പാടറിയേന്‍…പഠിപ്പറിയേന്‍…സിന്ധു ഭൈരവി എന്ന തമിഴ്ചിത്രത്തിലെ പാട്ട്. കെ എസ് ചിത്രയ്‌ക്ക് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടുന്ന പാട്ടാണ്. ഇളയരാജയുടെ ഈ പാട്ട് വലിയ പരീക്ഷണമാണ് എല്ലാ അര്‍ഥത്തിലും നല്‍കിയത്. ഇളയരാജയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് ഈ പാട്ടിനെ വിലയിരുത്തുന്നത്. പ്രമേയം കൊണ്ടും ഗാനം കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും തമ്മില്‍ ഏതാണ് മികച്ചതെന്ന ഡിബേറ്റിന് മികച്ച മറുപടിയാണ് ഈ ഗാനത്തിന്റെ രംഗത്തിലൂടെ നല്‍കാന്‍ സംവിധായകന്‍ കെ ബാലചന്ദര്‍ ശ്രമിക്കുന്നത്. കെ എസ് ചിത്രയെന്ന ഗായികയെ ഇന്ത്യയറിയുന്ന തലത്തിലേയ്‌ക്ക് എത്തിച്ച ഗാനം കൂടിയാണിത്.
വൈരമുത്തുവാണ് തമിഴില്‍ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. നാടന്‍ പാട്ടിന്റെ ഈണത്തില്‍ വളരെ മെല്ലെയാരംഭിക്കുന്ന പാട്ട് പിന്നീട് അടിമുടി കര്‍ണാടക സംഗീതമായാണ് മാറുന്നത്. സാരമതി രാഗത്തിലാണ് ഈ പാട്ട്. മലയാളത്തില്‍ ഈ രാഗത്തില്‍ ഏവര്‍ക്കും സുപരിചിതമായ ചില പാട്ടുകളുണ്ട്. കമലദളത്തിലെ സുമുഹൂര്‍ത്തമായി സ്വസ്തി സ്വസ്തി…, ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി(താണ്ഡവം) അന്ന എന്ന ചിത്രത്തിലെ മോക്ഷ മുഗലത… തുടങ്ങി ഏതാനും പാട്ടുകളാണ് ഈ രാഗത്തിലുള്ളത്. മറി മറി നിന്നെ മുരളിത നീ മനസുത തയ്യാറാധു എന്ന ത്യാഗരാജ കൃതിയുടെ വരികളിലാണ് പാടറിവേന്‍ പഠിപ്പറിവേന്‍ എന്ന ഗാനം അവസാനിക്കുന്നത്. ഞാനെത്ര അഭ്യര്‍ഥിച്ചിട്ടും നിന്റെ മനസിന് ആര്‍ദ്രത വരുന്നില്ലെന്നാണ് ത്യാഗരാജ സ്വാമികളെഴുതിയ ഈ വാക്കുകളുടെ അര്‍ഥം തന്നെ….
ഈ പാട്ടു പാടാന്‍ ഇളയരാജയുടെ ക്ഷണം കിട്ടുമ്പോള്‍ ചിത്രയുടെ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടക്കുകയാണ്. പാട്ടുപാടാന്‍ പോയാല്‍ പരീക്ഷയെഴുതാനാവില്ല. പരീക്ഷ വേണോ പാട്ടുവേണോ എന്ന ആശയക്കുഴപ്പത്തിലായി ചിത്ര. പരീക്ഷയൊക്കെ ഇനിയും എഴുതാനാകും. പക്ഷേ, അതിലും എത്രയോ വലിയ നേട്ടമാണ് ഈ പാട്ടിലൂടെ കിട്ടാന്‍ പോകുന്നതെന്നാണ് ഇളയരാജ ചിത്രയെ ഉപദേശിച്ചത്. ഇളയരാജയുടെ വാക്കുകള്‍ ശിരസാ വഹിക്കുകയായിരുന്നു ചിത്ര. ആ ദീര്‍ഘവീക്ഷണം കൃത്യമായിരുന്നുവെന്ന് അധികം വൈകാതെ തന്നെ തെളിയിച്ചു. ദേശീയ അവാര്‍ഡിന്റെ രൂപത്തിലാണ് ചിത്രയെ തേടിയെത്തിയത്. ഇന്ത്യ മുഴുവന്‍ ചിത്രയെന്ന ഗായികയെ അറിഞ്ഞുവെന്ന് മാത്രമല്ല വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പാട്ടിനെക്കുറിച്ച് എഴുത്തും പറച്ചിലും തുടരുകയാണ്. അത് തന്നെയാണ് ഈ പാട്ടിന്റെ ജീവനും.
1985 ലാണ് സിന്ധുഭൈരവി റിലീസാകുന്നത്. കെ ബാലചന്ദര്‍ ആണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ശിവകുമാര്‍, സുഹാസിനി, സുലക്ഷണ എന്നിവരാണ് ചിത്രത്തിലഭിനയിച്ചത്. കര്‍ണാടക ഗായകനായ ജെ കെ ബാലഗണപതി, ഭാര്യ ഭൈരവി, കാമുകി സിന്ധു എന്നീ മൂന്നു പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ പോകുന്നത്. മികച്ച നടി(സുഹാസിനി), മികച്ച സംഗീത സംവിധായകന്‍( ഇളയരാജ), മികച്ച പിന്നണി ഗായിക(കെ എസ് ചിത്ര) എന്നിങ്ങനെ മൂന്ന് ദേശീയ അവാര്‍ഡുകളാണ് ചിത്രം വാരിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: