ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിൽ, അനധികൃതമായി കുടിയേറിയ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടി ആരംഭിച്ച് പോലീസ് . ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ജില്ലാ ഭരണകൂടം നടപടിയെടുക്കുകയും 400 ഓളം ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന 200-ലധികം ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഗുരുഗ്രാമിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, 10 പേർ ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്ടർ 10, സെക്ടർ 40, ബാദ്ഷാപൂർ, മനേസർ എന്നിവിടങ്ങളിൽ നാല് തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ സംശയിക്കപ്പെടുന്നവരെ താൽക്കാലികമായി പാർപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പിആർഒ സന്ദീപ് കുമാർ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഗുരുഗ്രാമിൽ താമസിക്കുന്ന ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരാണിതെന്നും സന്ദീപ് കുമാർ പറഞ്ഞു.
“രേഖ പരിശോധന ഭയന്ന്, നിരവധി അനധികൃത കുടിയേറ്റക്കാർ ഒളിവിൽ പോയിട്ടുണ്ട്. സാധുവായ രേഖകളില്ലാതെ അവർ ഗ്രാമപ്രദേശങ്ങളിലേക്കോ മറ്റ് നഗരങ്ങളിലേക്കോ മാറുകയാണ്. അവരിൽ ഭൂരിഭാഗവും മുമ്പ് ചേരികളിലും താൽക്കാലിക വാസസ്ഥലങ്ങളിലുമാണ് താമസിച്ചിരുന്നത്,” പോലീസ് പറഞ്ഞു.10 ബംഗ്ലാദേശി പൗരന്മാരെ അതിർത്തി സുരക്ഷാ സേനയ്‌ക്ക് (ബിഎസ്എഫ്) കൈമാറി, അവർ 10 പേരെയും ബംഗ്ലാദേശിലേക്ക് മടങ്ങിഅയക്കും . പിടിയിലായ ഈ അനധികൃത കുടിയേറ്റക്കാരെ എല്ലാം നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു .
















