കൊച്ചി: 166-ാമത് ആദായനികുതി ദിനം ആഘോഷിച്ച് ആദായനികുതി വകുപ്പ്. കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി. ചടങ്ങിൽ ആദായനികുതി വകുപ്പ് കേരളയുടെ വെബ്സൈറ്റ് മോഹൻലാൽ പ്രകാശനം ചെയ്‌തു. ആദായനികുതി വകുപ്പിന്റെ ഡിജിറ്റൽ പരിവർത്തനം സംബന്ധിച്ച ബ്രോഷറും ചടങ്ങിൽ പ്രസിദ്ധീകരിച്ചു.
ലോകത്തിലെ ഏറ്റവും ചലനാത്മകവും ശക്തവുമായ നികുതി നിർവ്വഹണ ഏജൻസികളിൽ ഒന്നായി ഇന്ത്യയിലെ ആദായനികുതി വകുപ്പിനെ മോഹൻലാൽ പ്രശംസിച്ചു. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം സ്വയം അപ്‌ഡേറ്റ് ചെയ്യുന്നതിനും രാഷ്‌ട്രനിർമ്മാണത്തിനായുള്ള ആദായ നികുതി വകുപ്പിന്റെ അചഞ്ചലമായ സേവനത്തെയും മോഹൻലാൽ എടുത്തുപറഞ്ഞു.
കേരള, ലക്ഷദ്വീപ് പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്‌സ് കമ്മിഷണർ എം. അനിൽകുമാർ, ഡയറക്‌ടർ ജനറൽ (ഇൻവെസ്റ്റിഗേഷൻ) പി. ശെൽവഗണേഷ് എന്നിവർ പങ്കെടുത്തു. വകുപ്പിന്റെ സാങ്കേതിക പരിഷ്കാരങ്ങളും പൊതു മേഖലക്ക് മുൻഗണന നൽകിയ സമീപനവും ശെൽവഗണേഷ് വിശദീകരിച്ചു. സിബിഡിടി ചെയർമാന്റെ സന്ദേശം ഉൾക്കൊള്ളുന്ന “ദി ചെയർമാൻ സ്പീക്സ്” എന്ന സംവാദ് സെഷന്റെ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
1860 ലെ നിയമത്തിലെ അന്യായമായ വ്യവസ്ഥകളിൽ നിന്നാണ് ആദായനികുതി നിയമം 2025 ലെ ആധുനിക ആദായനികുതി നിയമത്തിലേക്ക് പരിണമിച്ചതെന്ന് ഐ.ആർ.എസ്. എം. അനിൽ കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ചൂഷണത്തിൽ നിന്ന് ശാക്തീകരണത്തിലേക്കും അനീതിയിൽ നിന്ന് തുല്യതയിലേക്കുമുള്ള പരിവർത്തനമാണ് ഈ യാത്രയിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിലെ ചൂഷണ ഉപകരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, സമകാലിക നികുതി സമത്വം, നീതി, സുതാര്യത എന്നിവയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ ഏറെ നിര്‍ണായക ദിനമാണ് എല്ലാക്കൊല്ലവും ജൂലൈ 24ന് നാം ആഘോഷിക്കുന്ന ആദായനികുതി ദിനം. രാജ്യത്ത് സര്‍ ജെയിംസ് വില്‍സണ്‍ 1860ല്‍ ആദ്യമായി ആദായനികുതി കൊണ്ടു വന്ന ദിവസത്തിന്റെ ഓര്‍മ്മ പുതുക്കാനാണ് ഈ ദിനം ആദായനികുതി ദിനമായി നാം ആചരിച്ച് പോരുന്നത്. പരിപാടിക്ക് ശേഷം കേരളത്തിലെ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ നടന്നു.
















