ്ണന്‍ ഇപ്രകാരം തുടര്‍ന്നു: ”രണ്ടാമൂഴം സിനിമയ്‌ക്കായി രണ്ടുകോടി രൂപയാണ് ഒരാള്‍ മുന്‍കൂറായി എംടിക്ക് നല്‍കാന്‍ തയ്യാറായതത്രേ. വാസ്തവത്തില്‍ ഈ തുക വ്യാസന് അവകാശപ്പെട്ടതാണ്. കാരണം രണ്ടാമൂഴത്തിന്റ കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും വ്യാസന്റേതാണല്ലോ. മഹാഭാരതം ഒരു മഹാസാഗരം തന്നെയാണ്. എത്രയെത്ര കലാകാരന്മാര്‍ അതിലെ തുള്ളികള്‍ പെറുക്കി മഹാകൃതികള്‍ നിര്‍മിച്ചിരിക്കുന്നു. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ഉദാഹരണം. മാന്ത്രികമായ പല സംഭവങ്ങളും മഹാഭാരതത്തിലുണ്ട്. കുന്തിയുടെ ഗര്‍ഭം, കൗരവരുടെ ജനനം മുതലായവ ഉദാഹരണങ്ങളാണ്. ഇപ്പോള്‍ മാജിക്കല്‍ റിയലിസമുള്ള കൃതികള്‍ ഇവരൊക്കെ അംഗീകരിക്കുന്നു. എന്നാല്‍ അതിപുരാതന കാലത്ത് ഭാരതീയ സാഹിത്യത്തില്‍ ഇതുണ്ടായിരുന്നുവെന്നത് ഗൗനിക്കുന്നില്ല. നമ്മുടെ പുരാണേതിഹാസങ്ങളില്‍ കഥകളും മിത്തുകളുമുണ്ട്, അവയില്‍ ഒളിഞ്ഞുകിടക്കുന്ന ധാരാളം സത്യങ്ങളുമുണ്ട്. അവ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. രണ്ടാമൂഴം ബാലിശമായ ഒരു കൃതിയാണ്. മഹത്തായ കഥാരംഗങ്ങളെ വളരെ മോശമായി നിസാരവല്‍ക്കരിച്ചു കളഞ്ഞു. ഇതിനെതിരെ വളരെ മുന്‍പേ തന്നെ നമ്മള്‍ പ്രതികരിക്കേണ്ടതായിരുന്നു. ഇപ്പോള്‍ ഇത് ചെയ്യാന്‍ തയ്യാറായ ഡോ. സുജാത അഭിനന്ദനം അര്‍ഹിക്കുന്നു.”
വിമര്‍ശനത്തിന്റെ ആവശ്യകത
രണ്ടാമൂഴത്തെ വിശകലനം ചെയ്യുന്ന ഈ പുസ്തകത്തിലെ ആശയങ്ങള്‍ ധാരാളമായി ചര്‍ച്ചചെയ്യപ്പെടട്ടെ, പുതിയ ചിന്തകള്‍ക്കും വലിയ മാറ്റങ്ങള്‍ക്കും അവ കാരണമാകട്ടെ, രണ്ടാമൂഴം പോകുന്നിടത്തെല്ലാം ഈ പുസ്തകവും എത്തട്ടെ എന്ന ആശംസയോടെയാണ് പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. പി.ജി. ഹരിദാസ് പ്രഭാഷണം ആരംഭിച്ചത്. