കണ്ണൂര്‍: വ്യക്തമായ ആസൂത്രണത്തോടെയാണ് ചാര്‍ലി തോമസ് (ഗോവിന്ദചാമി)ജയില്‍ ചാടിയതെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ.സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും ആരെയും ഇപ്പോള്‍ കുറ്റപ്പെടുത്താനില്ലെന്നും ജയില്‍ മേധാവി പറഞ്ഞു. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാന്‍ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. പൊലീസിനെ അറിയിക്കാന്‍ വൈകി. എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
ഗോവിന്ദചാമിയുടെ ജയില്‍ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയുമാണ് അടിയന്തിരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലില്‍ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയത്.
















