തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണം. കേരളം പ്രതിമാസ ഇന്‍സെന്റീവ് 7,000 കൊടുക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്ര 10,000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആശമാര്‍ക്ക് നല്‍കുന്ന പ്രതിമാസ ഇന്‍സെന്റീവ് രണ്ടായിരം രൂപയില്‍ നിന്ന് 3500 രൂപയാക്കി ഉയര്‍ത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്‌സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നാളുകളായി തുടരുന്ന ആശ വര്‍ക്കര്‍മാരുടെ സമരം സംസ്ഥാന വിഹിതം വര്‍ധിപ്പിക്കണം എന്ന ആവശ്യത്തിന്മേല്‍ ആണ്.
നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവര്‍ക്കന്മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ആശാ വര്‍ക്കന്മാരുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ് എന്നത് കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. ആശാവര്‍ക്കര്‍മാരെ ആരോഗ്യമേഖലയിലെ മുന്‍നിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നത്.
ഓരോ പദ്ധതിയുടെയും മുന്‍ഗണനയും ആവശ്യവും പരിഗണിച്ച് ആശാവര്‍ക്കന്മാരുടെ ഇന്‍സന്റീവില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിലേയ്‌ക്കായി സാങ്കേതികമായും സാമ്പത്തികമായും സഹായം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും പ്രധാന്‍മാന്ത്രി സുരക്ഷാ ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി. അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും അംഗവൈകല്യം വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി. പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ധന്‍ പദ്ധതി പ്രകാരം പ്രതിമാസം 3000/ രൂപയുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ആശാവര്‍ക്കര്‍ന്മാര്‍ക്കും ആശ്രിതര്‍ക്കുമായി പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഇനിയെങ്കിലും ഈ വിഷയത്തില്‍ രാഷ്‌ട്രീയം കളിക്കാതെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
