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്ന മഹാഭാരതത്തിന്റെ മഹത്വം ആര്‍ക്കും തകര്‍ക്കാനാവുന്നതല്ല. അതിലെ ഊര്‍ജം ശേഖരിച്ച് പല മഹത്തരമായ കൃതികളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ചില എഴുത്തുകാര്‍ അതിനെ എത്രതന്നെ വികലമാക്കാന്‍ ശ്രമിച്ചാലും അതുള്‍ക്കൊള്ളുന്ന സന്ദേശത്തിന്റെ പ്രസക്തി നിലനില്‍ക്കുമെന്നും പ്രൊഫ. ഹരിദാസ് ചൂണ്ടിക്കാട്ടി. ”രണ്ടാമൂഴത്തിലൂടെ മഹാഭാരതത്തെ ഒരു അശ്ലീല സാഹിത്യത്തിന്റെ തലത്തിലേക്ക് താഴ്‌ത്തിക്കെട്ടാന്‍ ഒരുങ്ങിയത് ഹീന പ്രവൃത്തിയായി. അതേസമയം മഹാഭാരതത്തെ കൃത്യമായി പഠിക്കാനും, അതിലെ ഉയര്‍ന്ന അര്‍ത്ഥതലങ്ങളിലേക്ക് പ്രവേശിക്കാനും, നമ്മുടെ സംസ്‌കൃതിയുടെ അനുഭൂതി നുകരാനും ഉതകുന്ന രീതിയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന’ത്തിനു ബദലായി ഒരു ‘മഹാഭാരത പര്യടനം’ അവതരിപ്പിച്ചിട്ടുണ്ട്. ഭഗവദ്ഗീതയും ഉപനിഷത്തും ബ്രഹ്മസൂത്രവും പഠിക്കാതെ മഹാഭാരതത്തെ വിലയിരുത്താന്‍ ശ്രമിക്കരുതെന്നാണ് പ്രൊഫ. വിശ്വംഭരന്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ എപ്രകാരമാണ് ഒരു പുസ്തകം പഠിക്കേണ്ടതെന്നുപോലും സൂചിപ്പിച്ചുകൊണ്ടാണ് ഡോ. സുജാത രണ്ടാമൂഴത്തെ വിമര്‍ശനവിധേയമാക്കുന്നത്. ഇന്ന് പലരും അന്ധമായി വിശ്വസിക്കുന്ന പാശ്ചാത്യ സാഹിത്യതത്ത്വങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ഈ വിമര്‍ശനം അവതരിപ്പിച്ചിട്ടുള്ളത്. ഘടനാവാദം, ഉത്തരഘടനാവാദം, ഉത്തരാധുനികത എന്നിവയുടെ കാലഘട്ടത്തില്‍ സൊസൂര്‍, ദറിദ തുടങ്ങിയവരുടെ ചിന്തകളുടെ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടാണ് ഡോ. സുജാത രണ്ടാമൂഴത്തെ വിശകലനം ചെയ്തിരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കുന്ന കള്‍ച്ചറല്‍ മാര്‍ക്സിസം ഇന്ന് വലിയൊരു വിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ ഭാഗമായ പടിഞ്ഞാറാന്‍ തത്ത്വചിന്തകളെക്കുറിച്ച് ഈ എഴുത്തുകാരി നടത്തിയ സുദീര്‍ഘമായ ഒരു പഠനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. കവിതയാണെങ്കിലും കഥയാണെങ്കിലും തത്ത്വചിന്തയാണെങ്കിലും സംസ്‌കൃതിയെ ഏറ്റവും നല്ല രീതിയില്‍ ഡോ.സുജാത പ്രകാശിപ്പിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രൊഫ. ഹരിദാസ് വാക്കുകള്‍ ഉപസംഹരിച്ചത്.
രണ്ടാമൂഴത്തിലേത് ആരുടെ ഭീമന്‍?
