തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍ പാലോട് രവി രാജി വെച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് രാജി.
രാജി സ്വീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയും ജലീലുമായുളള ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് പാലോട് രവിയും ജലീലും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമതാകും എന്നുമാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പറഞ്ഞത്. കുറെ പ്രവര്‍ത്തകര്‍ ബിജെപിയിലേക്കും മുസ്ലിം വിഭാഗം സിപിഎമ്മിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ സംഭാഷണം പുറത്തായതോടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് സംഭാഷണം നടത്തിയതെന്ന് പാലോട് രവി ന്യായീകരിച്ചിരുന്നു.
എന്നാല്‍ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
















