അങ്ങിനെ, പിറ്റേന്ന് ശത്രുഘ്നനോടൊപ്പം, രാജമാതാക്കൾ, ഋഷിമാർ, മന്ത്രിമാർ, പൗരന്മാർ, എന്നിവരുമൊത്ത് ഭരതൻ ഒരു വലിയൊരു സംഘത്തെ നയിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ആനകളുടെയും കുതിരകളുടെയും സൈന്യം പെരുമ്പറയുടെ താളത്തിൽ രാമന്റെ നാമം ആലപിച്ച് അടിവെച്ച് നീങ്ങി. ഗംഗയുടെ തീരത്തെത്തുമ്പോൾ, നിഷാദഗോത്രത്തിന്റെ മേധാവി ഗുഹൻ, അടുത്തുവരുന്ന സേനയെ കണ്ട്. രാമനെതിരെ ആക്രമണമുണ്ടാകുമോ എന്ന് ഭയന്ന്, ഒരു യുദ്ധത്തിന് തയ്യാറെടുത്തു. പക്ഷേ ആദ്യം ഭരതനെ കണ്ട് സംസാരിക്കാമെന്ന് തീരുമാനിച്ചു. വനവാസിയുടെ വേഷത്തിൽ സഹോദരനെക്കുറിച്ച് ദുഖിതനായി വരുന്ന ഭരതനെ കണ്ട് ഗുഹന്റെ ഭയം മാറി. ഭരതന്റെ ഒരേയോരാഗ്രഹം രാമനെ കണ്ട് രാജ്യം തിരിച്ചേൽപ്പിക്കുക എന്നതു മാത്രമായിരുന്നു.
ഗുഹൻ ഭരതന്റെ ഭ്രാതൃഭക്തികണ്ട് ആദരവോടെ രാമ-സീതാ-ലക്ഷ്മണന്മാരെ താൻ നദി കടത്തി വിട്ടതിനെക്കുറിച്ച് വിവരിച്ചു പറഞ്ഞു. ഭരതൻ അതെല്ലാം ആകാംക്ഷയോടെ കേട്ട്, രാമൻ കിടന്നുറങ്ങിയ പച്ചില ശയ്യയും വിശ്രമസ്ഥലവും കണ്ട് കണ്ണീർ പൊഴിച്ചു. “രാമനെ സേവിക്കുന്നതിനേക്കാൾ കൂടുതലായി ജീവിതത്തിൽ മറ്റൊരു സന്തോഷവുമില്ല.” ഭാരതൻ പറഞ്ഞു. ഗുഹന്റെ സഹായത്തോടെ, ഭരതനും സംഘവും നൂറുകണക്കിന് തോണികളിൽ ഗംഗ മുറിച്ചുകടന്നു, ഗുഹൻ സ്വയം ഭരത ശത്രുഘ്നന്മാരും വസിഷ്ഠനും കയറിയ തോണി തുഴഞ്ഞു.
കൂടുതൽ വനത്തിലൂടെ യാത്ര ചെയ്ത്, അവർ ഋഷി ഭരദ്വാജന്റെ ആശ്രമത്തിൽ എത്തി. ഋഷി, ഭരതനെ ഒരു സന്യാസിയുടെ വസ്ത്രത്തിൽ കണ്ട്, സൗമ്യമായി അതിന്റെ കാരണം ചോദിച്ചു. തന്റെ ദൗത്യം രാമനെ അയോദ്ധ്യയുടെ സിംഹാസനത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണെന്നും തന്റെ അമ്മയുടെ പ്രവൃത്തികളിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും ഭരതൻ വിനയപൂർവം വിശദീകരിച്ചു. ഭരതന്റെ ആത്മാർത്ഥതയിൽ സന്തുഷ്ടനായ ഋഷി, അവരെ സൽക്കരിച്ച് സ്വീകരിച്ചു. മുനി കാമധേനുവിനെ മന്ത്രശക്തിയാൽ വിളിച്ച് കൊണ്ടുവന്ന് അവർക്ക് ഒരു സ്വർഗ്ഗീയഭക്ഷണം തന്നെ ഒരുക്കി. ആ രാത്രി, പരിക്ഷീണരായ യാത്രക്കാർ ഭരദ്വാജന്റെ ആശീർവാദങ്ങളാൽ സാന്ത്വനിക്കപ്പെട്ട് ആശ്രമത്തിൽ വിശ്രമിച്ചു.
വെളുപ്പിന്, അവർ ഋഷിമാരുടെ സഹായത്തോടെ യാത്ര തുടർന്നു. പെട്ടെന്ന് അവർ സുന്ദരമായ ചിത്രകൂടപർവ്വതത്തിൽ എത്തി. അവിടെ പ്രകൃതി തന്നെ രാമന്റെ സാന്നിദ്ധ്യം ആഘോഷിക്കുന്നതായി അവർക്ക് തോന്നി. പക്ഷികൾ സന്തോഷത്തോടെ പാടി, മൃഗങ്ങൾ പരസ്പരം ഐക്യത്തോടെ കഴിയുന്നു. മുഴുവൻ വനവും പ്രശാന്തസുന്ദരമായിരിക്കുന്നു. ഭരതൻ രാമന്റെ പർണ്ണാശ്രമം കണ്ടയുടനെ വിനയത്തോടെ നിലത്ത് വീണു നമസ്കരിച്ചു. രാമപാദങ്ങൾ പതിഞ്ഞ മൺപൊടി തന്റെ നെറ്റിയിൽ പുരട്ടി ഭരതൻ നമ്രശിരസ്കനായി കുടിലിലേക്ക് പ്രവേശിച്ചു.
ഭാരതരാഘവ സംവാദം
കുടിലിനുള്ളിൽ രാമൻ, പ്രഭാത സൂര്യനെപ്പോലെ പ്രകാശിച്ചു നിന്നു. സീതയും ലക്ഷ്മണനും രാമന്റെ കൂടെത്തന്നെയുണ്ടായിരുന്നു. രാമന്റെ പ്രശാന്തമായ മുഖത്തിന് ചുറ്റും ജടപിടിച്ച മുടിയാൽ വലയം ചെയ്യപ്പെട്ടിരുന്നു. ഭരതനും ശത്രുഘ്നനും രാമന്റെ കാൽക്കൽ വീണു നമസ്കരിച്ചു. രാമൻ, തത്തുല്യമായ സ്നേഹത്തോടെ അവരെ ചേർത്തുപിടിച്ചു. കൗസല്യ മാതാവ്, തന്റെ ദുഃഖം നിയന്ത്രിക്കാൻ കഴിയാതെ, രാമനെ മാറിൽ ചേർത്തുപിടിച്ചു. അമ്മയുടെ കണ്ണീർ മാതൃസ്നേഹവുമായി കലർന്നു.
പക്ഷേ, ആനന്ദത്തിന്റെയാ നിമിഷം ഗുരു വസിഷ്ഠന്റെ വാക്കുകളാൽ പെട്ടെന്ന് തന്നെ കൂടുതൽ ദുഖപൂരിതമായി “രാമാ, അങ്ങയുടെ പിതാവ് ഈ ലോകം വിട്ടുപോയി. നിന്റെ പേര് അവസാനശ്വാസത്തിൽപ്പോലും വിളിച്ചുകൊണ്ടാണു രാജാവ് ദേഹമുപേക്ഷിച്ചത്.” രാമൻ തകർന്നുപോയി. കഠിനമായ ദുഃഖം രാമനെയും, ലക്ഷ്മണനെയും സീതയേയും വലയം ചെയ്തു. രാമൻ തന്റെ പിതാവിന്റെ മരണസമയത്ത് തനിക്ക് അവിടെയുണ്ടാവാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദിച്ചു, പക്ഷേ ഗുരുവിന്റെ വാക്കുകൾ രാമനെ ആശ്വസിപ്പിച്ചു. സഹോദരങ്ങൾ നാലുപേരും കൂടി വനത്തിൽ അവരുടെ ചുറ്റുപാടും ഉണ്ടായിരുന്ന ചുരുക്കം വസ്തുക്കൾ ഉപയോഗിച്ച് പിതാവിന്റെ അന്ത്യകർമ്മങ്ങൾ ഉചിതമായി ശ്രദ്ധാഭക്തിപുരസരം നിർവഹിച്ചു.
മൗനം കെട്ടി നിന്നിരുന്ന പിറ്റേന്ന് പുലർകാലത്ത്, ഭരതൻ രാമനെ സമീപിച്ചു. ജ്യേഷ്ഠന്റെ കാലുകളിൽ വീണ്, അവൻ അപേക്ഷിച്ചു, “തിരിച്ചുവരൂ, ജ്യേഷ്ഠാ, രാജകിരീടം അങ്ങുതന്നെ സ്വീകരിക്കൂ. അയോദ്ധ്യയെ ഭരിക്കുകയും ഞങ്ങളെയെല്ലാം നയിക്കുകയും ചെയ്യൂ.” പക്ഷേ രാമൻ, തന്റെ പ്രതിജ്ഞയിൽ ഉറച്ചുനിന്ന് അചഞ്ചലനായി, മറുപടി പറഞ്ഞു, “നമ്മുടെ അച്ഛന്റെ ഉത്തരവ് ഞാൻ പതിനാല് വർഷം വനത്തിൽ താമസിക്കണമെന്നാണ്. പിതാവിന്റെ വാക്ക് എനിക്കെങ്ങിനെ നീഷേധിക്കുവാനാകും? നീ എനിക്ക് പകരരം രാജ്യം ഭരിക്കണം, അത് അച്ഛന്റെ ആഗ്രഹമായിരുന്നു.”
ഭരതൻ രാമന്റെ വാക്കുകൾ സ്വീകരിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു. അധാർമ്മികമായി ദശരഥനെടുത്ത തീരുമാനത്തെ വിമർശിച്ചു പറയുകയും ചെയ്തു. പക്ഷേ രാമൻ പിതാവിന്റെ മാന്യതയും സത്യവാനെന്ന നാമവും സംരക്ഷിക്കാൻ ഉറച്ചു നിന്നു. സഹോദരനോടുള്ള സ്നേഹവും തന്റെ കർത്തവ്യബോധവും മൂലം ഭരതൻ അവസാനം രാമന്റെ വാക്കുകൾ ചെവിക്കൊള്ളാമെന്ന് സമ്മതിച്ചു. വസിഷ്ഠന്റെ ഉപദേശത്തിനനുസരിച്ച്, രാമന്റെ പ്രതിനിധിയായി മാത്രം രാജ്യംഭരിക്കാൻ ഭരതൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ഏറെ വിനയത്തോടെ, ഭാരതൻ രാമന്റെ പാദുകങ്ങൾ അധികാരത്തിന്റെ പ്രതീകമായി ചോദിച്ചുവാങ്ങി. രാമൻ ഭരതന് തന്റെ മെതിയടികൾ നൽകവേ ഭരതൻ അവയെ ഹൃദയത്തോട് ചേർത്ത് പിടിച്ച്, രാമന്റെ എളിയദാസനായിമാത്രം അയോദ്ധ്യയെ ഭരിച്ചുകൊള്ളാമെന്ന് പറഞ്ഞ് അതികഠിനമായ ഒരു പ്രതിജ്ഞ ചെയ്തു.“ പതിന്നാല് വർഷം കഴിയുന്ന ദിവസം അങ്ങ് തിരിച്ചുവന്നില്ലെങ്കിൽ, ഞാൻ തീയിൽ ചാടി എന്റെ ജീവനുപേക്ഷിക്കും.” ഭരതൻ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചു.
ഭാരിച്ച ഹൃദയങ്ങളോടെ, സംഘം രാമനോട് വിടപറഞ്ഞ് അയോദ്ധ്യയിലേക്കുള്ള യാത്ര ആരംഭിച്ചു. ഭരതൻ രാജകീയമായ എല്ലാ ആഡംബരങ്ങളും നിരസിച്ച്, നഗരത്തിന് പുറത്ത് നന്ദിഗ്രാമത്തിൽ തന്റെ രാജസഭ സ്ഥാപിച്ച് രാമന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വച്ചു രാമന്റെ പ്രതിനിധിയായി രാജ്യഭരണം നടത്തി. ഒരു സന്യാസിയുടെ ജീവിതം നയിച്ച്, അയോദ്ധ്യയെ ധർമ്മത്തിന്റെ, നീതിയുടെ മാർഗ്ഗത്തിൽ ഭരിച്ച് ഐശ്വര്യപൂർണ്ണമാക്കി, തന്റെ സഹോദരന്റെ തിരിച്ചുവരവിനായി കാത്തിരുന്നു.
രാമസീതാലക്ഷ്മണൻമാർ, ചിത്രകൂടവനത്തിൽ അവരുടെ സാന്നിദ്ധ്യം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ഓർത്ത്, ദണ്ഡകവനത്തിന്റെ ഉൾക്കാട്ടിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചു. വഴിയിൽ അവർ അത്രിമുനിയെയും ഭാര്യ അനസൂയയെയും സന്ദർശിച്ചു. സീത, ഋഷിമാതാവിൽ നിന്ന് ജ്ഞാനഭരിതമായ ഉപദേശവുങ്ങളും സ്നേഹപൂർവ്വം നല്കിയ ദാനങ്ങളും സ്വീകരിച്ചു. അവർ മൂവരും ആ രാത്രി അത്ര്യാശ്രമത്തിൽ വിശ്രമിച്ചു.
