യഥാര്‍ത്ഥത്തില്‍ മഹാഭാരതത്തിലെ ഭീമനെ അപകീര്‍ത്തിപ്പെടുത്തുകയാണ് എംടി ചെയ്തതെന്ന വിലയിരുത്തലാണ് മറുപടി പ്രസംഗത്തില്‍ ഡോ. സുജാത നടത്തിയത്. ”മഹാഭാരതത്തെ ഭീമസേനന്റെ ആത്മഗതമായി ചിത്രീകരിച്ച രണ്ടാമൂഴം ഭീമനെ നായകനാക്കുന്നതാണെന്ന ധാരണ പരത്തിയിട്ടുണ്ടെങ്കിലും വാസ്തവത്തില്‍ ഇതില്‍ ഭീമന് നായകന്റെ പദവി നല്‍കുന്നില്ല. അമാനുഷിക പരാക്രമത്തിന്റെയും ശ്രേഷ്ഠ സംസ്‌കാരത്തിന്റെയും ഉടമയാണ് മഹാഭാരതത്തിലെ ഭീമന്‍. നൂറ് കൗരവന്മാരെയും കൊന്നൊടുക്കിയ അതിശക്തനായ ഭീമന്‍ മുതിര്‍ന്നവരോട് വിനയം കാട്ടുന്നവനുമാണ്. കുന്തിയോടും യുധിഷ്ഠിരനോടും ആദരവ് പ്രകടമാക്കുന്നതില്‍ ഭീമന്റെ സ്ഥാനം തന്റെ മൂന്നു സഹോദരന്മാരുടെയും മുന്നില്‍ തന്നെയാണ്. മാതാവിനോടും സഹോദരന്മാരോടും ദ്രൗപദിയോടുമുള്ള ഭീമന്റെ സ്നേഹം നിസ്സീമമാണ്. ശ്രീകൃഷ്ണനോടുള്ള ഭീമന്റെ സമര്‍പ്പണം മറ്റ് പാണ്ഡവരുടേതിനെക്കാള്‍ ദൃഢമാണ്. ഇതിനുദാഹരണമാണ് അശ്വത്ഥാമാവ് വധിക്കപ്പെട്ടെന്ന തന്ത്രമുപയോഗിച്ച് ദ്രോണരെ കീഴ്പ്പെടുത്തിയ രംഗം. ശകുനിയുടെ കുതന്ത്രം മൂലമുണ്ടായ കുരുക്ഷേത്ര യുദ്ധത്തില്‍ അധര്‍മ്മത്തെ വെല്ലാന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാതെ വന്നപ്പോള്‍ യുദ്ധതന്ത്രത്തിന്റെ ഭാഗമായി ധര്‍മ്മസംസ്ഥാപകനായ ശ്രീകൃഷ്ണന്‍ മുന്നോട്ടുവച്ച ആശയമായിരുന്നുവെന്നും, അതനുസരിക്കുന്നതില്‍ സത്യവ്രതനായ യുധിഷ്ഠിരന്‍ ആദ്യം വിയോജിച്ചപ്പോള്‍ ഭീമന്‍ അവതാരപുരുഷനായ കൃഷ്ണനെ കണ്ണുമടച്ച് അനുസരിക്കുകയാണ് ചെയ്തതെന്നും ഡോ. സുജാത ചൂണ്ടിക്കാട്ടുന്നു. ‘അര്‍ജ്ജുനന്‍ പോലും ഭഗവാനില്‍ ഇപ്രകാരമുള്ള വിശ്വാസം പുലര്‍ത്തിയിരുന്നില്ല. സമര്‍പ്പണബോധം, ആദരവ്, വിനയം, സ്നേഹം എന്നീ ഗുണങ്ങളാല്‍ സമ്പുഷ്ടനായ ഭീമസേനനാണ് രണ്ടാമൂഴത്തില്‍ അനുസരണകെട്ടവനും അത്യാഗ്രഹിയും അസൂയാലുവും അപകര്‍ഷതാബോധത്തിന്നടിമയുമായിത്തീര്‍ന്നത്. എംടിയുടെ ഭീമന് മുതിര്‍ന്നവരോട് സദാ എതിര്‍പ്പാണ്. യുധിഷ്ഠിരനെ പുച്ഛത്തോടെയും വിദ്വേഷപൂര്‍വവും വീക്ഷിക്കുന്നു. അര്‍ജ്ജുനനെയാകട്ടെ തന്റെ എതിരാളിയായും കാണുന്നു. കുന്തിയുടെയും ദ്രൗപദിയുടെയും മേല്‍ കുറ്റമാരോപിക്കുന്നവനുമാണ് രണ്ടാമൂഴ ഭീമന്‍. അവസരം കിട്ടുമ്പോഴൊക്കെ ശ്രീകൃഷ്ണനെ ഇകഴ്‌ത്തിക്കാട്ടാനും എംടി മുതിര്‍ന്നത് ഭീമനിലൂടെയാണ്. രണ്ടാമൂഴത്തില്‍ ഭീമന്‍ വലിയ പൊങ്ങച്ചക്കാരനുമാണ്. അയാള്‍ അസ്ത്രവിദ്യയില്‍ അര്‍ജ്ജുനനെക്കാള്‍ കേമനും ഗദായുദ്ധത്തില്‍ പാണ്ഡവരില്‍വച്ച് അഗ്രഗണ്യനുമാണെന്നു മാത്രമല്ല, എല്ലാത്തരം ആയുധവിദ്യകളിലും മറ്റ് പാണ്ഡവരെക്കാള്‍ നിപുണനുമാണ്! എന്തിന്, ചൂതുകളിയില്‍ പോലും യുധിഷ്ഠിരന്‍ തനിക്ക് പിന്നിലാണെന്ന് കരുതുന്നു’
കാര്‍വെയും എംടിയും കരിവാരിത്തേക്കുന്നു
രണ്ടാമത് ജനിച്ചവന്‍ ചില അവസരങ്ങളില്‍ രണ്ടാമൂഴക്കാരനാകുന്നത് സ്വാഭാവികം മാത്രമാണ്. ഭീമനെ അതിന്റെ പേരില്‍ നായകനാക്കുന്നതിനു പിന്നില്‍ കാര്‍വെയും എംടിയും യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടത്, ഭീമനിലൂടെ ധര്‍മ്മിഷ്ഠരായ കഥാപാത്രങ്ങളെയെല്ലാം കരിവാരിത്തേക്കുകയെന്നതാണെന്ന് ഗ്രന്ഥകാരി കൃത്യമായി ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യാസന്‍ ശ്രേഷ്ഠരായി ചിത്രീകരിച്ചിട്ടുള്ള സ്ത്രീകഥാപാത്രങ്ങളാണ് കുന്തിയും ദ്രൗപദിയും. ഇവരെ അധിക്ഷേപിക്കാനും എംടി വലിയ ഔത്സുക്യം കാട്ടുന്നുണ്ട്. ഭഗവദ്ഗീത മഹാഭാരതത്തിന്റെ ഭാഗമല്ലെന്നും പിന്നീട് ആരോ കൂട്ടിച്ചേര്‍ത്തതാണെന്നും എംടി വാദിക്കുന്നുണ്ട്. എന്നാല്‍ ഇതേ ആള്‍ തന്നെ കൃഷ്ണനെ ആക്ഷേപിക്കാനായി ഗീതയില്‍ കൃഷ്ണന്‍ ഉപദേശിച്ച കാര്യങ്ങളെ ഉദ്ധരിക്കുന്ന വൈരുദ്ധ്യവും കാണുന്നു.
എംടി നടത്തിയത് സാഹിത്യചോരണമാണെന്ന് അടിവരയിട്ട് പറയാന്‍ ഗ്രന്ഥകാരി മടിച്ചില്ല. രണ്ടാമൂഴത്തിലെ തൊണ്ണൂറ്റിയഞ്ച് ശതമാനം ആശയങ്ങളും ഇരാവതി കാര്‍വെയുടെ ‘യുഗാന്ത’യിലേതാണെന്നും, മറ്റൊരു പുസ്തകത്തിന്റെ പകര്‍പ്പെന്ന നിലയിലും, യുഗാന്തയ്‌ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമിയുടെ അതേ പുരസ്‌കാരം രണ്ടാമൂഴത്തിനും ലഭ്യമായി എന്നതിനാലുമാണ് ‘രണ്ടാമൂഴ’ത്തിന് അതിന്റെ പേര് അന്വര്‍ത്ഥമാകുന്നതെന്നുമുള്ള ഗ്രന്ഥകാരിയുടെ വാക്കുകള്‍ ‘രണ്ടാമൂഴം- എംടിയുടെ ധര്‍മ്മവിലോപങ്ങള്‍’ എന്ന പുസ്തകത്തിലൂടെ കൂടുതല്‍ കൂടുതല്‍ മുഴങ്ങികേള്‍ക്കുക തന്നെ ചെയ്യും.
















