സാമൂഹ്യപരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാന്‍ പണ്ഡിതന്മാര്‍ ഒരുമിച്ച് ചേരുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നൈമിഷാരണ്യത്തിലെ ചിന്തന്‍സഭ ഏറെ പ്രസിദ്ധമാണ്. ഈ പൈതൃകം ഭാരതത്തിന്റെ വ്യത്യസ്ത പരിവര്‍ത്തന കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. യവന അധിനിവേശ സമയത്ത് ചാണക്യന്റെ ശ്രമഫലമായി മധ്യകാല വൈദേശിക ആക്രമണകാലത്ത് ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ മഹാപു
രുഷന്മാരുടെ നേതൃത്വത്തിലും നാടിന്റെ ഭാവിയെക്കുറിച്ചും അതിനുള്ള മാര്‍ഗത്തെക്കുറിച്ചും ചിന്തിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാം പ്രത്യേകത ആദ്ധ്യാത്മിക പുരുഷന്‍മാരോ ഗുരുശ്രേഷ്ഠന്മാരോ ആണ് ഇത്തരം സഭകള്‍ക്ക് നേതൃത്വം നല്കിയത് എന്നതാണ്.
ഭാരതം എല്ലാ രംഗത്തും ലോകത്തിന് മാതൃകയാകാനുള്ള തയാറെടുപ്പിലാണ്. കേന്ദ്രസര്‍ക്കാര്‍ അവരുടെ വീക്ഷണ പദ്ധതി പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഭക്ഷ്യ, മരുന്നുത്പാദന രംഗത്തും എല്ലാമിന്ന് ഈ കുതിപ്പ് കാണാന്‍ സാധിക്കും. അത് പൂര്‍ണതയിലെത്തണമെങ്കില്‍ എല്ലാ രംഗത്തും ഭാരതത്തെ നായിക്കാന്‍ സാധിക്കുന്ന മനുഷ്യ വിഭവത്തെ സൃഷ്ടിക്കാന്‍ കഴിയണം. ആ പ്രക്രിയയാണ് വിദ്യാഭ്യാസം.
ഈവിദ്യാഭ്യാസപരിവര്‍ത്തനം ഏതെങ്കിലും സര്‍ക്കാരോ സംഘടനയോ മാത്രം ചെയ്യേണ്ടതല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ഇതിനാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് 27 ന് ജ്ഞാനസഭ എന്ന വിദ്യാഭ്യാസ സമ്മേളനത്തിന് ശങ്കരന്റെ ഭൂമിയായ കേരളം വേദിയാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദേശീയ വിദ്യാഭ്യാസം പ്രഖ്യാപിച്ചതിനുശേഷം വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് വിലയിരുത്താനും അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആദിശങ്കരനിലയത്തില്‍ നടക്കുന്ന ത്രിതല ചിന്തന്‍ ബൈഠക്കില്‍ ഒത്തുചേരും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ ആദിശങ്കരാചാര്യരുടെ മണ്ണില്‍ നടക്കുന്ന ചിന്തന്‍ ബൈഠക്കിനെ ശ്രദ്ധേയമായ ചരിത്രമാക്കുകയാണ്. ശങ്കരാചാര്യ സ്വാമികളുടെ ജീവിതവും സന്ദേശവും ഉള്‍ക്കൊണ്ടാണ് ഓരോ പ്രവര്‍ത്തകരും ഇവിടെ വരുന്നത്. ആ പ്രേരണയാലാണ് ഈ ചിന്തന്‍ ബൈഠക് ആദിശങ്കര നിലയത്തില്‍ നടത്തുന്നതും. ഭാരതത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ച് ചിന്തിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അന്ന് ഭാരതം നേരിട്ട വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഭാരതത്തിന്റെ ഏകാത്മകതയും അഖണ്ഡതയും ആദര്‍ശ ദൃഢതയും സ്ഥാപിച്ചുകൊടുത്ത രീതി ആധുനിക കാലഘട്ടത്തിലും ഏവര്‍ക്കും പ്രചോദനമാകണം.
ഈ ചിന്തയില്‍ കേരളത്തിലും ഭാരതത്തിലും നടപ്പാക്കുന്നതിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജില്‍ 27,28 തീയതികളില്‍ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ശക്തിയും വിജ്ഞാനരംഗത്തെ പാരമ്പര്യവും കേരളത്തിന്റെ വിദ്യാഭ്യാസ രംഗവും വികസനരംഗവും അഭിമുഖീകരിക്കുന്ന വെല്ലുവിളിയും എങ്ങനെ പരിഹരിക്കാം എന്നതാണ് ചര്‍ച്ച. 28ന് ദേശീയതലത്തില്‍ ഭാരതീയ ചിന്തയുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ആചാര്യന്മാരും സാമൂഹ്യസേവ എന്ന പേരില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും വിവിധ രംഗത്ത് നൂതന ആശയങ്ങള്‍ രൂപീകരിക്കും. സംസ്ഥാന കേന്ദ്ര സര്‍വകലാശാല മേധാവികള്‍, ശാസ്ത്രഗവേഷണ സാങ്കേതിക രംഗത്തുള്ള ഡയറക്ടര്‍മാര്‍ തുടങ്ങി മുന്നൂറോളം പ്രഗത്ഭര്‍ വിദ്യാഭ്യാസ പരിവര്‍ത്തനത്തെക്കുറിച്ച് പൊതു ചര്‍ച്ച നടത്തും. അടുത്ത അഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ രൂപരേഖ പ്രഖ്യാപിക്കും. ജീവിത മൂല്യങ്ങള്‍, ഭാരതീയ ജ്ഞാന പൈതൃകം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ നിര്‍മാണം, ഭാരതീയ ഭാഷകളുടെ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുമാണ് ചര്‍ച്ചകളില്‍ പ്രാമുഖ്യം ഉണ്ടാവുക. സര്‍സംഘചാലകിന്റെ മാര്‍ഗദര്‍ശനവും, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സാന്നിധ്യവും കേരളത്തിന്റെ രാഷ്‌ട്രീയ പരിതസ്ഥിതിയില്‍ നൂറുകണക്കിന് വൈസ്ചാന്‍സലര്‍മാരുടെ സമ്മേളനവും വിദ്യാഭ്യാസ രംഗത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ ശുഭസൂചനകൂടിയാണ്
(ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)














